
കോവിഡ് വ്യാപനം ശക്തം:മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
മുംബൈ:മഹാരാഷ്ട്രയില്‍ ദിനംപ്രതി കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ തീരുമാനങ്ങളുമെടുക്കാന്‍. പ്രതിസന്ധിക്ക് അവസാനമായിട്ടില്ല.
പരിശോധനയിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കൂടാതെ ഇളവുകള്‍ നല്‍കിയപ്പോള്‍ ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതും വൈറസ് വ്യാപനത്തിന് കാരണമായി. മണ്‍സൂണ്‍ കാലത്ത് മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, തക്കറെ പറഞ്ഞു.
‘മിഷന്‍ ബിഗിന്‍ എഗെയ്ന്‍’ എന്ന പേരില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സമ്ബത്ത് വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിനായി ചില ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസും രംഗത്തെത്തി. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്‍പ്പെടെ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. രാത്രി യാത്രയ്ക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 1,64,626 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,429 പേര്‍ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി. നിലവില്‍ 70,622 പേര്‍ ചികിത്സയിലാണ്.