
ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഊർജ്ജിതമായി ആരംഭിച്ചിരിക്കുന്നു. ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ക്കു പുറേമേ സുമനസ്സുകളുടെ സഹായം കൂടെ വിനയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് സ്ഥലം ലൈഫ് മിഷനു നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്‍റര്‍നാഷണല്‍ ആറു ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ലൈഫ് മിഷന്റെ ഭാഗമായി, 2018ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തുടക്കമായി. കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 2000 വീടുകള്‍ നിര്‍മിക്കാനാണ് നാം തീരുമാനിച്ചിരുന്നത്. സമയബന്ധിതമായിത്തന്നെ പ്രഖ്യാപിച്ച മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി, ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചു. ഭൂരഹിത – ഭവനരഹിതര്‍ക്കായുള്ള ഫ്ളാറ്റുകളുടെ നിര്‍മാണമാണ് പുതിയ ഘട്ടത്തിലുള്ളത്. ഇതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്.
കോവിഡ് 19ന്‍റെ ആശങ്കകള്‍ക്ക് ഇടയിലും ലൈഫ് മിഷന്‍റെ പ്രവർത്തനങ്ങളുമായി നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ടു പോവുകയാണ്. മുഖ്യ മന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
