
നിവാർ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ 13 ജില്ലകളിൽ പൊതു അവധി, പൊതുഗതാഗതം റദ്ദാക്കി
ചെന്നൈ: തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ജാഗ്രത കണക്കിലെടുത്ത് നാളെയും സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ നാളെ റദ്ദാക്കി. എറണാകുളം- കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളി വരെ മാത്രമേ സര്‍വീസ് നടത്തൂ.തിരുവനന്തപുരം- ചെന്നൈ മെയില്‍, ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ ഈറോഡ് ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. റദ്ദാക്കിയവയുടെ കൂട്ടത്തില്‍ 12 വിമാന സര്‍വീസുകളും ഉള്‍പ്പെടും. ചെ്ന്നൈ വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.