
രോഗിയെ പുഴുവരിച്ച സംഭവം: മൂന്ന് പേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നും വിട്ടയച്ച കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സസ്പെന്ഷന്. നോഡല്‍ ഓഫീസറായ ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, കെ.വി. രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
ഓഗസ്റ്റ് 21നാണ് വീഴ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസമാണ് അനില്‍കുമാറിന് കോവിഡ് രോഗബാധ നെഗറ്റീവായത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ശരീരത്തില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്.
ക്ഷീണിച്ച് അവശനായി എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ് അനില്‍കുമാറിനെ ഒരു മാസശേഷം തങ്ങള്‍ കാണുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.