മത്സ്യത്തൊഴിലാളികൾക്ക് രക്ഷയൊരുക്കി മറൈൻ ആംബുലൻസുകൾ

Share News

പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്, പ്രത്യാശയും കാരുണ്യയും നീരണിഞ്ഞുഎറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ തന്നെ പ്രാഥമികചികിത്സയും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കുന്നത്.  ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുക. ഇതിനായി ഓഖി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയും ലഭ്യമായി. ഒരു മറൈന്‍ ആംബുലന്‍സിന്‍റെ നിര്‍മാണച്ചെലവ് പൂര്‍ണമായും വഹിക്കുന്നത് ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് ഒരെണ്ണത്തിൻ്റെ പകുതി ചെലവ് കൊച്ചിൻ ഷിപ്പ് യാർഡ് സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നുമാണ്  വഹിക്കുന്നത് .സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിയത്. അപകടത്തിലകപ്പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിലെത്തിക്കാൻ സാധിക്കും. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മോർച്ചറിയും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫിന്റെയും  പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്ക്വാഡുകളുടെയും സേവനം ലഭ്യമാണ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്.പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്ന മറൈൻ ആംബുലൻസുകൾ യഥാക്രമം തിരുവനന്തപുരം, എറണാകുളം,  കോഴിക്കോട് എന്നീ മേഖലകളിലാണ് 24മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുക.ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി. ജെ വിനോദ്, എസ്. ശർമ, കെ ജെ മാക്സി,  ജോൺ ഫെർണാണ്ടസ്,  ബിപിസിഎൽ കൊച്ചിൻ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളീമാധവൻ, കൊച്ചിൻ ഷിപ്പ് യാർഡ്  ഓപ്പറേഷൻസ് ഡയറക്ടർ എൻ വി സുരേഷ് ബാബു, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ. സന്ധ്യ, ജോയിന്‍റ് ഡയറക്ടര്‍മാരായ  എന്‍.എസ്. ശ്രീലു , സാജു എം. എസ്  ഡെപ്യൂട്ടി ഡയറക്ടർമാരായ പി. മാജ ജോസ്, താജുദ്ദീൻ എം., അനിൽകുമാർ, എന്നിവര്‍ പങ്കെടുത്തു.

യാഥാർഥ്യമാകുന്നത് മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം: മുഖ്യമന്ത്രി പിണറായി വിജയൻഎറണാകുളം: മറൈന്‍ ആംബുലന്‍സ് എന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷാകവചമൊരുക്കുന്ന മൂന്ന് അത്യാധുനിക മറൈന്‍ ആംബുലന്‍സുകളില്‍ ആദ്യത്തേതായ പ്രതീക്ഷയുടെ ഫ്‌ളാഗ് ഓഫ്  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് വെച്ചു തന്നെ ചികിത്സ ലഭ്യമാക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2018 മെയ് 31 നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി കരാറിലേര്‍പ്പെടുന്നത്.  മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിര്‍മ്മിക്കുള്ളത്. ഒരു ബോട്ടിന് ആറു കോടി എട്ട് ലക്ഷം രൂപ വെച്ച് 18 കോടി 24 ലക്ഷം രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക. ഓഖി ദുരിതാശ്വാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 7 കോടി 14 ലക്ഷം രൂപ, ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 2 കോടി ഇത്രയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കൂടാതെ ഒരു ആംബുലന്‍സിന്റെ നിര്‍മ്മാണ ചെലവ് പൂര്‍ണ്ണമായും ബിപിസിഎല്‍ ഏറ്റെടുത്തു. മറ്റൊന്നിന്റെ പകുതി ചെലവ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ നിന്നാണ്. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല അവരെപ്പറ്റി ചിന്തിക്കുന്ന എല്ലാവരും സന്തോഷിക്കുന്ന അവസരാണിതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ സൈനികരായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള രക്ഷാകവചമാണ് ഈ മറൈന്‍ ആംബുലന്‍സ് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു.ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ്ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്. കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികള്‍ അറിയപ്പെടുന്നത്. പ്രളയകാലത്ത് എഴുപതിനായിരത്തോളം പേരെയാണ് അവര്‍ രക്ഷപ്പെടുത്തിയത്.പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നീ മൂന്ന് ആംബുലന്‍സുകളാണ് പുറത്തിറക്കുന്നത്. ഏത് പ്രതിസന്ധിയിലും പ്രതീക്ഷ നല്‍കുവാന്‍, പ്രത്യാശയോടെ മുന്നോട്ട് പോകുവാന്‍, സഹജീവികളോടുള്ള കാരുണ്യമുയര്‍ത്തിപ്പിടിക്കാന്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ ആംബുലന്‍സുകള്‍ പുറത്തിറക്കുന്നത്. 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വിധമാണ് ബോട്ടിന്റെ രൂപകല്‍പ്പന. പട്രോളിംഗിനു കൂടി ഇവ ഉപയോഗിക്കും. ആപത്ത് വന്നാല്‍ ഉടനെത്താനും പത്ത് പേര്‍ക്ക് വരെ സ്പെഷ്യല്‍ കെയര്‍ കൊടുക്കാന്‍ കഴിയുന്ന ക്രിട്ടിക്കല്‍ കെയര്‍ സംവിധാനവും ആംബുലന്‍സിലുണ്ട്.

Share News