
നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.
എനിക്കിയാളെ ഇഷ്ടമല്ലായിരുന്നു.
അടുത്തുവന്നാൽ എത്രയും വേഗം അകന്നു മാറണമെന്നോ അകറ്റി കളയണമെന്നോ തോന്നിയ ഒരാളായിരുന്നു ലൂയി പാപ്പൻ.
ഒട്ടും വിശുദ്ധനല്ലാത്തഒരു കവി.
കവിതയെഴുതുന്നവരിൽ മാത്രമുള്ള സ്ഥായിയായ ഒരധികാരഭാവത്തോടെ കടന്നു വന്നു പോക്കറ്റിലുള്ളതത്രയും അവകാശത്താലോ അധികാരത്താലോ ദയാവായ്പാലോ വാരിക്കൊണ്ടു പോകുന്ന മനുഷ്യൻ അയ്യപ്പന്റെ മറ്റൊരു അവതാരമെന്നാണു കരുതിയത്. പക്ഷേ അയാൾക്ക് അയാളുടെ കവിത പോലെ വേദനിപ്പിക്കുന്ന ഒരു പഴയ കാലമുണ്ടെന്നറിഞ്ഞപ്പോൾ ഒരേ സമയം അയാളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ശീർഷകങ്ങൾ ഞാൻ തേടിപ്പിടിച്ചു പോയി.
ആദ്യ കവിതയ്ക്കുശേഷം ഇരുപതു വർഷത്തെ മൗനം.നീണ്ട ആ ഇടവേളയ്ക്കു ശേഷം അയാൾ കവിതയുടെ ഇടത്തിലേക്കു തന്നെ തിരികെ വന്നത് എഴുത്തിന്റെ ആ നരകലോകം അയാൾക്ക് അത്രമേൽ പിരിയാനാവാത്തതു കൊണ്ടായിരിക്കില്ലേ?
അക്കാലമത്രയും മൗനാക്ഷരങ്ങൾ കൊണ്ട് അയാൾ ഒരുപാടു കവിതകൾ നിർമ്മിച്ചു കാണില്ലേ?
നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.

ലോക്ഡൗൺ കാലത്തിനു മുൻപൊരു നാളിൽ കനകക്കുന്നിലെ ഒരു മരച്ചുവട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോഴാണു പുസ്തകങ്ങൾ കുത്തിനിറച്ച തോൾസഞ്ചിയുടെ ഭാരം താങ്ങാനാവാത്ത ക്ഷീണിച്ച ചുമലുകളുമായി ഒരു പുസ്തക വില്പനക്കാരൻ അതു വഴി വന്നത്. ലൂയിസ് പീറ്ററായിരുന്നുഅത്.
മുഷിഞ്ഞ വെള്ളമുണ്ട്..
വിയർപ്പുനാറ്റമുള്ള കുപ്പായം.
നരപിടിച്ച താടിയും തലയും.
അവിടെ ഇരുന്ന കമിതാക്കൾക്കിടയിലൂടെ അയാൾ സഞ്ചരിച്ചു. തന്റെ കൈയിലിരിക്കുന്ന പുസ്തകങ്ങള്‍ അവിടെയിരിക്കുന്ന പ്രണയിനികളിലാരെങ്കിലും ആർത്തിയോടെ വാങ്ങിയേക്കുമെന്ന ആത്മവിശ്വാസമൊന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. പ്രതീക്ഷയും
. എന്നിട്ടും അയാൾ ചിരിച്ചുകൊണ്ട് അവർക്കു നേരേ പുസ്തകങ്ങൾ നീട്ടി. പുൽത്തകിടിയിൽ അലസമായി ചേർന്നിരുന്നവർ പേഴ്സെടുത്ത് ഒന്നുമില്ലെന്നു തുറന്നു കാട്ടി
. പരസ്പരം പുണർന്നും രഹസ്യമായി ചുംബിച്ചും ഇരുന്നവരുടെ ഉടലുകൾ അയാളുടെ സാമീപ്യത്തിൽ ഞെട്ടിയകന്നു.
ഫോണിൽ നോക്കിയിരുന്നവർ അയാളുടെ തല കണ്ടപ്പോൾ ഒന്നുകൂടി സ്ക്രീനിലേക്കു മുഖം പൂഴ്ത്തിവച്ചു. എന്തൊരു ലീലയാണിതെന്ന് അയാൾ പരിതപിച്ചുകാണണം.
ദയാരഹിതമായി ഈ വിധം തന്നെ അകറ്റുന്നവരെ സ്നേഹത്തോടെ ചെവിക്കു പിടിച്ച് തന്നോടു തന്നെ ചേർക്കുന്നതാണ് പാപ്പന്റെ ശീലം. എന്നിട്ടും അയാൾ ഒന്നും വേണ്ടെന്നു വച്ച് തലതാഴ്ത്തി പുസ്തകങ്ങളുമായി നടന്നു.
രണ്ടു വാരയ്ക്കപ്പുറം എന്നെ കണ്ടപ്പോൾ ആശ്വാസത്തോടെ അടുത്തുവന്നിരുന്നു.
‘നിന്നെയിവിടെ പ്രതീക്ഷിച്ചില്ല. എടാ ഞാൻ നന്നായി. ഇപ്പോൾ കുടിയില്ല. കൊറെ അസുഖങ്ങള് ഒരുമിച്ചു കേറി വന്നപ്പോ ദേഹത്തിനു പൊറുപ്പിക്കാൻ പറ്റാതായി. പിന്നെ സ്വന്തം കൈകകളിലേക്കു നോക്കി പറഞ്ഞു, എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കുകയാണ്. അതിനിടയിൽ ജീവിതം ഇപ്പോ ഈ നഗരത്തിലായി– തിരുവനന്തപുരം.
പാപ്പാത്തി പുസ്തകത്തിൽ സഹായിയായി കൂടിയിരിക്കുകയാണ്. എഡിറ്റിങ്ങും പ്രൂഫ് റിഡിങ്ങും അച്ചടിയും വരെ കൂടെ നിൽക്കും. പിന്നെ കൊണ്ടുനടന്ന് വിൽപ്പന. നീ ഇതീന്ന് നീയൊരെണ്ണം എടുത്തേ..
’‘ലെനിനും വസന്തവും കാമവും’–ശ്രീകുമാർ കരിയാടിന്റെ ചുവന്ന ചട്ടയുള്ള കവിതാപുസ്തകം എടുത്തുതന്നു
.‘നിന്റെ നാട്ടുകാരനായി വരില്ലേ?
’‘കാലടിയും കരിയാടും രണ്ടു വിദൂരദേശങ്ങളാണ്’.
‘പിന്നേ.. എനിക്ക് അറിയാത്ത ഇടങ്ങളല്ലേ..?
കൊടുത്ത പണത്തിന് ബാക്കി തരാൻ ലൂയിപാപ്പൻ പോക്കറ്റിൽ വിരലുകളിട്ടു തപ്പിയപ്പോൾ പറഞ്ഞു,
ബാക്കി വേണ്ട.‘അതല്ലടാ ഇപ്പോഴത്തെ ശീലം. ഇപ്പോഴത്തെ എന്നെക്കുറിച്ച് നിനക്കെന്തറിയാം..?………..

……’പ്രിയപ്പെട്ട ലൂയി പാപ്പൻ.. അങ്ങനെ നിങ്ങൾ പറഞ്ഞ നിങ്ങളിലെ പുതിയ പാപ്പനെ ഒന്നടുത്തറിയും മുൻേപ നിങ്ങളങ്ങു പോയ്ക്കളഞ്ഞല്ലോ!

T B Lal
Journalist at Malayala Manorama