ഭക്ഷ്യശാലകളില്‍ മിന്നല്‍ പരിശോധന, കണ്ടെത്തിയത് ഗുരുതര നിയമലംഘനം; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു, 1470 കടകള്‍ക്ക് നോട്ടീസ്

Share News

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യശാലകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്.

ഓരോ ദിവസവും നടത്തുന്ന പരിശോധനകള്‍ കൂടാതെ സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ രാത്രി 10.30 വരെയാണ് പരിശോധനകളുടെ മെഗാ ഡ്രൈവ് നടത്തിയത്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും ഉള്‍പ്പെടെ ആകെ 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 385 ഷവര്‍മ പരിശോധനകള്‍ നടത്തി. ജില്ലാതലത്തിലും മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയാണ് പരിശോധനകള്‍ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

Share News