24 മണിക്കൂറിനിടെ രാജ്യത്ത് 15,000 ത്തിലധികം കൊവിഡ് ബാധ։ രാജ്യത്തെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡല്‍ഹി։ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ്-19 പോസിറ്റീവായ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 306 മരണമാണ് കൊവിഡ് രോഗബാധമൂലമുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആശങ്കയും വര്‍ദ്ധിച്ച് വരികയാണ്.
പകുതിയിലധികം രോഗമുക്തര്‍
പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗമുക്തരുടെ കണക്കുകള്‍ ആശ്വാസമുണ്ടാക്കുന്നതാണ്. നിലവില്‍ രാജ്യത്ത് 4,10,461 കൊവിഡ് രോഗബാധിതരാണ് ഉള്ളത്. ഇതില്‍ 1,69,451 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,27,756 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. അതായത് 55.48 ശതമാനം രോഗമുക്തിയാണ് ഉണ്ടായിരിക്കുന്നത്. 13,254 പേര്‍ക്കാണ് കൊവിഡ് രോഗം മൂലം ജീവഹാനി ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് തന്നെ
രാജ്യത്ത് കൊവിഡ്-19 രോഗബാധ നിരക്ക് ഉയര്‍ന്നതിന് പിന്നാലെ, രോഗബാധ ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനത്ത് തന്നെ ഇന്ത്യ തുടരുന്നു. ഇന്ത്യക്ക് മുകളില്‍ റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇനിയുള്ളത്. അമേരിക്കയില്‍ നിലവില്‍ 23 ലക്ഷം കൊവിഡ് ബാധിതരാണുള്ളത്. അവിടെ മാത്രം 121,980 മരണനിരക്കാണ് അവിടെയുണ്ടായിരിക്കുന്നത്. ബ്രസീലില്‍ 10 ലക്ഷത്തിന് മീതെ ആളുകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രതിദിന പരിശോധന വര്‍ദ്ധിപ്പിച്ചു
രാജ്യത്ത് വൈറസ് ബാധ വ്യാപിക്കുന്നതിനിടെ പ്രതിദിന പരിശോധന നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 1,90,730 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ചവരുടെ എണ്ണം എന്നത് 68,07,226 ആയി ഉയര്‍ന്നു. രാജ്യത്ത് പരിശോധന നിരക്കില്‍ ഇന്ന് പുലര്‍ച്ചെ വരെയുള്ള കണക്കുകള്‍ പ്രകാരം 7.64 ശതമാനം ആയി ഉയര്‍ന്നു.
ലോകത്ത് കൊവിഡ് രോഗികള്‍ 89 ലക്ഷം കടന്നുലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ച് 4,66,848 രോഗികളാണ് മരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവുമധികം രോഗബാധിതര്‍ ഉള്ളത് അമേരിക്കയില്‍ തന്നെയാണ്. 121,980 രോഗികളാണ് ഇവിടെ മാത്രം മരിച്ചിരിക്കുന്നത്.