
അഹിംസാ സിദ്ധാന്തവും മതരാഷ്ട്ര വാദവും ഒന്നിച്ചുപോകുന്നതല്ല എന്നതാണ് 1921 നൽകുന്ന ഏറ്റവും ലളിതമായ പാഠം!
മത-രാഷ്ട്ര സ്വപ്നങ്ങളെ മഹത്വമണിയിക്കുമ്പോൾ
1921 ലെ മലബാർ (ഏറനാട് – വള്ളുവനാട്) കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കെന്ത്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി അത് അവശേഷിക്കുമോ, അതോ സ്വാതന്ത്ര്യ സമരത്തെ (ഏതു സമരത്തെയും) മത-രാഷ്ട്ര സമരമാക്കി മാറ്റാനുള്ള പാഠപുസ്തകമായി അത് സ്ഥിരപ്രതിഷ്ഠ നേടുമോ?

എങ്ങനെ നോക്കിയാലും 1915 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിലെ ഏറനാട് – വള്ളുവനാട് വില്ലേജുകളിൽ നടന്ന കലാപത്തിന് തമസ്കരിക്കാനാവാത്ത പ്രാധാന്യമുണ്ട്
.ദേശീയ പ്രസ്ഥാനത്തിലെ ഹിന്ദു – മുസ്ലീം സഹകരണത്തിന്റെ ചരിത്ര പശ്ചാത്തലം
1916 ലെ “ലക്‌നൗ പാക്‌ട്” സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മതന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് പരസ്പരം സമ്മതിക്കുകയുണ്ടായി. കൂടാതെ, മുസ്ലിംലീഗിന്റെ നേതാക്കൾ ഇന്ത്യയ്ക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ബാല ഗംഗാധര തിലകനും മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്ന് മുഹമ്മദ് അലി ജിന്നയുമായിരുന്നു ഈ കരാറിന്റെ ശിൽപികൾ.
1915 ൽ സൗത്ത് ആഫ്രിക്കയിൽനിന്നു മടങ്ങിയെത്തി 1920 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ “നിസ്സഹകരണ പ്രസ്ഥാന”വും മുസ്‌ലിം ലീഗ് നേതൃത്വം നൽകിയ “ഖിലാഫത് പ്രസ്ഥാന”വും പരസ്പരം കൈകോർത്തുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഒരു സംയുക്ത മുഖം നൽകാനുള്ള പശ്ചാത്തലം ഒരുക്കിയത് ലക്‌നൗ പാക്ടാണ്
. മുസ്ലീം ലീഗും ഖിലാഫത്തു സമരവും
ഇന്ത്യയിലെ മുസ്‌ലിം സമൂഹം ആഗോള ഇസ്ലാമിക ഐക്യത്തിന്റെ പ്രതീകമായി കരുതിയിരുന്ന ഓട്ടോമൻ സുൽത്താനും കാലിഫേറ്റിനും നേരെ, ഒന്നാം ലോകമഹാ യുദ്ധത്തിൽ തുർക്കിക്കേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടന്റെ നേതൃത്വത്തിൽ എടുത്ത നടപടികളിൽ പ്രതിഷേധിച്ചായിരുന്നല്ലോ ഇന്ത്യയിൽ ഖിലാഫത് സമരത്തിന്റെ (1919-1924) തുടക്കം.
ഖിലാഫത് സമരത്തെ പിന്തുണക്കാൻ കോൺഗ്രസ്സിനെ ആഹ്വാനം ചെയ്ത ഗാന്ധിജി, പകരം ആവശ്യപ്പെട്ടത് മുസ്ലീങ്ങൾ അഹിംസാ സിദ്ധാന്തം കൈവിടുകയില്ല എന്ന ഉറപ്പായിരുന്നു. ഗാന്ധിജിയുടെ സത്യാഗ്രഹ സമരങ്ങളുടെയെല്ലാം ആത്യന്തിക ലക്‌ഷ്യം സത്യവും, മാർഗം അഹിംസയും ആയിരുന്നല്ലോ. 1947 ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള അദ്ദേഹത്തിന്റെ സഹനസമരങ്ങളെ അക്രമംകൊണ്ട് അടിച്ചമർത്താൻ ആവുമായിരുന്നില്ല എന്നതുതന്നെയായിരുന്നു ബ്രിടീഷ് ഭരണാധികാരികൾക്കുമുന്പിൽ അദ്ദേഹത്തെ അജയ്യനാക്കിയതും
.ഗാന്ധിജിയും നിസ്സഹകരണ പ്രസ്ഥാനവും
1920-22 ലെ നിസ്സഹകരണ പ്രസ്ഥാനം സ്വയം ഭരണം (സ്വരാജ്) ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ ബ്രിടീഷ് ഭരണത്തിനെതിരേ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സുപ്രധാന ചുവടുവയ്പായിരുന്നു.
മലബാർ കലാപവും ദേശീയ പ്രസ്ഥാനവും
ഇന്ത്യയിലെ ബ്രിടീഷ് ഭരണാധികാരികൾക്കെതിരെ മതപരമായ സമരം നടത്തിവന്ന ഇന്ത്യൻ മുസ്ലീങ്ങളുടെ ഖിലാഫത് സമരത്തിന് പിന്തുണ നല്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് എന്താണ്? ബ്രിടീഷ് ഭരണത്തിനെതിരെ ഇന്ത്യയിലെ മുഖ്യ ജനവിഭാഗങ്ങളായ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഒരു സംയുക്ത സമര നിര രൂപപ്പെട്ടുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നിരിക്കാം. ഖിലാഫത് സമരത്തിന് പിന്തുണ നൽകുമ്പോൾ അദ്ദേഹം മുന്നോട്ടുവച്ച ഉപാധി, സമരം അഹിംസയിൽ അധിഷ്ഠിതമായിരിക്കണം എന്നതായിരുന്നല്ലോ. ഈ പശ്ചാത്തലത്തിൽ, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മുസ്ലീങ്ങളുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങളും തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ഇസ്ലാമിക രാജ്യത്തിന്റെ സ്ഥാപനവും നടപടികളുമാണല്ലോ മലബാർ കലാപമെന്നും മാപ്പിള ലഹളയെന്നും മറ്റും ചരിത്രത്തിൽ അറിയപ്പെടുന്നത്. മലബാർ കലാപത്തിൽ അരങ്ങേറിയ ക്രൂരതയും മതവൈരവും ഗാന്ധിജിയെ ഏറെ ദുഖിപ്പിച്ചു എന്നതിൽ തർക്കമില്ല. ഗാന്ധിജിയെ മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളെയെല്ലാം മലബാർ കലാപം കുഴപ്പത്തിലാക്കിയതായാണ് മനസ്സിലാകുന്നത്. ഗാന്ധിജിക്കു നിസ്സഹകരണ പ്രസ്ഥാനംതന്നെ പിൻവലിക്കേണ്ടിവന്നു.
വാരിയൻകുന്നൻ: വില്ലനോ നായകനോ?
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി സമരം നയിച്ച “ഖിലാഫത് പോരാളി” ആയിരുന്നെങ്കിൽ, ഖിലാഫത് സമരം അഹിംസയിൽ അധിഷ്ഠിതമായിരിക്കണം എന്ന വ്യവസ്ഥ അദ്ദേഹം ശിരസ്സാ വഹിച്ചിരുന്നോ? ഖിലാഫത്തു പ്രസ്ഥാനത്തെ പിന്തുണച്ച ഗാന്ധിജി അതിന്റെ പേരിൽ നടന്ന മനുഷ്യത്വരഹിതമായ കൊലപാതകങ്ങളെ ന്യായീകരിച്ചതായി ആരെങ്കിലും അവകാശപ്പെടുമോ? അല്ലെങ്കിൽ, മലബാർ കലാപത്തിൽ കൊലപാതക പരമ്പരകൾ നടന്നിട്ടില്ല എന്ന് ആരെങ്കിലും വാദിക്കുമോ? കലാപത്തിൽ കൊലചെയ്യപ്പെട്ടവർ ആരൊക്കെയെന്നും അവരുടെ പശ്ചാത്തലം എന്തെന്നും വ്യക്തമാക്കുന്ന ആധികാരിക രേഖകൾ ഏതൊക്കെയാണ്?
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്ലാമിക് ഖാലിഫേറ്റ് പോരാളിയായിരുന്നൊ, ഖിലാഫത് സമരനേതാവായിരുന്നോ, മലബാറിൽ സ്വാതന്ത്ര്യസമരം നയിച്ച ദേശസ്നേഹിയായിരുന്നോ എന്നു നിർണയിക്കേണ്ടത് ചരിത്ര വസ്തുതകളുടെ വെളിച്ചത്തിലാവണം. ചരിത്രത്തെ കാല്പനികവത്കരിച്ചുണ്ടാക്കുന്ന പുരാവൃത്തങ്ങൾക്കു പുതിയ മതരാഷ്ട്ര സ്വപ്നങ്ങൾക്ക് നിറംപകരാൻ കഴിഞ്ഞേക്കുമെങ്കിലും, അത് ചരിത്രത്തെ പുറകോട്ടു നയിക്കലാകും. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും ദേശീയ പ്രസ്ഥാനത്തിൽ വഹിച്ച പങ്ക് വസ്തുനിഷ്ഠമായിത്തന്നെ പഠനവിധേയമാകേണ്ടതാണ്.
മലബാർ കലാപത്തിന്റെ ബാക്കിപത്രം
മലബാർ കലാപം ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരേ ആയിരുന്നെങ്കിൽ, കൊല്ലപ്പെട്ടത് ആരായിരുന്നു? ഇന്ത്യക്കാർ ഇന്ത്യക്കാരെ കൊന്നുതള്ളി ബ്രിട്ടീഷുകാർക്കെതിരേ സമരം നടത്തിയതാണെന്ന് വരുമോ? കൊല്ലപ്പെട്ടവരെല്ലാം രാജ്യദ്രോഹികളും നിയമവാഴ്ചയെ വെല്ലുവിളിച്ചവരുമായിരുന്നോ? ഇതൊന്നുമല്ലെങ്കിൽ, പിന്നെ എന്തായിരുന്നു കലാപത്തിന്റെ യഥാർത്ഥ കാരണവും സ്വഭാവവും?
“അന്വേഷണ വിധേയമായ എല്ലാ കുറ്റകൃത്യങ്ങൾക്കും പൊതുവെ കാണുന്ന ഒരു പ്രകടമായ സ്വഭാവമുണ്ട്. അത് കുറ്റവാളികളുടെ വിട്ടുവീഴ്ചയില്ലാത്ത മതാവേശമാണ്. അക്രമങ്ങൾക്കു പ്രേരകമായ യഥാർത്ഥ വസ്തുത ഇതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല” (മലബാർ മാന്വൽ). മലബാർ കലാപത്തെ “മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തം” എന്നാണല്ലോ ഡോ. ബി ആർ. അംബേദ്‌കർ വിശേഷിപ്പിച്ചത്! കലാപത്തിന്റെ ലക്ഷ്യം ഇസ്ലാമിക് സ്വരാജ് സ്ഥാപനം ആയിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ, വാരിയൻകുന്നനെയും ആലി മുസ്‍ലിയാരെയും മറ്റും ഇപ്പോൾ മഹത്വവത്കരിക്കുന്നത് ആരാണ്? അവരുടെ ലക്‌ഷ്യം എന്താണ്? മലബാർ ലഹള ആഘോഷിക്കപ്പെടേണ്ട ഒന്നാണോ? ഹിന്ദു – മുസ്‌ലിം ഐക്യത്തിനായി രൂപംകൊടുത്ത ഒരു ധാരണയെ അട്ടിമറിച്ചു സ്വാതന്ത്ര്യ സമരത്തെ മതസമര (ജിഹാദ്) മാക്കി മാറ്റിയ സംഭവമായിരുന്നില്ലേ മലബാർ കലാപം? സ്വാതന്ത്ര്യ സമരത്തെ മത രാഷ്ട്ര വാദത്തിനുള്ള മറയും ഉപാധിയും ആക്കിയതിനെ ഇപ്പോൾ ആഘോഷിക്കുന്നത് ആരുടെ താല്പര്യമാണ്? ചരിത്രത്തിലെ തെറ്റുകൾ “തിരിച്ചറിവുകൾ” ആകണമോ ആഘോഷിക്കപ്പെടണമോ? ചരിത്രം നൽകുന്ന പാഠം
1921 ൽ മാപ്പിള സ്വരാജ് സ്ഥാപിച്ചവരുടെ അതേ താല്പര്യത്തോടെ, 1947ൽ “പാകിസ്ഥാൻ” സ്ഥാപിതമായത് അഭിമാനകരമെന്ന് കരുതാമോ? മലബാർ കലാപത്തെ അപ്പാടെ തള്ളിപ്പറയാൻ മടികാണിച്ച ഗാന്ധിജിക്കും കോൺഗ്രസിനും, ഇൻഡ്യാ വിഭജനത്തിലൂടെ, കനത്ത വിലതന്നെ നൽകേണ്ടിവന്നു! ഏതൊന്നിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയോ, ആ രാജ്യംതന്നെ വെട്ടിമുറിക്കപ്പെട്ടു. മലബാർ കലാപത്തിന്റെ അരൂപിയിൽ സ്വാതന്ത്ര്യ പ്രാപ്‌തിയോടനുബന്ധിച്ചു രാജ്യം മുഴുവൻ പടർന്നുപിടിച്ച വർഗീയ ലഹളകളിൽ കുരുതിക്കഴിക്കപ്പെട്ടത് എത്ര ദശലക്ഷം മനുഷ്യജീവനായിരുന്നു?
1921 ന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിൽ ആവേശം കൊള്ളുന്നവർ, അതിന്റെ ചരിത്ര പശ്ചാത്തലത്തിൽ 1925 ൽ രൂപംകൊണ്ട ആർഎസ്എസിന്റെ നൂറാം വാർഷികം വരുമ്പോൾ എങ്ങനെ പ്രതികരിക്കും? മതരാഷ്ട്രവാദത്തെ മതരാഷ്ട്രവാദം കൊണ്ട് നേരിടാൻ ഇറങ്ങി പുറപ്പെട്ടതിന്റെ പരിണതഫലം ഇന്ത്യ ഇന്നും അനുഭവിക്കുമ്പോൾ, മലബാറിൽ മതരാഷ്ട്രം സ്ഥാപിച്ചതിന്റെ ആഘോഷങ്ങൾ പുതു തലമുറയ്ക്ക് നൽകുന്ന സന്ദേശം എന്തായിരിക്കും?
ആവർത്തിക്കാൻ പാടില്ലാത്ത തെറ്റിന് പരിഹാരം ചെയ്യുന്നതിനു പകരം അതിനെ ആദർശവത്കരിക്കുന്നത് ചരിത്രത്തെ ഉത്തരവാദിത്വത്തോടെ സമീപിക്കുന്ന ഒരു സമൂഹത്തിനു ചേർന്ന പ്രവൃത്തിയാണോ? ഇനിമുതൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ഹിന്ദു-മുസ്ലീം വർഗീയ ലഹളയ്ക്ക് നേതൃത്വം നൽകിയവരുടെ പേരിലായിരിക്കുമോ?!

പിൻകുറിപ്പ്: അഹിംസാ സിദ്ധാന്തവും മതരാഷ്ട്ര വാദവും ഒന്നിച്ചുപോകുന്നതല്ല എന്നതാണ് 1921 നൽകുന്ന ഏറ്റവും ലളിതമായ പാഠം!

Varghese Vallikkatt