മദ്യമൊഴുക്കൽ:മഹാദുരന്തമാകും|സർക്കാർ നീങ്ങുന്നത് ബാറുടമകളുടെ വഴിയേ

Share News

ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ് അധികം നല്കി പുലർച്ചേ 3 വരെ ബാർ പ്രവർത്തിപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അങ്ങനെ ഇടതു സർക്കാർ മദ്യ മുതലാളിമാരുടെതാത്പര്യത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന സർക്കാരായി മാറി.

“നാളത്തെ കേരളം ലഹരി മുക്ത നവകേരളം” എന്ന പ്രതീക്ഷാ നിർഭരമായ സ്വപ്ന മുദ്രാവാക്യം നൽകിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത് .എന്നാൽ ഇന്ന് “ലഹരി വിമുക്ത നവകേരളം ലഹരിയാസക്ത കേരള “മായി മാറിക്കഴിഞ്ഞു. മദ്യത്തിന്റെ ലഭ്യത കുറക്കുകയും മദ്യ വരുടെ എണ്ണം കുറച്ചു കൊണ്ട് വരികയും ചെയ്യേണ്ട സർക്കാർ ജനത്തെ നിരന്തരം മദ്യവത്കരിച്ചു മദ്യാസക്തരാക്കുന്നു. ജനത്തെ ഏത് വിധേനയും കുടിപ്പിച്ചു കിടത്തി അവൻ്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് സർക്കാരിന്റെ ചിന്ത.ഒപ്പം പാർട്ടിയുടെ ഖജനാവും നിറയ്ക്കാം. ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം പ്രത്യുപകാരമായി നല്കേണ്ടിവരുമെന്ന ബാർ മുതലാളിയുടെ വാട്ട്സാപ് മെസേജും കേട്ടു. ശരിയാണോ എന്നറിയില്ല. ആളുകൾ കുടിച്ചു മരിച്ചാലും
കുടുംബങ്ങൾ തകർന്നാലും സമൂഹം നശിച്ചാലും നാടുമുടിഞ്ഞാലും വേണ്ടില്ല പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.

മദ്യവർജനം എന്ന ലക്ഷ്യവുമായി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ 10 വർഷം പിന്നിടുമ്പോൾ മദ്യനയത്തിൽ വരുത്തിയ കാതലായ മാറ്റങ്ങൾ പൂർണ്ണമായും മദ്യനയത്തിൽ നിന്നുള്ള വ്യതിയാനങ്ങളായിരുന്നു.ഏറ്റവും ഒടുവിൽ ബാർ സമയം ദീർഘിപ്പിക്കാനുള്ള തീരുമാനം ഈ മാറ്റത്തിന് വേഗം വർദ്ധിപ്പിക്കുന്നു.
വർഷങ്ങളായി സർക്കാർ സ്വീകരിച്ച നിലപാടുകൾ പരിശോധിച്ചാൽ മദ്യലഭ്യത വർദ്ധിപ്പിക്കുന്ന, അബ്കാരികൾക്ക് വേണ്ടിയുള്ള നയങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്.കുടുംബ ശൈഥില്യം, കുടുംബങ്ങളിലെ സാമ്പത്തിക ഭദ്രത, മന:സമാധാനം, ആരോഗ്യപ്രശ്നങ്ങൾ ,സ്ത്രീസുരക്ഷ, റോഡപകടങ്ങൾ, ക്രിമിനൽ കേസുകളുടെ വർധന എല്ലാം ബാർ സമയം ദീർഘിപ്പിക്കുന്നതിലൂടെ ആശങ്കാജനകമായി മാറും. ഈ നീക്കം ദൂരവ്യാപകമായ സാമൂഹികാഘാതങ്ങൾ സൃഷ്ടിക്കും.

‘അട്ടിമറിക്കപ്പെട്ട മദ്യനയം:

ഒൻപതര വർഷം മുമ്പ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 29 ബാറുകൾ എങ്കിൽ ഇപ്പോൾ 884 ആയി. ബീവറേജ് ഷോപ്പുകൾ 309 എന്നത് 336 ആയി. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 19,561 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ 5, 500 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ.

ഇടതു സർക്കാർ അധികാരത്തിൽ വന്ന് നാളുകൾക്കുള്ളിൽ ത്രീസ്റ്റാർ ഉൾപ്പെടെയുള്ള മുഴുവൻ മദ്യശാലകളും തുറന്നു കൊടുത്തു. 2 സ്റ്റാറുകൾക്കെല്ലാം ബിയർ – വൈൻ പാർലറുകൾ അനുവദിച്ചു നല്കി. ദൂരപരിധനിയമം 200 ൽ നിന്ന് 50 ആക്കി കുറച്ചു.ഒരു പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്ത് രാജ് – നഗര പാലിക ബില്ലിലെ 232, 447 വകുപ്പുകൾ റദ്ദാക്കി.അബ്കാരി ഷോപ്പുകൾ തുടങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധനയാണ് ഇതു വഴി എടുത്തു കളഞ്ഞത്. പ്രതിഷേധമുയർന്നാൽ തദ്ദേശസ്ഥാപനങ്ങൾ ഷോപ്പുകൾക്ക് അനുമതി നിഷേധിക്കുന്ന രീതിയായിരുന്നു പണ്ട്. ഇതിനെതിരെ സുപ്രീംകോടതി വരെ പോയി അനുകൂല ഉത്തരവ് സർക്കാർ വാങ്ങി. അബ്കാരി കൾക്കായി കേരള പഞ്ചായത്ത് ആക്ട് ഭേദഗതി ചെയ്തു. 10 ശതമാനം ബീവറേജ് ഔട്ട്ലറ്റുകൾ പൂട്ടികൊണ്ടിരുന്ന ത്
നിർത്തലാക്കി. ബെവ്കോയുടെയും കൺസ്യൂമർ ഫെഡിൻ്റെയും സൂപ്പർ മാർക്കറ്റുകൾ തുറന്നു. മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷിക്കുന്നവർക്കെല്ലാം ബാർ നൽകാൻ സർക്കാർ തീരുമാനിച്ചു. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകൾക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ഡ്രൈ ഡെകളിലും മദ്യം വിളമ്പാൻ അനുമതി നല്കി. ഐ .ടി .പാർക്കുക ളിൽ മദ്യ ലഭ്യമാക്കി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കള്ള് ചെത്തി വിൽക്കാൻ അനുമതി നല്കി. ഇങ്ങനെ മദ്യനയം നിരന്തരം അട്ടിമറിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

തുടർന്ന് ഇങ്ങോട്ട് ബ്രൂവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാനുള്ള നീക്കം ,ദേശീയ- സംസ്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്യാനുള്ള നീക്കം, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യകടകൾ തുടങ്ങാനുള്ള നീക്കം,എന്നിങ്ങനെ എല്ലാം നീക്കങ്ങളും സർക്കാറിൻ്റെ മദ്യനയവഞ്ചന വെളിവാക്കുന്നതാണ്. സർക്കാർ റവന്യൂ മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ഒരു മുഴുക്കുടിയന്മാരുടെ നാടാക്കി മാറ്റുകയാണ്.

നുണകളും വിചിത്രവാദങ്ങളും:

ഇടതു സർക്കാരിന്റെ മദ്യവർജനം നയം ശുദ്ധ തട്ടിപ്പാണ് .മദ്യവർജനത്തിലൂടെ മദ്യലഭ്യത കുറച്ചു കൊണ്ടുവരുമെന്നനയം ജനങ്ങളെ വിഡ്ഢികളാക്കാനും അവരുടെ കണ്ണിൽ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ജന മന:സാക്ഷി മദ്യത്തിനെതിരാണെന്ന് കണ്ടുകൊണ്ട് അപ്രകാരം പരസ്യവും നയവും പ്രഖ്യാപിച്ചു; “കേരളത്തെ മദ്യ വിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് മുന്നണി.മദ്യപരെ ബോധവൽക്കരിക്കാൻ സമഗ്ര പദ്ധതികളുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക “. കെ.പി.എ.സി. ലളിത പരസ്യത്തിലൂടെ പറഞ്ഞ നുണയാണിത്. “എൽഡിഎഫ് സർക്കാർ വന്നാൽ മദ്യവർജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാൻ കർശനമായ നടപടികൾ എടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും. ” ഇന്നസെൻ്റിനെ കൊണ്ട് പറയിച്ച നുണയാണിത്. “മദ്യം കേരളത്തിൽ ഗുരുതരമായ സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിൻ്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക”. കൊടിയ ജനവഞ്ചനയായിരുന്നു ഈ പ്രഖ്യാപിത നയം .

ഒന്നാം പിണറായി സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് കാലത്ത് ,ഇടത് നേതാക്കളും നുണകൾ ആവർത്തിച്ചു; യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കുമോ എന്ന ചോദ്യത്തിന് അന്ന് സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി പറഞ്ഞു; “ഒരിക്കലും തുറക്കില്ല” .
അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു; ” മദ്യത്തിൻ്റെ ലഭ്യത ഇന്നുള്ളതിനേക്കാൾ കുറച്ചു കൊണ്ടുവരുന്ന , മദ്യവർജനത്തിൽ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്നത്. എന്ന് ലഭ്യമാകുന്ന മദ്യത്തിൽ ഒരു തുള്ളി പോലും അധികം ലഭ്യമാകാത്ത വിധത്തിൽ, അതിനെക്കാൾ കുറക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക”. പറച്ചിലിനും നയത്തിനും എതിരായ അട്ടിമറി സമീപനമാണ് പിന്നീട് കണ്ടത്.

മദ്യവർജനം എന്ന അഴകൊഴമ്പൻ നിലപാട്:

മദ്യ നിരോധനമോ മദ്യവർജനമോ എന്ന് ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവർജനം എന്നാണ്. മദ്യവർജനവും മദ്യനിരോധനവും രണ്ട് പ്രക്രിയകളാണ്.

മദ്യവർജനംഎന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തിൽ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടായി മാറുന്നത്. വ്യക്തികൾ മദ്യം വർജിക്കാൻ വേണ്ടി ജനങ്ങൾ എന്തിന് ഒരു മുന്നണിയെ അധികാരത്തിൽ കൊണ്ടു വരണം.
മദ്യം വർജിക്കേണ്ടത് അത് കഴിക്കുന്ന ആളുകളാണ് എന്നും എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

മദ്യനിരോധനമല്ല , മദ്യവർജനമാണ് കേരളത്തിന് നല്ലതെന്ന വാദം കാലഹരണപ്പെട്ട ആശയമാണ്. ലോകത്തിലെ എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പറഞ്ഞു പരാജയപ്പെട്ടതാണ് മദ്യവർജനം. മദ്യ മുതലാളിമാരും ഈ വാദക്കാരാണ്. മദ്യപാനാസക്തി ഒരു രോഗമാണ്. അത് ഉപദേശിച്ച് മാറ്റാൻ കഴിയില്ല.

മദ്യനിരോധനത്തിലേക്ക് ഘട്ടം ഘട്ടമായി നടന്നടുക്കുന്ന നയമാണ് സർക്കാർ ആവിഷ്ക്കരിക്കേണ്ടത്.മദ്യത്തിൻ്റെ ഉൽപാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിർമ്മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താനുമുള്ള അധികാരവും കടമയും ഉത്തരവാദിത്വവുമുള്ളത് സർക്കാരിന് മാത്രമാണ് .ഇക്കാര്യത്തിലുള്ള നിലപാടാണ് സർക്കാർ നയമായി പുറത്തു വരേണ്ടത്.

അതിനുപകരം മദ്യവർജനത്തിലൂടെ മദ്യലഭ്യത കുറച്ചുകൊണ്ടു വരും എന്ന് ആവർത്തിക്കുന്ന ത് വിചിത്രവാദമാണ്.’ മദ്യത്തിൻ്റെ ദോഷവശങ്ങൾ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇവ ബോധ്യപ്പെടുന്ന ജനങ്ങൾ മദ്യം വർജ്ജിക്കുമെന്നും മദ്യം ജനങ്ങൾ വർജിക്കുന്നതോടെ മദ്യപിക്കുന്നവർ ഇല്ലാതാവുകയും അങ്ങനെ മദ്യം വാങ്ങാൻ ആളില്ലാതെ മദ്യശാലകൾ പൂട്ടിപ്പോവുകയും അങ്ങനെ മദ്യനിരോധനം നടപ്പിലാകുകയും ചെയ്യും..ഇതാണ് സർക്കാരിൻ്റെ അഴകൊഴമ്പൻ മദ്യവർജന നിലപാട്.

ഈ രാജ്യത്ത് മദ്യം നിയന്ത്രിക്കാനും നിരോധിക്കാനും സർക്കാരുകൾക്കു മാത്രമേ സാധിക്കൂ. പ്രഖ്യാപിക്കപ്പെടുന്ന മദ്യനയങ്ങൾ രാജ്യത്തെ ഘട്ടം ഘട്ടമായി ലഹരിമുക്തമാക്കാൻ പര്യാപ്തമാക്കണം. മദ്യലഭ്യത കുറച്ചുകൊണ്ടു മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാൻ കഴിയു.” കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള പ്രേരണ നൽകുന്നതെന്ന് “രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറഞ്ഞു വച്ചിട്ടുണ്ട് .ജനങ്ങൾ മദ്യം വർജിച്ചാൽ മതി ,ഫലപ്രദമായ മദ്യ നിയന്ത്രണവും നിരോധനവും അപ്രായോഗിമാണ് എന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുക എന്നത് മദ്യ മുതലാളിമാരുടെ താല്പര്യമാണ്. ആ താല്പര്യമാണ് സർക്കാർ ഇപ്പോൾ സംരക്ഷിക്കുന്നത്.

വിനോദ സഞ്ചാര മേഖലയും സഞ്ചാരികളും:

വിനോദസഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മദ്യനയം എന്നാണ് എക്സൈസ് മന്ത്രി പറയുന്നത്.2018- 19ലെ മദ്യനയത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി ബാർ സമയത്തിൽ കൈവച്ചത്. 14 വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവർത്തി സമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടി. മറ്റ് സ്ഥലങ്ങളിൽ ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു.അതിനുശേഷം ബാറുകൾ ഇളവ് നൽകിയതെല്ലാം വിനോദ സഞ്ചാര മേഖലയെ കൂട്ടുപിടിച്ചയിരുന്നു. 2015 ജനുവരിയിൽ നിലവിലുണ്ടായിരുന്ന 14 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി അനുവദിച്ചു കൊണ്ടാണ് മദ്യനയത്തിൽ വെള്ളം ചേർത്തത്. ഇതേത്തുടർന്നാണ് ബാറുകളുടെ പ്രവർത്തന സമയത്തിൽ ഏറ്റക്കുറച്ചിലുണ്ടായത്. ഇത് പരിഹരിക്കാൻ എന്ന മറവിലാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ട് മണിക്കൂർ നീട്ടിയത്. ടൂറിസം കേന്ദ്രങ്ങളിൽ നേരത്തെ അനുവദിച്ച സമയം മറ്റുള്ളവർക്ക് കൂടി ബാധകമാക്കി നല്കി.. അതാണ് ബാർ സമയം നീട്ടിയതല്ല, ഏകീകരിച്ചതാണെന്ന വിചിത്ര ന്യായം എക്സൈസ് മന്ത്രി ഉന്നയിച്ചത്.

സർക്കാരിൻ്റെ
ചൂഷണോപാധികൾ :

സർക്കാർ നിലനിൽക്കുന്നത് ജനങ്ങളുടെ ബലഹീനതയെ ചൂഷണം ചെയ്താണ് . മദ്യവും ലോട്ടറിയും പെറ്റികേസുകളും ആണ് സർക്കാരിന്റെ വരുമാന മാർഗ്ഗങ്ങൾ. മദ്യം കൊണ്ട് ഒരു നന്മയും സമൂഹത്തിൽ സംജാതമായിട്ടില്ല. ലോട്ടറി അടിച്ച് ആരും രക്ഷപ്പെട്ടിട്ടുമില്ല. ഇത് രണ്ടും ചികിത്സ ആവശ്യമുള്ള ആസക്തികളാണ്. പെറ്റികേസുകൾ അധികവും സർക്കാർ വിൽക്കുന്ന മദ്യം കഴിച്ച് പുറത്തിറങ്ങുമ്പോൾ വരുത്തിവയ്ക്കുന്ന വയാണ്.

സർക്കാർ ചെയ്യേണ്ടത് :

മദ്യ ലഭ്യത വർദ്ധിപ്പിച്ച ശേഷം മദ്യാസക്തിയുള്ള വ്യക്തിയെ ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സർക്കാർ തിരുത്തണം. ജനത്തെ കുടിപ്പിച്ചു കിടത്തി ഭരണം നടത്തരുത്. കേരളത്തിൽ മദ്യ മൂലമുണ്ടാകുന്ന ദുരിതങ്ങളും ക്രൂരതകളും കുറ്റകൃത്യങ്ങളും സർക്കാർ കണ്ണു തുറന്നു കാണണം അതിനായി ഒരു സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. മദ്യത്തിൽ നിന്നുള്ള വരുമാനത്തേക്കാൻ കൂടുതൽ തുക മദ്യം മൂലമുണ്ടാകുന്ന വിനകൾക്കായി ചെലവാകുന്നുണ്ട്.

മദ്യശാലയ്ക്കു മുന്നിൽ ക്യു നിൽക്കുന്നവർ മദ്യാസക്തി രോഗികളാണ്. അവരെ ചികിത്സിക്കുകയാണ് വേണ്ടത്. തകർന്ന മനുഷ്യരെ, കുടുംബങ്ങളെ മോചിപ്പിക്കാനുള്ളനടപടികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത് .ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുകയും വളർത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്നതാണ്. മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്ന് ബോധ്യമുള്ള സർക്കാർ ഒരിക്കലും മദ്യ ലഭ്യതയും ഉപഭോഗവും വർദ്ധിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ തുനിയരുത്. “ലഹരിമുക്ത നവകേരളം”എന്ന സർക്കാർ നയത്തിൻ്റെ ലക്ഷ്യപ്രാപ്തിക്ക് മദ്യവിൽപന – നിയന്ത്രണ- നിരോധന നടപടികളാണവശ്യം . മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിൻ്റെ സാമൂഹിക- സാംസ്കാരിക – സാമ്പത്തിക- ആരോഗ്യ- മാനസിക പ്രശ്നങ്ങളെ കുറിച്ച് സർക്കാർ പഠനം നടത്തി പരിഹാരം കണ്ടെത്തണം. മനുഷ്യൻ്റെ ആരോഗ്യം, കർമ്മശേഷി , ബന്ധങ്ങൾ കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ വിനാശകരമാക്കുന്ന മദ്യപാനാസക്തി കുറച്ചുകൊണ്ടുവന്ന് , ജനത്തെ ഈ സാമൂഹിക തിന്മയിൽ നിന്ന് രക്ഷിക്കാനായുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. അല്ലാതെ കൂടുതൽ മദ്യശാല തുറന്ന്, സൗകര്യങ്ങൾ വർദ്ധിപ്പിച്ച്, മനുഷ്യനെ സർവ്വനാശത്തിലേക്ക് തള്ളിവിടാനുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യരുത്. ഭാവിപ്രതീക്ഷകളിൽ കഴിനിഴൽ വീഴ്ത്തരുത്. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലരുത്.

അഡ്വ ചാർളി പോൾ

(സംസ്ഥാന ജനറൽ സെക്രട്ടറി, കേരള മദ്യ വിരുദ്ധ ഏകോപന സമിതി)

( കേരള സർക്കാരിൻ്റെ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ലേഖകൻ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവും ആയിരുന്നു. 8075789768 )

Share News