
എം.എം.മണിയുടെ പാർട്ടി ശൈലിയിലുള്ള വിരട്ടലൊന്നും കേരളത്തിലെ യുവജനങ്ങളോട് വേണ്ട – ടി.ജെ വിനോദ് എം.എൽ.എ
കൊച്ചി : കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള വൈദ്ധ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പരാമർശം തികച്ചും അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്നു എറണാകുളം എം.എൽ.എ ടി ജെ വിനോദ്.
പിൻവാതിൽ നിയമനത്തിലൂടെ വേണ്ടപ്പെട്ടവരെയും ബന്ധുജനങ്ങളെയും പാർട്ടി അനുകൂലികളെയും പി.എസ്.സി നിയമനത്തെ മറികടന്നു നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരടക്കമുള്ള നിരവധി ഉദ്യോഗാർഥികൾ കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ ദിവസങ്ങളായി ജനാധിപത്യ രീതിയിൽ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനേക്കാൾ ഉപരി നേരിടുമെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവനയാണോ ഗവണ്മെന്റിന്റെ യുവനങ്ങളോടുള്ള നയമെന്ന് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും എറണാകുളം ജില്ല കോൺഗ്രസ് പ്രസിഡന്റ് ടിജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയ എന്ന ഉദ്യോഗാർഥിയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വ്യാപക ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാൽ രാഷ്ട്രീയ നാടകമായിട്ട് ഇതിനെ ചിത്രീകരിക്കാൻ സി.പി.എം നടത്തുന്ന നീക്കങ്ങൾ അപലപനീയമാണ്. സമരക്കാരെ നേരിടുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഗവണ്മെന്റിനു യുവജനങ്ങളോടുള്ള സമീപനത്തിന്റെ നേർചിത്രമാണ്. കേന്ദ്ര സർക്കാരിന്റെയും നരേന്ദ്രമോദിയുടെയും കർഷക സമരത്തോടുള്ള സമീപനത്തിനു സമാനമായിട്ടുള്ള സ്വഭാവത്തിലാണ് പിണറായി വിജയന്റെയും ഇടത്പക്ഷ സർക്കാരിന്റെയും നീക്കങ്ങൾ എന്ന് കേരളം തിരിച്ചറിയും.
ഗവണ്മെന്റിന്റെ അനീതിക്കെതിരെ സമരം ചെയുന്ന യുവജനങ്ങളെ അധികാര ദുർവിനിയോഗത്തിലൂടെ നേരിടുന്ന ഇടത്പക്ഷത്തിന്റെ കപട ജനാധിപത്യ മുഖം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.