ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ അഭിമാനനേട്ടവുമായി മൂത്തോൻ:സ്വന്തമാക്കിയത് മികച്ച നടനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അഭിമാന നേട്ടമുവമായി മൂത്തോന്‍. മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ​ഗീതു മോഹന്‍ദാസിന്റെ ചിത്രം സ്വന്തമാക്കിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി.

കൂടാതെ, മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തില്‍ തന്നെ ലഭിച്ചു.

കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഓണ്‍ലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്.

‘ഗമക്ഖര്‍’ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. ‘റണ്‍ കല്യാണി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഗാര്‍ഗി മലയാളിയാണ്.

മൂത്തോന്‍ ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രധാനആകര്‍ഷണം. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Share News