അദ്ദേഹത്തിന് ഭഗവാൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ !!
ഒന്നും വെട്ടിപിടിക്കാൻ ശ്രമിക്കാതെ സഹജീവി സ്നേഹം മാത്രം മൂലധനമാക്കി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഒരു വലിയ മനുഷ്യനെ കുറിച്ചാണ് ഇന്നത്തെ മാതൃഭൂമി വാരാന്ത്യം !കൂടുതൽ അടുപ്പമുള്ളവർ രാമേട്ടൻ എന്ന വിളിക്കുന്ന Prof. N R Menon (Narayanan Raman Menon)!!എനിക്ക് അദ്ദേഹം ആരാണ്!!ഓർമ്മകൾ പുറകോട്ട് പായുന്നു..ഒന്നിലും സ്ഥിരത ഇല്ലാതെ അലഞ്ഞു നടന്ന അപക്വകൗമാരത്തിന്റെ നാളുകളിലെന്നോ ഒരു വഴിത്തിരിവിൽ യുവജനങ്ങൾക്കായി നടത്തിയ ഒരു മൂല്യബോധന ക്യാംപിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.ദൈവം എനിക്ക് തന്നതിന്റെ പകുതി പോലും ശാരീരികക്ഷമത ഇല്ലാത്ത അദ്ദേഹം അന്ന് വാക്കുകളിലൂടെ പ്രസരിപ്പിച്ച പ്രകാശം ഇപ്പോഴും എന്റെ ഉള്ളിൽ ജ്വലിച്ചു നിൽപ്പുണ്ട്.കുറെ കാലത്തിനു ശേഷം ഉപജീവനാർത്ഥം ഇടപ്പള്ളിയിലെ ജീവിത കാലത്താണ്, ഒരു വൈകുന്നേരം കലൂരിലെ മാസ്റ്റേഴ്സ് കോച്ചിങ് ബോഡിലേക്ക് കയറി ചെല്ലുന്നത്..
അന്നത്തെ സായാഹ്ന ഭജനയിൽ അദ്ദേഹം ഹാർമോണിയം മീട്ടി പാടുന്നത് ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ തെളിയുന്നു!അന്നത്തെ സ്നേഹവാത്സല്യങ്ങൾ തുടർന്നും ധാരാളം അനുഭവിച്ചു..അന്യനൊരാൾ എന്നൊരു തോന്നൽ ആവീട്ടിൽ ഉണ്ടായിട്ടില്ല.. ഇതെഴുതുമ്പോൾപത്മിനി ചേച്ചിയെ ഓർമ്മവരുന്നു.ആയുസ്സ് തീർന്നു അവരും വളരെ നേരത്തെ ഭഗവാന്റെ അടുത്തേക്ക് പോയി.ഗുരു ശിഷ്യ ബന്ധമെന്നോ, സാഹോദര്യമെന്നോ ഏത് വകുപ്പിൽ പെടുത്തണം എന്നെനിക്കറിയില്ല, പിന്നീട് പലയിടത്തും ഞാൻ അദ്ദേഹത്തെ പിന്തുടർന്നു.ഇരിങ്ങാലക്കുടയിലെ പ്രധാന വിദ്യാലയങ്ങളിൽ എല്ലാം സമന്വയ യുടെ പേരിൽ ധാരാളം മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ചു.അന്ന് കൂടെ ഉണ്ടായിരുന്ന ദാമുവേട്ടനെയും ഓർക്കുകയാണ്.(ഇരിങ്ങാലക്കുടക്കാർക്കായി ഒന്ന് പരിചയപെടുത്താം: എടക്കുളം കുരിയക്കാട്ടിൽ വിമല ടീച്ചറുടെ മകളെ വിവാഹം കഴിച്ച ചേന്ദമംഗലത്തുകാരൻ ദാമോദരൻ ലോഡ് കൃഷ്ണ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.അദ്ദേഹവും വളരെ നേരത്തെ എല്ലാരേയും വിട്ടു പിരിഞ്ഞു പോയി)എപ്പോഴും പിൻനിരയിലേക്ക് വലിയാനുള്ള ഉൾപ്രേരണ ഒരു ദുസ്വഭാവം പോലെ കൊണ്ട് നടന്നിരുന്ന എന്നെ നാലാൾക്ക് മുന്നിൽ മുട്ടുവിറക്കാതെ നിന്ന് രണ്ടു വാചകം പറയാൻ പ്രാപ്തനാക്കിയത് മേനോൻ സാർ ആണ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി ആവുക എന്നത് അക്കാലത്തു വലിയ അഭിമാനമാണ്, കൗമാരക്കാർക്ക്.വിദ്യാർത്ഥി ആയി അതിനകത്തു കയറാൻ യോഗം ഉണ്ടായിരുന്നില്ല എനിക്ക്. ഒരു മുഴുദിവസം കൈസ്റ്റ് കോളേജിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു ..രാവിലെ മേനോൻ സാർ സംസാരിച്ചു. ഉച്ചക്ക് ശേഷം ചോദ്യോത്തര സമയത്തു ഒരു പെൺകുട്ടി എഴുന്നേറ്റ് നിന്ന് എന്തോ ചോദിച്ചു.മേനോൻ സാർ പുറകിലേക്ക് നോക്കി എന്നെ വിളിച്ചു പറഞ്ഞു.അതൊന്നു പറഞ്ഞു കൊടുക്കൂ സന്തോഷ്, ധാരാളം പുസ്തകം വായിക്കുന്ന ആളല്ലേ..നേരെ ഓടി കയറി എന്തൊക്കെയോ അപ്പോൾ തോന്നിയതൊക്കെ പറഞ്ഞു.
പിന്നീട് എറണാകുളം ജില്ലയിലെ പല വിദ്യാലയങ്ങളിലും എന്നെ കൂടെ ചേർത്തു.നാട്ടിൽ ആ വെളിച്ചവുമായി കുറെ കാര്യങ്ങൾ ചെയ്തു..അവിചാരിതമായി ജീവിതം പ്രശ്നകലുഷിതമാവുകയും ഇതിൽ നിന്നൊക്കെ ഒരു അകൽച്ചയും ഉണ്ടായി..പിന്നെ പ്രവാസിയായി..ഈ അടുത്തകാലത്താണ് ഫേസ്ബുക്ക് ഇടവഴിയിൽ വച്ച് അദ്ദേഹത്തെ വീണ്ടും കാണുന്നത്.അന്നത്തേക്കാൾ പ്രസരിപ്പോടെ അദ്ദേഹം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നു എന്നത് അറിയാൻ കഴിഞ്ഞു. നാട്ടിലെത്തിയപ്പോൾ ആദ്യത്തെ കോലാഹലങ്ങൾ ഒതുങ്ങിയാൽവിസ്തരിച്ചൊന്നു മകനെയും കൂട്ടി പോയി ഒരു ദിവസം അദ്ദേഹത്തെ കാണണം എന്നൊക്കെ കരുതി . അവധി തീരുന്ന അവസാന നാളുകളിൽ ചില അത്യാഹിതങ്ങളിൽ പെട്ട് അത് സാധിക്കാതെ തിരികെപോന്നു.അദ്ദേഹത്തെ ഒരു തവണ എങ്കിലും പരിചയപെട്ടവർ ജന്മം മുഴുവൻ മറക്കില്ല.അങ്ങനെ ആണ് ആ വ്യക്തി പ്രഭാവം!നന്മയുടെ തെളിനീരുറവ് ഇനിയും വറ്റിയിട്ടില്ല , ഇങ്ങനെ ചിലയിടത്ത് ഉണ്ട് എന്നറിയിക്കാൻ മാത്രം ചില ഓർമകൾ തികട്ടി വന്നത് എഴുതി എന്നെ ഉള്ളൂ.
അദ്ദേഹത്തിന് ഭഗവാൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ !!
Santhosh Nambiar