
ഈ പുണ്യകർമ്മത്തിന് നിമിത്തമാകാൻ ഇടയായതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.
കാപ്പൻ കുടുംബത്തിൻ്റെ കാരുണ്യം
ഇന്നലെ മലയാള മനോരമ ദിനപത്രത്തിൽ രണ്ടു കുടുംബങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കിടങ്ങൂർ പാലത്തിനടിയിൽ കുടിൽ കെട്ടി വർഷങ്ങളായി താമസിക്കുന്ന 16 പേരുടെ കാര്യങ്ങളായിരുന്നു വാർത്ത

ചെറിയാൻ സി കാപ്പൻ പിതാവ് സ്വാതന്ത്രസമരസേനാനിയും എം പി യും എം എൽ എ യും പാലാ നഗരസഭാ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ മാതാവ് ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിന് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിൽ വാങ്ങിയ 53 സെൻ്റ് സ്ഥലം വീടില്ലാത്തവർക്കു നൽകാൻ പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ വാർത്ത വായിച്ച ഉടൻ തന്നെ മാണി സി കാപ്പൻ എം എൽ എ യെയും സഹോദരൻ ചെറിയാൻ സി കാപ്പനെയും ഫോൺ വഴി ബന്ധപ്പെട്ടു കാര്യങ്ങൾ അറിയിച്ചു.

വിവരം അറിയിച്ചപ്പോൾ തന്നെ ചെറിയാൻ സി കാപ്പൻ ഇവർക്കു 3 സെൻ്റ് വീതം ഭൂമി നൽകാൻ സമ്മതം അറിയിച്ചു. സഹോദരൻ്റെ തീരുമാനത്തിന് മാണി സി കാപ്പൻ എം എൽ എ പൂർണ്ണ പിന്തുണയും നൽകി.തുടർന്ന് കിടങ്ങൂർ പാലത്തിനടിയിൽ താമസിക്കുന്നവരുടെ അടുത്ത് ചെന്നു. പത്രവാർത്ത കണ്ടു വിവരങ്ങൾ തിരക്കാൻ എം എൽ എയുടെ നേതൃത്വത്തിൽ ആളുകൾ എത്തിയതാണെന്ന് മാത്രമാണ് അവർ കരുതിയിരുന്നത്.
സിനിമയിലൊക്കെ കണ്ടിട്ടുള്ള മാണി സി കാപ്പനെ കണ്ടിട്ടുണ്ടെന്നു പറഞ്ഞ വീട്ടുകാർ നേരിൽ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളെ കാണാൻ എത്തിയതിൽ നന്ദിയും പറഞ്ഞു. ചെറിയാൻ സി കാപ്പൻ മൂന്ന് സെൻ്റ് സ്ഥലം വീതം സൗജ്യമായി നൽകാൻ തീരുമാനിച്ച വിവരം അറിയിക്കാനാണ് എത്തിയതെന്ന് ഞാൻ അറിയിച്ചപ്പോൾ അവരിൽ പലരുടെയും കണ്ണുകൾ നിറയുന്നത് കണ്ടു.
കാരണം അവർ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. അക്കാര്യം കരച്ചിലിനിടയിൽ വ്യക്തമാക്കുകയും ചെയ്തു.ഇടപ്പാടിയിൽ ടാർ റോഡിനോട് ചേർന്ന നിരപ്പായ സ്ഥലമാണ് ചെറിയാൻ സി കാപ്പൻ ഇവർക്കു സമ്മാനിക്കുന്നത്. ഇവിടെ പണിയുന്ന ഓരോ വീട്ടിലേയ്ക്കും നേരിട്ടെത്താൻ വഴിയും നൽകുന്ന വിധമാണ് സ്ഥലം ക്രമീകരിച്ചിട്ടുള്ളത്.
സ്ഥലം രജിസ്ട്രേഷൻ ചെയ്തു കൊടുക്കാനുള്ള നടപടിക്രമങ്ങൾക്കു ഇന്ന് എം എൽ എ ഓഫീസിൽ തുടക്കമാകും. സർക്കാരിൻ്റെ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്കു വീടുകൾ നിർമ്മിച്ചു നൽകാൻ മുൻകൈയ്യെടുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചിട്ടുണ്ട്

.ചെറിയാൻ സി കാപ്പൻ്റെ ( Cherian Cherian Kappen ) ഈ നന്മ തീർച്ചയായും മാതൃകയാണ്. തങ്ങൾക്കുള്ളതിൻ്റെ ഒരു വിഹിതം ഇല്ലാത്തവർക്കു നൽകാനുള്ള ഈ കരുതൽ നമ്മുടെ നാടിൻ്റെ മനസാണ് കാണിക്കുന്നത്.
സഹോദരൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന മാണി സി കാപ്പൻ എം എൽ എ യും കാട്ടിത്തരുന്ന മാതൃകയും മറ്റൊന്നല്ല.ഈ പുണ്യകർമ്മത്തിന് നിമിത്തമാകാൻ ഇടയായതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല

.എബി ജെ ജോസ്ചെയർമാൻമഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻപാലാ – 686575