
പാലാരിവട്ടം പാലം: മേല്‍നോട്ടം ഇ.ശ്രീധരന് , ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സുധാകരന്‍
കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കുമെന്നും പാലം പണി ഒന്‍പത് മാസത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീധരനുമായി ഉടന്‍ തന്നെ സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. മെട്രോമാൻ ശ്രീധരന്‍ സാറിന്‍റെ റിപ്പോര്‍ട്ട്, മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ചെയ്തത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ അറിവുള്ള ഇ. ശ്രീധരന്‍ സാറിന്റെയും, മദ്രാസ് ഐ.ഐ.ടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടേയും പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോര്‍ട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേർഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചത്.
9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ.ശ്രീധരന്‍ സാര്‍ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ പാലം പണി ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയര്‍ത്തിപിടിച്ചു.
ഇതിന് വേണ്ടി വാദിച്ച ശ്രീ വേണുഗോപാല്‍ അഡ്വക്കറ്റ് ജനറല്‍, പ്രത്യേകമായി ഈക്കാര്യത്തില്‍ ഇടപെട്ട ഗവണമെന്‍റ് പ്ലീഡർ ശ്രീ മനോജ്, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നു. സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിൻ്റേയും പൊതുമരാമത്ത് വകുപ്പിൻ്റേയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നു.
പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. – മന്ത്രി പറഞ്ഞു