
പുതിയ പുതിയ ജനകീയ പദ്ധതികൾ അവിഷ്കരിച്ച് നടപ്പിലാക്കുവാൻ നമുക്ക് ശ്രമിക്കാം. കേരള നാട് വളരട്ടെ… വിജയിക്കട്ടെ.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. എൻ്റെ പഞ്ചായത്ത് കാണക്കാരിയാണ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ഞാനും പങ്കെടുത്തു. മുതിർന്ന അംഗത്തിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന ചിത്രമാണ് കൂടെ ചേർത്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് സണ്ണി ചേട്ടൻ (സണ്ണി തെക്കേടം) പഞ്ചായത്ത് അംഗമായപ്പോഴാണ് ഇതിന് മുമ്പ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് ജോണി ചേട്ടൻ (ജോണി ചാത്തൻചിറ) പഞ്ചായത്ത് പ്രസിഡൻ്റായിരുന്നപ്പോൾ ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ ജില്ല, സംസ്ഥാന തലങ്ങളിൽ റിസോഴ്സ്പേഴ്സണായി പ്രവർത്തിച്ചു. അന്ന് പഞ്ചായത്ത് മുഴുവൻ ഒന്നിച്ച് നടന്ന് പ്രാദേശിക രാഷ്ട്രീയവും ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങളും എന്നെ പഠിപ്പിച്ച കോൺഗ്രസ് പാർട്ടിയിലെ ചന്ദ്രൻ ചേട്ടനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജയപ്രകാശ് ചേട്ടനെയും ഓർത്തു.

പഞ്ചായത്ത് അംഗം അത്ര മോശം പദവിയൊന്നുമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ, സ്വന്തം നാട്ടിൽ മത്സരിച്ചാൽ പരാജയപ്പെടുമോ എന്ന് ഉള്ളിൽ ഭയവും മടിയുമുള്ളവരാണ് നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കുമൊക്കെ മത്സരിക്കുന്നതെന്ന് പൊതുവെ പറയാറുണ്ട്. അതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നുമില്ല. എന്തൊക്കെ പറഞ്ഞാലും സ്വന്തം നാട്ടിൽ മത്സരിച്ച് ജയിക്കുകയെന്നതിനപ്പുറം പൊതുപ്രവർത്തകന് മറ്റൊരു കിരീടമില്ല. 30ഉം 35ഉം വർഷങ്ങൾ തുടർച്ചയായി ജനപ്രതിനിധിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തുടരുന്നവരെ ഞാൻ ആരാധനയോടെയാണ് കാണാറുള്ളത്.

ഇത്തവണ ചുമതലയേൽക്കുന്ന ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തം കൂടുതലാണ്. അടുത്ത അഞ്ച് വർഷങ്ങളിൽ നടക്കുന്ന തലമുറമാറ്റത്തിന് നേതൃത്വം കൊടുക്കേണ്ടവരാണിവർ. കഴിഞ്ഞ കാലങ്ങളിൽ അനുവർത്തിച്ച് പോരുന്ന പൊതുശീലങ്ങൾ മാറ്റി പിടിക്കണം. ജെൻസി മെമ്പറാകണം. അതിന് പുതിയ ചിന്തകളും കാഴ്ചപ്പാടുകളും പദ്ധതികളും വേണം. ഇത്തരത്തിൽ പുതുപുത്തൻ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ ചില ജനപ്രതിനിധികൾ എൻ്റെ സഹായം തേടിയിട്ടുണ്ട്. അവരിൽ കമ്മ്യൂണിസ്റ്റുകാരും ബി ജെ പിക്കാരും കോൺഗ്രസുകാരുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ല.

വടക്കൻ കേരളത്തിലെ ഒരു ജില്ല പഞ്ചായത്ത് അംഗം കഴിഞ്ഞ ദിവസം സൂമിൽ സംസാരിച്ചു. ചെറുപ്പമായതിനാൽ വ്യക്തമായ ധാരണയും പഠിക്കാനുള്ള മനസുമുണ്ട്. വിദ്യാഭ്യാസവുമായും ഭിന്നശേഷി വികസവുമായും പ്രാദേശിക – തൊഴിൽ മേഖലകളുമായും ബന്ധപ്പെട്ട് ഒന്നേകാൽ മണിക്കൂർ നടത്തിയ ചർച്ച മികച്ചതായിരുന്നു. ഇന്നലെ എൻ്റെ കോളേജ് പഠന കാലത്തെ സുഹൃത്തും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ നിയുക്ത മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനു ജോർജ്ജുമായി നേരിട്ട് സംസാരിച്ചു.

പ്രാദേശികമായ പദ്ധതികളാണ് പിന്നീട് ദേശീയ തലത്തിലേയ്ക്ക് വളരുന്നത്. കാനത്തിൽ ജമീലയും അനിൽ അക്കരയും ജോസ്മോൻ മുണ്ടയ്ക്കലും ഡോ. സിന്ധുമോൾ ജേക്കബും ഡോ. പി പി ബാലനും പ്രമോദ് നാരായണനുമൊക്കെ (ഇനിയും ധാരാളം ഉദാഹരണങ്ങളുണ്ട്) അവിഷ്കരിച്ച് ഫലപ്രദമായി നടപ്പിലാക്കിയ പഞ്ചായത്ത് തല പദ്ധതികളും അവർ പുലർത്തിയ കാഴ്ചപ്പാടുകളും മികച്ചമാതൃകകളാണ്. വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിൽ നടപ്പിലാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി മികച്ച പദ്ധതിയായിരുന്നു.
പുതിയ പുതിയ ജനകീയ പദ്ധതികൾ അവിഷ്കരിച്ച് നടപ്പിലാക്കുവാൻ നമുക്ക് ശ്രമിക്കാം. എല്ലാവർക്കും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. കേരള നാട് വളരട്ടെ… വിജയിക്കട്ടെ…

(ജലീഷ് പീറ്റർ)
CAREER GUIDANCE EXPERT
POLITICAL & BRANDING STRATEGIST @9447123075
