
..എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലേക്ക് പോയത്-മുൻ മന്ത്രി കെ വി തോമസ്

ഇന്ത്യയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ നെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നമ്മളിൽ നിന്ന് വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 29 വർഷം.
1991 മെയ് 21 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൌണ്ടിൽ എന്റെ തെരഞ്ഞുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോയത്. മെയ് 10 ന് എന്റെ ജന്മദിനമായിരുന്നു. ആ യോഗത്തിൽവച്ച് ജന്മദിനാശംകൾ നേർന്ന് അദ്ദേഹം എന്നെ ഷാൾ അണിയിച്ചു.
1984 ഡിസംബറിലാണ് ഞാൻ 8-ാം ലോക്സഭയിൽ എറണാകുളത്തിന്റെ പ്രതിനിധിയായി എത്തുന്നത്. അന്നു മുതൽ അദ്ദേഹത്തിന്റെ വേർപാട് ദിനംവരെ അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞു.. ലീഡർ കെ. കരുണാകരനാണ് എന്നെ അദ്ദേഹവുമായി പരിചയപ്പെടുത്തിയത്. ഏറ്റവുംകൂടുതൽ ചെറുപ്പക്കാർ എം.പി.മാരായി എത്തിയ സന്ദർഭം കൂടിയായിരുന്നു എട്ടാം ലോക് സഭ. ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം എല്ലാവരുമായും വളരെ സൌഹാർദ്ദപരമായി ഇടപഴകിയിരുന്നു.
രാജ്യത്തെ വാർത്താവിനിമയ സൗകര്യങ്ങൾ ആധുനികവൽക്കരിച്ച് ജനകീയമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ലോകപ്രശസ്തനായ സാംപെത്രേദോ എന്ന വിവര സാങ്കേതികവിദഗ്ദനെ അദ്ദേഹം ഇക്കാര്യത്തിനായി ചുമതലപ്പെടുത്തി. രാജ്യത്തെ വിവരസാങ്കേതിക വിദ്യയുടെ ഇന്നു കാണുന്ന വളർച്ചയ്ക്ക് നിദാനമായ നടപടികളിലൊന്നായിരുന്നു അത്. സാമാന്യ ജീവിതത്തിൽ ആഢംബര വസ്തുവായിരുന്ന ടെലഫോൺ അങ്ങിനെ ജനകീയ ജീവിതത്തിന്റെ ഭാഗമായി.
അധികാര വികേന്ദ്രീകരണം താഴെത്തട്ടിൽ എത്തിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ രാജിവ് ജി നടപ്പാക്കിയ പഞ്ചായത്തി രാജ് നഗരപാലിക നിയമവും രാജ്യമൊട്ടുക്കുള്ള പ്രാദേശിക ഭരണ സംവിധാനങ്ങളിൽ സ്ത്രീകൾക്ക് മുപ്പത്തിമൂന്നു ശതമാനം സംവരണവും രാജ്യത്തിൻ്റെ വളർച്ചയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തി.
ബോഫോഴ്സ് വിവാദത്തിനു മുൻപിൽ തളരാതെ ഉരുക്കു മനുഷ്യനായി അദ്ദേഹം നിലകൊണ്ടു. പിന്നിട് കാർഗിൽ യുദ്ധം ബോഫോഴ്സ് ആയുധങ്ങളുടെ കാര്യശേഷി തെളിയിക്കുകയും ആരോപണങ്ങൾക്കിസ്ഥാനമായ കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഏജൻസികളും നിയമ സംവിധാനങ്ങളും പ്രഖ്യാപിച്ചതിലൂടെ അദ്ദേഹത്തിൻ്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു.
സഹോദരൻ സഞ്ജയ് ഗാന്ധിയുടെയും മാതാവ് ഇന്ദിരാ ഗാന്ധിയുടെയും മരണം സമചിത്തതയോടെ നേരിട്ട് രാജ്യഭരണം കൈയ്യാളി.
കൊളംബോയിലെ സമാധാന ശ്രമങ്ങളുടെ സന്ദർഭത്തിൽ ശീലങ്കൻ സൈനികൻ്റെ ആക്രമണത്തിനു വിധേയമായതിനു ശേഷം ലോക്സഭയിലെത്തിയ അദ്ദേഹത്തിൻ്റെ ഒഭീതിയേശാത്ത സൗമ്യഭാവം ഞങ്ങൾ സഹപ്രവർത്തകരെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ശ്രീലങ്കൻ സമാധാന കരാറും ലോംഗോവാൾ കരാറും ശ്രീലങ്കയ്ക്കും രാജ്യത്തിൻ്റെ വടക്കുകിഴക്കൻ മേഖലയ്ക്കും ഉപകാരപ്രദമായി. 1989 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നുവെങ്കിലും സർക്കാർ രൂപീകരണത്തിനു ശ്രമിക്കാതെ ജനഹിതം മാനിച്ചു അദ്ദേഹം പ്രതിപക്ഷത്തിരുന്നു. വി.പി.സിംഗ് സർക്കാരിൻ്റെ കാലത്തുണ്ടായ മണ്ഡൽ കമ്മീഷൻ സമരങ്ങളിൽ രാഷ്ടീയ മുതലെടുപ്പുകൾക്ക് നില്ക്കാതെ പിന്നോക്ക വിഭാഗങ്ങൾക്ക് അവരർഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്കണമെന്ന് രാജിവ് ഗാന്ധി നിർദ്ദേശിച്ചു.
കോൺഗ്രസ്സ് നേതാക്കൾ, പ്രവർത്തകർ എന്നിവർക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തെ സമീപിക്കുന്നതിന് ബുദ്ധിമുട്ടില്ലായിരുന്നു. ഡൽഹിയിലെ ഡിസംബർ ‘മാസത്തെ കൊടുംതണുപ്പ് പോലും പരിഗണിക്കാതെ ഒരു അർദ്ധരാത്രി എനിക്ക് സുസ്മേരവദനനായി സന്ദർശനാനുമതി നല്കിയ രാജീവ് ഗാന്ധിയുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്.
ഇന്ത്യയുടെ വളർച്ചയുടെ വാഗ്ദാനമായിരുന്ന രാജിവ് ജി പുലർത്തിയിരുന്ന ലക്ഷ്യബോധവും ആധുനിക വികസന കാഴ്ചപ്പാടുകളും നമ്മുടെ കർമ്മപദങ്ങളെ കൂടുതൽ ക്രിയാത്മകമാക്കട്ടെ.
രാജിവ് ജിയുടെ പാവന സ്മരണയ്ക്കു മുന്നിൽ കൂപ്പുകൈ
.പ്രൊഫ.കെ.വി.തോമസ് ഫേസ് ബുക്കിൽ എഴുതിയത്