പാലാരിവട്ടം പാലം തിങ്കളാഴ്ച്ച മുതല്‍ പൊളിച്ചുതുടങ്ങും: എട്ട് മാസത്തിനകം പുതിയ പാലം
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം മറ്റന്നാള്‍ പൊളിച്ചുതുടങ്ങും . ഡിഎംആര്‍സിയുടെയും നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തിങ്കളാഴ്ച പാലം പൊളിച്ചു തുടങ്ങാന്‍ തീരുമാനമായത്. എട്ട് മാസത്തിനകം പണി തീര്‍ക്കുവാനാണ് തീരുമാനം. പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ വരുത്തുമോയെന്നു വ്യക്തമല്ല. പാലം പൊളിക്കുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്.
പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്നും എട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കാമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പാലം പൊളിച്ചുപണിയാന്‍ സുപ്രീം കോടതി കഴിഞ്ഞയാഴ്ച സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.