
എം. പി. ജോസഫ് IAS എഴുതുന്നു – ഇന്ന് മുതൽ ‘നമ്മുടെ നാട്’ – ൽ
ഇന്ത്യയിലെ സമുന്നത ഉദ്യോഗങ്ങളായ ഐ. പി.എസ്സിലും പിന്നീട് ഐ.എ.എസ്സിലും സെലക്ഷൻ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിലും യു.കെ.യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാനവശേഷീവികസനത്തിലും ബിരുദാനന്തര ബിരുദം; ഏറ്റവും നീണ്ടകാലം കേരളത്തിന്റെ ലേബർ കമ്മീഷണറായിരുന്ന പരിചയം; അതവസാനിച്ചതോ, അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ കേരള സർക്കാരിന്റെ തൊഴിൽ പരിഷ്കരണ, വ്യവസായബന്ധകാര്യ ഉപദേഷ്ടാവ് എന്നപദവിയിലും. അതിനിടെ, ആപ്രാഗൽഭ്യം ഐക്യരാഷ്ട്രസംഘടനയിലുമെത്തി – ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻവഴി!ഇത് എം. പി. ജോസഫ്: ഏറ്റെടുത്ത സ്ഥാനങ്ങളിലെല്ലാം എതിരാളികളുടെപോലും ആദരവു പിടിച്ചുപറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ.
കേരളത്തിന്റെ ബിസിനസ്സ് തലസ്ഥാനമായ എറണാകുളത്തിന്റെ കളക്ടർ, കൊച്ചി കോർപ്പറേഷൻ മേയർ എന്നീസ്ഥാനങ്ങൾ ഒരേസമയം ദീർഘകാലം വഹിച്ച ഒരേയൊരാൾ. ആസ്ഥാനത്തിരുന്ന് ജില്ലയുടെ മുഖച്ഛായതന്നെ മാറ്റിയ വ്യക്തി. ഇന്ന് റിട്ടയർമെൻറ് ജീവിതത്തിലും കർമനിരതനായി എറണാകുളത്തുതന്നെ സ്ഥിരതാമസം.
കോവിഡ് – 19 എന്ന മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ, അത് കേരളത്തിന്റെ സമ്പദ്വവസ്ഥയുടെയും സാമൂഹികജീവിതത്തിന്റെയും നട്ടെല്ലൊടിക്കുമ്പോൾ അദ്ദേഹം അതിൽനിന്നുള്ള രക്ഷാമാർഗങ്ങളെക്കുറിച്ച് ഉറക്കെച്ചിന്തിക്കുകയാണ്. കോവിഡിനുമപ്പുറം മറ്റുനിരവധി മേഖലകളിലേക്ക് ആ ചിന്തകൾ ഒഴുകിപ്പരക്കാൻ പോകുകയാണ്. നാലു പതിറ്റാണ്ടുകാലത്തെ തന്റെ അനുഭവസമ്പത്തിലും വൈവിധ്യമാർന്ന അക്കാദമിക് കരുത്തിലും ഊന്നിനിന്നുകൊണ്ടുള്ള ആ ചിന്തകൾ ഇന്നു വൈകുന്നേരംമുതൽ ‘നമ്മുടെ നാടി’ലൂടെ നാടെങ്ങും പരക്കുകയാണ്.
വായിക്കൂ, ചിന്തിക്കൂ, പ്രതികരിക്കൂ, കർമനിരതരാകൂ!
നമുക്കൊരു നവലോകം, നവകേരളം കെട്ടിപ്പടുക്കാം