ഒരു ദുരന്തവും രണ്ടു ഇൻഷുറൻസും (ഏജന്റുമാരും) !

Share News

ജനീവയിൽ എനിക്കൊരു കാറുണ്ട്. പക്ഷെ മിക്കവാറും സമയം അത് ഓഫിസ് കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ തന്നെയാണ്. ജനീവയിലെ പൊതു ഗതാഗതം വളരെ നല്ലതും വിശ്വസനീയവും ആയതിനാലും ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാലും കാറുപയോഗിക്കേണ്ട ആവശ്യം അപൂർവ്വമായിട്ടേ വരാറുള്ളൂ. നാട്ടിൽ നിന്നും സുഹൃത്തുക്കൾ വരുമ്പോഴാണ് കാറിന് ഒരു ഓട്ടം കിട്ടുന്നത്.

കാറു ഗാരേജിൽ ആയതിനാൽ ഏറ്റവും ചുരുങ്ങിയ ഇൻഷുറൻസ് ആണ് എടുക്കാറുള്ളത്, എന്നാലും ചിലവ് കുറവൊന്നുമില്ല. ഒരു വർഷം ഒരു ലക്ഷം രൂപയുടെ മുകളിൽ വരും.

ഒരിക്കൽ എൻ്റെ ഇൻഷുറൻസ് ഏജന്റ് കാറിന്റെ ഇൻഷുറൻസ് പ്രീമിയം അടക്കാനുള്ള പേപ്പറിനോടൊപ്പം ഒരു പേപ്പർ കൂടി അയച്ചു. നൂറു ഫ്രാങ്കിൽ താഴെ ഉള്ള എന്തോ ഒന്നാണ്, പക്ഷെ ഫ്രഞ്ചിലായതിനാൽ എനിക്കത് വായിച്ചിട്ട് മനസ്സിലായില്ല.

ഞാൻ അത് എൻ്റെ സുഹൃത്തിനോട് ചോദിച്ചു.”മുരളി ഇത് ആലിപ്പഴം (hail) വീണു കാറു ഡാമേജ് ആയാൽ അതിനുള്ള നഷ്ട പരിഹാരത്തിനുള്ളതാണ്”.ഞാൻ സ്വിസ്സിൽ എത്തി പത്തു വർഷം ആയിരുന്നു. എല്ലാ വർഷവും മഞ്ഞുവീഴ്ച്ച ഉണ്ട്, മഴയും ഉണ്ട്. പക്ഷെ ആലിപ്പഴം ഉള്ള കാറ്റ് (hailstorm) കണ്ടിട്ടില്ല. ഇനി അഥവാ വന്നാൽ തന്നെ എൻ്റെ കാറ് മിക്കവാറും ഗാരേജിൽ ആണ്. അതിന് വേണ്ടി അയ്യായിരം രൂപ കൊടുക്കണോ ?, ഞാൻ ചിന്തിച്ചു.പിന്നെ വിചാരിച്ചു. അയ്യായിരം രൂപയുടെ കാര്യമല്ലേ, കിടക്കട്ടെ !.അത് നന്നായി. ആ വർഷം യൂറോപ്യൻ യൂണിയനിൽ ഒരു മീറ്റിങ്ങിനായി ഞാൻ രാവിലെ ബ്രസ്സൽസിന് പോയി, വൈകിട്ട് തിരിച്ചെത്താനുള്ളതാണ്, അതുകൊണ്ട് കാറ് കൊണ്ടുവന്ന് എയർ പോർട്ട് പാർക്കിങ്ങിൽ ഇട്ടു.തിരിച്ചു വൈകീട്ട് ജനീവയിൽ എത്തിയപ്പോൾ കണ്ടത് നല്ല കാഴ്ചയാണ്. ആ കാർ പാർക്കിൽ ഉള്ള ഒറ്റ കാറിന് പോലും ചില്ലുകൾ ഇല്ല. “അഞ്ചു മിനുട്ടാണ് ആലിപ്പഴം വീണത്” പക്ഷെ ആയിരക്കണക്കിന് കാറുകളുടെ ചില്ലുകൾ അത് പൊട്ടിച്ചു കളഞ്ഞു.കാറിന്റെ ചില്ലു മാറ്റാനും മറ്റു പണികൾക്കുമായി പതിനായിരം ഫ്രാങ്ക് ആയി.ഒരു ഇൻഷുറൻസ് എടുക്കാനുള്ള തീരുമാനം എത്ര നന്നായി എന്ന് അപ്പോൾ തോന്നി.

ഇൻഷുറൻസിൻ്റെ കാര്യം എപ്പോഴും അങ്ങനെയാണ്. എടുക്കുന്ന സമയത്ത് നമുക്ക് ആവശ്യമുണ്ടോ എന്നൊക്കെ തോന്നും, പക്ഷെ ആവശ്യം വരുന്ന സമയം ഉണ്ടായാൽ അത് നിർണ്ണായകം ആകും. എടുക്കാത്തതിൽ ഏറെ മനസ്താപം ഉണ്ടാകും.

സമൂഹത്തിൽ വളരെ കുറച്ചു മാത്രം ഇൻഷുറൻസ് ഉള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും അത്യാവശ്യമായ ആരോഗ്യ ഇൻഷുറൻസ് പോലും ബഹുഭൂരിപക്ഷത്തിനും ഇല്ല.കേരളത്തിൽ ആരോഗ്യ ചിലവുകൾ കൂടി വരുന്നതോടെ ആരോഗ്യ ഇൻഷുറൻസുകൾ പൊതുവെ കൂടി വരുന്നുണ്ട്, നല്ല കാര്യം.

ഒരു വർഷത്തിൽ പതിനായിരം പേർ അപകടങ്ങളിൽ മരിക്കുന്ന കേരളത്തിൽ ലൈഫ് ഇൻഷുറൻസ് എല്ലാവരും എടുത്തിരിക്കും എന്ന് നമ്മൾ കരുതും, പക്ഷെ നൂറിൽ പത്തു പേർക്കും അത്തരത്തിൽ ഇൻഷുറൻസ് ഇല്ല. റോഡപകടം ആകുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് എങ്കിലും കിട്ടാനുള്ള സാധ്യത ഉണ്ട്. മുങ്ങി മരിച്ചാലും മരം വെട്ടാൻ പോയി വീണു മരിച്ചാലും ഒരു ഇൻഷുറൻസുമില്ല.

ആയിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിൽ മുങ്ങി മരിക്കുന്നത്.വീടുകളുടെ ഇൻഷുറൻസിന്റെ കാര്യവും വ്യത്യസ്തമല്ല. വാഹനങ്ങൾ വാങ്ങുബോഴും വീട് പണിയാൻ ലോൺ എടുക്കുമ്പോഴും ഇൻഷുറൻസ് നിര്ബന്ധമായത് കൊണ്ട് ആളുകൾ മനസ്സില്ലാ മനസ്സോടെ അതെടുക്കും. രണ്ടായിരത്തി പതിനെട്ടിൽ പ്രളയം വന്നപ്പോൾ ഇൻഷുറൻസ് പരിരക്ഷ കിട്ടിയ ബഹുഭൂരിപക്ഷം പേരും അത് ബാങ്ക് ലോണിന്റെ ഭാഗമായി എടുത്തവരാണ്.

കേരളത്തിൽ ജീവിക്കുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസും, ഹെൽത്ത് ഇൻഷുറൻസും താമസിക്കുന്ന വീടിനും (വീട് സ്വന്തമല്ലെങ്കിൽ വീടിനുള്ളിലുള്ള വസ്തുക്കൾക്കും) ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്.ഇന്ത്യയിൽ പൊതുവെ ഇൻഷുറൻസ് എടുക്കുന്നത് കുറവാണെന്ന് പറഞ്ഞല്ലോ. ഉള്ള ഇൻഷുറൻസുകൾ ആളുകൾ എടുക്കാത്തത് കൊണ്ടാകണം ആവശ്യമുള്ള മറ്റു ഇൻഷുറൻസുകൾ കമ്പനികൾ ഓഫർ ചെയ്യാത്തത്.

ഒരുദാഹരണം പറയാം. എൻ്റെ വീട്ടിൽ ഒരാൾ ജോലിക്ക് വന്നു, ഒരു ചെടിയുടെ കമ്പു വെട്ടുമ്പോൾ മാറി കൊണ്ടത് കാലിലാണ്, സർജറി ഒക്കെ വേണ്ടി വന്നു, രണ്ടാഴ്ച ആശുപത്രിയിലായി, ചിലവ് ഇരുപത്തിനായിരത്തിന് മുകളിൽ പോയി. ഇത്തരം അപകടം ഉണ്ടായാൽ വീട്ടുടമ ചിലവ് വഹിക്കുകയേ മാർഗ്ഗമുള്ളൂ. ഭാഗ്യത്തിന് ജീവൻ പോയില്ല, അങ്ങനെ വന്നിരുന്നെങ്കിൽ നഷ്ട പരിഹാരവും കൊടുക്കേണ്ടി വരും. ആയിരം രൂപയുടെ എന്തെങ്കിലും ജോലിക്ക് ഒരാളെ വീട്ടിൽ വിളിച്ചാൽ അമ്പതിനായിരമോ അഞ്ചു ലക്ഷമോ ചിലവും നഷ്ടപരിഹാരവും കൊടുക്കേണ്ട സാഹചര്യം ഇപ്പോൾ ഉണ്ട്.

സ്വിറ്റ്‌സർലൻഡിൽ ഇതിന് മാത്രമായി ഒരു ഇൻഷുറൻസ് ഉണ്ട്. ഇത് എന്നേ നമുക്ക് വേണ്ടതാണ്.നമ്മുടെ വീട്ടിൽ ഒരു പട്ടിയുണ്ടെന്ന് കരുതുക. അത് ഒരാളെ കടിച്ചാൽ അതിൻ്റെ ചികിത്സാ ചിലവും നഷ്ടപരിഹാരവും എത്ര തന്നെയാകാം. അതിനും വിദേശങ്ങളിൽ ഇൻഷുറൻസ് ഉണ്ട്.നമ്മുടെ വീട്ടിൽ തൊഴിലിനു വരുന്നവർക്കും ഉണ്ട് ഇൻഷുറൻസ്. മരം വെട്ടാൻ വരുന്ന ആൾ മരം വെട്ടുമ്പോൾ അത് വീഴുന്നത് നമ്മുടെ വീടിന് മുകളിൽ ആണെങ്കിൽ നഷ്ടം നമ്മൾ സഹിച്ചേ പറ്റൂ. പക്ഷെ വിദേശങ്ങളിൽ അതിനും ഇൻഷുറൻസ് ഉണ്ട്.

ഞാൻ പറഞ്ഞു വരുന്നത് ഇതാണ്. ഈ ദുരന്തവും ഇൻഷുറൻസും തമ്മിൽ ഒരു അന്തർധാര ഉണ്ട്. സാധാരണ ഗതിയിൽ നമുക്ക് ഒരു ദുരന്തവും വരില്ല എന്ന ഉറപ്പിൽ നമ്മൾ ജീവിക്കുന്നു. ഇൻഷുറൻസ് ഏജന്റുമാർ വന്നാൽ പിടി കൊടുക്കാതെ നോക്കുന്നു. ഇൻഷുറൻസ് ഏജന്റുമാരെ സിനിമകളിൽ ഒക്കെ തമാശ കഥാപാത്രങ്ങൾ ആക്കുന്നു.പക്ഷെ ദുരന്തങ്ങൾ നമുക്കും വരും, ആ ദിവസം ഇൻഷുറൻസ് ഇല്ലാത്തതിനെ നമ്മൾ ശപിക്കും, ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ ഏജന്റ് ഡിങ്കന്റെ ഏജന്റ് ആകും.

മുരളി തുമ്മാരുകുടി

(എൻ്റെ ബന്ധുവും ഇൻഷുറൻസ് ഏജന്റുമായ ഗിരിജയും Girija Pankaj ഭർത്താവും വീട്ടിൽ വന്നപ്പോൾ ആണ് ഇക്കാര്യത്തെ പറ്റി എഴുതണം എന്ന് തോന്നിയത്).

Share News