നല്ല മീൻ വേണമോ?

Share News

കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി വയനാട് തുടങ്ങിയയിടങ്ങളിൽ കിട്ടാൻ നന്നേ ബുദ്ധിമുട്ടും. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ്.

ഇത്തരം പ്രദേശങ്ങളിൽ “മത്സ്യഫെഡ് ഫ്രഷ്മീൻ”ലഭ്യമാകും. ഇതിന് മത്സ്യഫെഡിന്റെ തന്നെ ഫിഷ് മാർട്ടുകൾ ആരംഭിക്കും. എന്നാൽ സഹകരണ ബാങ്കുകളുമായി ചേർന്ന് ഫിഷ് മാർട്ടുകൾ ആരംഭിക്കുകയാണ് എളുപ്പം. ഇപ്പോൾതന്നെ മത്സ്യഫെഡിന്റെ 46 ഹൈടെക് ഫിഷ് ബൂത്തുകളുണ്ട്. സഹകരണ ബാങ്കുകളുമായി ചേർന്ന് 21 ഫ്രാഞ്ചൈസി സ്റ്റാളുകളും തുടങ്ങിക്കഴിഞ്ഞു. അന്തിപ്പച്ച എന്ന പേരിൽ 6 മത്സ്യവിപണന വാഹനങ്ങളുമുണ്ട്. ഓൺലൈൻ മത്സ്യവിപണന പദ്ധതിയും ആരംഭിച്ചു. തീരത്തുനിന്നും വിപണിയിലേയ്ക്ക് (Coast to Market) എന്നാണ് പരിപാടിയുടെ പേര്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് ഓൺലൈൻ മത്സ്യവിപണന പദ്ധതി നടപ്പാക്കുന്നത്. മത്സ്യഫെഡ് ഫ്രഷ്മീൻ (www.matsyafedfreshmeen.com) എന്ന വെബ്സൈറ്റിലൂടെയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും FRESHMEEN എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ 8086380862 എന്ന നമ്പറിൽ നേരിട്ടു വിളിച്ചോ മത്സ്യം ഓർഡർ ചെയ്യാവുന്നതാണ്. കടലിൽ നിന്നും കായലിൽ നിന്നും പിടിക്കുന്ന മത്സ്യം മത്സ്യഫെഡ് നേരിട്ടു സംഭരിച്ച് തനിമ നഷ്ടപ്പെടാതെ ഗുണഭോക്താക്കളിൽ എത്തിക്കുന്നു. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ വിവിധതരം അച്ചാറുകൾ, ചമ്മന്തിപ്പൊടി, കൈറ്റോൺ ക്യാപ്സൂൾ എന്നിവയും ഓൺലൈനിലൂടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മത്സ്യം വൃത്തിയാക്കി കഷ്ണിച്ചും നൽകും.

ഉപഭോക്താക്കൾക്കു ശുദ്ധമായ മത്സ്യം ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികൾക്കു ന്യായമായ വില ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. പുതിയ ലേല സമ്പ്രദായം ഒരു തുടക്കം മാത്രമാണ്. ഇതിന്റെ തുടർച്ചയാണ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വഴിയും മത്സ്യഫെഡ് വഴിയുമുള്ള സംസ്കരിച്ചതും പാചകത്തിനു തയ്യാറായിട്ടുള്ളതുമായ മീനിന്റെ വിപണനം. മൂല്യവർദ്ധിത ഉൽപ്പന്ന മേഖലകളിൽ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മകളുടെ ഇടപെടൽ ഉറപ്പുവരുത്തുകയാണ് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം.

Dr.T.M Thomas Isaac

Share News