നാം ജീവിക്കുന്ന കാലത്തിന്റെ ചരിത്രം അക്ഷരങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. വരും തലമുറയക്കുവേണ്ടി കാലത്തിന്റെ ചുവരില്‍ നന്മയുടെ ഓരം ചേര്‍ന്ന് നടന്നുപോയ ഒരു തലമുറയുടെ പേരും നാള്‍വഴികളും എഴുതി ചേര്‍ക്കപ്പെടണം.

Share News

കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. 50 വര്‍ഷം മുമ്പ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഭൂപ്രഭുക്കളും പ്രമാണികളുമായിരുന്നു മാളിയേക്കന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാബു ജോസഫ് മാളിയേക്കന്റെ കുടുംബം

. ഓരോ നാട്ടിലും ചില വ്യക്തികളോ, കുടുംബങ്ങളോ ആ നാടിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടവരാണ്. കാഞ്ഞിരത്താനത്തെ സംബന്ധിച്ചിടത്തോളം ബാബു ജോസഫ് മാളിയേക്കന്റെ കുടുംബം ഞങ്ങളുടെ നാടിന്റെ ചരിത്രത്തിലും പഴമയിലും ഒഴിവാക്കാനാവാത്തതാണ്.

മാളികപോലുള്ള ഭവനം എന്ന വാക്കില്‍ നിന്നാണ് മാളിയേക്കന്‍ എന്ന പദത്തിന്റെ ഉത്ഭവം. അക്കാലത്തെ ഏറ്റവും പ്രൗഢവും വലിയതുമായിരുന്നു അവരുടെ കുടുംബവീട്. പാടശേഖരങ്ങളുള്ള മാഞ്ഞൂര്‍ മുതല്‍ കുറവിലങ്ങാടിനോട് ചേര്‍ന്ന തോട്ടുവവരെ നിലവും പുരയിടവുമായി ധാരളം ഭുസ്വത്ത് ഈ കുടുംബത്തിനുണ്ടായിരുന്നു. ഭൂസ്വത്തിനൊപ്പം അംഗങ്ങളുടെ സംഖ്യയിലും വലിയ കുടംബമാണ് മാളിയേക്കന്റേത് 13-മക്കള്‍.

എന്റെ കുംടുംബവും മാളിയേക്കല്‍ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. നാട്ടിലെ ഇന്നത്തെ പുതുപ്പണക്കാരില്‍ പലരും ഒരു കാലത്ത് മാളിയേക്കല്‍ കുടുംബത്തിന്റെ ആശ്രിതരായിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ഭൂമിക്ക് കരംകെട്ടിയിരുന്നത് മാളിയേക്കന്റെ വല്യപ്പന്‍ എം.ടി കുര്യനെന്ന കുഞ്ഞേട്ടനായിരുന്നു. മാളിയേക്കന്റെ പിതാവ് എം.കെ ജോസഫ് ഞങ്ങളുടെ നാടിന്റെ ചരിത്രത്തിന് മറക്കാനാവാത്ത വ്യക്തിയാണ്.

കാഞ്ഞിരത്താനത്തെ ഞങ്ങളുടെ പള്ളിക്കൂടം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന് 65-വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ കേരള മുഖ്യമന്ത്രി പട്ടംതാണുപിള്ളയില്‍ നിന്നും അനുമതി വാങ്ങിയെടുത്തത് എം.കെ ജോസഫായിരുന്നു. പ്രജാ സോഷ്യല്‍പാര്‍ട്ടിയുടെ (പി.എസ്.പി) കോട്ടയം ജില്ല പ്രസിഡണ്ടായിരുന്നു അദ്ദേഹം. വെളിയന്നൂര്‍ മണ്ഡലത്തില്‍ നിന്നും പി.എസ്.പിയുടെ നിയമ സഭ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചപ്പോള്‍ കുറവിലങ്ങാട്ട് നടത്തിയ പ്രചാരണ സമ്മേളനത്തിന് എത്തിയത് ജയപ്രകാശ് നാരായണനായിരുന്നു.

നാട്ടിലെ ഏറ്റവും വലിയ ഭൂപ്രഭുവിന്റെ മകന്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ വിപ്ലവകാരിയായിമാറിയത് വൈരുദ്ധ്യമായി തോന്നാം. കൊച്ചുകേരളം ലോകത്തിന് തന്നെ മാതൃകയായ ഭൂപരിഷ്‌കരണ നിയമത്തിന് എം.കെ ജോസഫ് കാര്യമായ പങ്കുവഹിച്ചു. കുടികിടപ്പ് നിയമം, വിപ്ലവകരമായ ഭൂപരിഷ്‌കരണ നിയമം എന്നിവ രൂപപ്പെടുത്താനുണ്ടാക്കിയ കമ്മറ്റികളില്‍ എം.കെ ജോസഫ് അംഗമായിരുന്നു.

എന്നാല്‍ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ ആര്‍ക്കൈവ്‌സുകളിലൊന്നും എം.കെ ജോസഫിന്റെ പേരില്ല. എല്ലാക്കാലത്തും അങ്ങനെയാണ് പള്ളിക്കും പള്ളിക്കൂടത്തിനും മറ്റ് സ്ഥാപനങ്ങള്‍ക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നവരുടെ പേര് എങ്ങും രേഖപ്പെടുത്താറില്ല, അതാതു കാലത്തെ വൈദികരുടെ പേരിലാണ് അവയെല്ലാം അറിയപ്പെടുന്നത്. അന്നത്തെ സ്‌കൂളിന്റെ മാനേജരായിരുന്ന മാമ്പുഴ്‌യക്കലച്ചന്റെ പേരാണ് സ്‌കൂളിന്റെ രേഖകളിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടവക പള്ളിയുടെ (സെന്റ് ജോണ്‍സ് ദേവാലയം) സ്മരണിക ഇറക്കിയപ്പോഴും എം.കെ ജോസഫിന്റെ പേര് മറന്നു.

മറന്നതായാലും മറവി നടിച്ചതായാലും ചരിത്രം ആര്‍ക്കും മൂടിവെയ്ക്കാനോ,വളച്ചൊടിക്കാനോ സാധ്യമല്ല. ബന്ധപ്പെട്ടവര്‍ ആ തെറ്റ് തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

എം.കെ ജോസഫിന്റെ മരണ ശേഷം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാവും നിരവധി തവണ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വി.എല്‍ തോമസ് വാളാക്കുളം അദ്ദേഹം നാടിനു വേണ്ടി ചെയ്ത സേവനങ്ങളെ പ്രശംസിച്ച് പ്രസംഗിക്കുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എല്‍ തോമസും മരണമടഞ്ഞു. രാഷ്ട്രീയമായി വിരുദ്ധ ചേരികളില്‍ പ്രവര്‍ത്തിച്ചവരായിരുന്നു എം.കെ ജോസഫും, വി.എല്‍ തോമസും. എം.കെ ജോസഫ് ജീവിതകാലമത്രയും സോഷ്യലിസ്റ്റായി തന്നെ ജീവിച്ച വ്യക്തിയാണ്. സോഷ്യലിസ്‌റ്റെന്ന് അഭിനയിക്കുന്ന പലരും വ്യക്തി ജീവിതത്തില്‍ അങ്ങനെയല്ലെന്ന് നമുക്കറിയാം. എം.കെ ജോസഫ് എന്ന വ്യക്തിയാകട്ടെ അത് ജിവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ്.

സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിന്നും എം.ടി കുര്യന്‍ എന്ന കുഞ്ഞേട്ടന്റെ പേരില്‍ ഇന്നും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട് മാളിയേക്കന്റെ ചെറിയഛന്‍ ലൂയിസ് ചേട്ടന്റെ മകന്‍ സാജുവാണ് അതിന് മുന്‍കൈയ്യെടുക്കുന്നത്. ലൂയിസ് ചേട്ടന്റെ മകന്‍ ടോം എന്റെ ജേഷ്ഠന്റെ സഹപാഠിയായിരുന്നു. ബാബു ജോസഫ് മാളിയേക്കന്റെ ഇളയ സഹോദരന്‍ കുട്ടപ്പന്‍ എന്നു വിളിപ്പേരുള്ള ജോജി ജോസഫ് സമപ്രായക്കാരനാണ്

. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ സിനിമ കൊട്ടക (എംപീസ് തിയ്യേറ്റര്‍ കോതനല്ലൂര്‍) സ്ഥാപിച്ചത് മാളിയേക്കന്റെ പിതൃസഹോദരന്‍ എം.കെ പീറ്ററാണ്. കുറുപ്പന്തറ-ഓമല്ലൂര്‍ റോഡ്, ഗ്രാമത്തിലേക്കുളള വൈദ്യുതി ലൈന്‍ എന്നിവയ്ക്കും എം.കെ പീറ്റര്‍ മുന്‍കൈയ്യെടുത്തു. തുടര്‍ച്ചയായി 16 വര്‍ഷം മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു എം.കെ പീറ്റര്‍.

നാട്ടിലെ മറ്റൊരു പ്രമാണികളായിരുന്നു വടക്കേക്കര കുടുംബം. കാഞ്ഞിരത്താനത്തെ നാട്ടിവഴികളിലൂടെ ആദ്യമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കോടിച്ചത് വടക്കേക്കര കുര്യച്ചനാണ്. ഇദ്ദേഹത്തിന്റെ കൊമ്പന്‍ മീശയും പൗരുഷം തുടിക്കുന്ന എടുപ്പും നടപ്പും ഓര്‍മ്മയുണ്ട്. ഈ കുടുംത്തിലെ ഇളയ മകന്‍ ജോര്‍ജ് കുര്യന്‍ എനിക്കൊപ്പം പഠിച്ചിട്ടുണ്ട്.

1972-ല്‍ അന്നത്തെ പ്രധാന മന്ത്രി മൊറാര്‍ജി ദേശായിയുടെ വിമാനം എന്‍ജിന്‍ തകരാറിലായപ്പോള്‍ ആസ്സാമിലെ ജോര്‍ഹാട്ടിലെ ഗോതമ്പുപാടത്ത് ഇടിച്ചിറക്കി പ്രധാനമന്ത്രിയുടെ ജീവന്‍ രക്ഷിച്ച വൈമാനികരില്‍ ഒരാള്‍ ഞങ്ങളുടെ നാട്ടുകാരനായിരുന്നു, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ മാത്യു സിറിയക്. അദ്ദേഹത്തോടൊപ്പം 5 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഡല്‍ഹിയിലെ കറസ്‌പോണ്ടന്റായി 27-വര്‍ഷം പ്രവര്‍ത്തിച്ചു മളിയേക്കന്‍. 1984-ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ടു ചെയ്തതും മാളിയേക്കനാണ്. സിഖ് കലാപങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ ജസ്റ്റീസ് മുന്നില്‍ പലതവണ അദ്ദേഹം ഹാജരായി മൊഴി നല്‍കി. മീററ്റ് വര്‍ഗീയ കലാപം, ബീഹാറിലെ ബാഗല്‍പ്പൂരില്‍ 14 ദളിത് യുവാക്കളുടെ കണ്ണില്‍ ആസിഡ് ഒഴിച്ച് അന്ധരാക്കിയ സംഭവം ഇവയെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് മാളിയേക്കനാണ്.

ഏഷ്യാനെറ്റ് ടിവി ചാനലിന്റെ സ്ഥാപകനും സിനിമ നടനുമായ ശശി കുമാര്‍ സംവിധാനം ചെയ്ത സിംഖ് കലാപം ആധാരമാക്കിയ സിനിമ ‘കായാ തരണില്‍’ മാളിയേക്കന്‍ അഭിനയിച്ചു. സണ്‍ഡേ ശാലോം പത്രത്തില്‍ ജോലി ചയ്യുന്ന കാലത്ത് മാളിയേക്കനൊപ്പം ഒരഭിമുഖം പ്രസിദ്ധീകരിക്കാന്‍ എനിക്കും സാധിച്ചു.

അദ്ദേഹത്തിന്റെ ഡല്‍ഹി ജീവിതവും പത്രപ്രവര്‍ത്തനവും അടിസ്ഥാനമാക്കി ‘സാക്ഷി’ പേരില്‍ ചെയ്ത ഡോക്കുമെന്ററി ഫിലിം ഉടന്‍ പുറത്തിറങ്ങും.

നാട്ടിലെ ആദ്യത്തെ ഐ.എ.എസ് കാരന്‍, വി.സി സിറിയക് സര്‍, മുന്‍ പ്രധാന മന്ത്രി മൊറാര്‍ജി ദേശായിയുടെ ജീവന്‍ രക്ഷിച്ച വൈമാനികന്‍ മാത്യു സിറിയക് എന്നിവരുടെയും, വടക്കേക്കര കുടുംബത്തിന്റെയും ഫോട്ടോകള്‍ അയച്ചുതന്നത് ഡല്‍ഹിയിലെ ചാക്കോ സാറാണ്.നാം ജീവിക്കുന്ന കാലത്തിന്റെ ചരിത്രം അക്ഷരങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. വരും തലമുറയക്കുവേണ്ടി കാലത്തിന്റെ ചുവരില്‍ നന്മയുടെ ഓരം ചേര്‍ന്ന് നടന്നുപോയ ഒരു തലമുറയുടെ പേരും നാള്‍വഴികളും എഴുതി ചേര്‍ക്കപ്പെടണം.

ജോണ്‍ മാത്യു, മേലേടത്തുപറമ്പില്‍, കാഞ്ഞിരത്താനം: ഫോട്ടോഗ്രഫര്‍ ദീപിക ദിനപത്രം, ഡല്‍ഹി.

ഫേസ് ബുക്കിൽ എഴുതിയത്

Babu Joseph Maliakkan, known as Maliakkan is my neighbour in our small village Kajirathanam, kottayam, Kerala, he was correspondent with ‘Indian Express’ for 27 years. Happy to say that me and Malikkan are two journalists in Delhi from our village.

Share News

One thought on “നാം ജീവിക്കുന്ന കാലത്തിന്റെ ചരിത്രം അക്ഷരങ്ങളായും ചിത്രങ്ങളായും രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. വരും തലമുറയക്കുവേണ്ടി കാലത്തിന്റെ ചുവരില്‍ നന്മയുടെ ഓരം ചേര്‍ന്ന് നടന്നുപോയ ഒരു തലമുറയുടെ പേരും നാള്‍വഴികളും എഴുതി ചേര്‍ക്കപ്പെടണം.

  1. ഈ കുറിപ്പ് പ്രസിദ്ധീകരിച്ചതിന് നമ്മുടെ നാട് എഡിറ്റോറിയല്‍ അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു. കാഞ്ഞിരത്താനം സ്വദേശികള്‍ മിക്ക ലോക രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്, ഒപ്പം വരും തലമുറയ്ക്ക് ഞങ്ങളുടെ ഗ്രാമത്തെപ്പറ്റി അറിയാനും പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു