
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ ചെലവു പരിധി ഒന്നര ഇരട്ടിയോളം ഉയർത്തി
തിരുവനന്തപുരം: ഇക്കുറി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു പണം വാരിക്കോരി ചെലവഴിക്കാം. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവു പരിധി ഒന്നര ഇരട്ടിയോളം ഉയർത്തി.
ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്നവർക്ക് ഇക്കുറി 25,000 രൂപ വരെ ചെലവഴിക്കാം. നേരത്തെയിത് 10,000 രൂപയായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചെലവു പരിധി 75,000 രൂപയാക്കി. നിലവിൽ 30,000 രൂപയായിരുന്നു.
ജില്ലാ പഞ്ചായത്ത് കോർപറേഷൻ ഡിവിഷനുകളിൽ ഒന്നര ലക്ഷം രൂപ വരെയാകാം. 60,000 രൂപയായിരുന്നു. തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം സമർപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ആവശ്യപ്പെട്ടു.
കൂടുതൽ പേരും ചെലവു സംബന്ധിച്ച കണക്കുകൾ നൽകാത്ത സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പിനു മത്സരിക്കുന്നവർ കെട്ടിവയ്ക്കേണ്ട തുക: ഗ്രാമപഞ്ചായത്ത്- 1,000, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി- 2,000, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ- 3,000.