പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

കോവിഡ്-19 ലോക സമ്പദ് വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ പ്രതിസന്ധിയുടെ നടുവിലേക്കാണ് ജാതിമതഭേദമന്യേ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഓണം കടന്നു വന്നിരിക്കുന്നത്. പക്ഷേ, ഒഴിവുകഴിവുകൾ പറഞ്ഞു മാറി നിൽക്കാനല്ല, ഈ സന്ദർഭത്തിലും ജനങ്ങളെ പരമാവധി സഹായിക്കണമെന്ന ദൃഢനിശ്ചയവുമായാണ് സർക്കാർ ഇടപെട്ടത്. ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000-ൽ അധികം കോടി രൂപയാണ് സർക്കാർ വിതരണം ചെയ്തത്.

ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് ഇനങ്ങളിൽ 2,304.57 കോടി രൂപയും, സര്‍വ്വീസ് പെന്‍ഷൻ ഇനത്തിൽ 1,545 കോടി രൂപയും, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നൽകാൻ 1,170.71 കോടി രൂപയും, ക്ഷേമനിധി പെന്‍ഷന്‍ സഹായമായി 158.85 കോടി രൂപയും, ഓണക്കിറ്റ് വിതരണം ചെയ്യാൻ 440 കോടി രൂപയും, നെല്ല് സംഭരണത്തിനായി 710.00 കോടി രൂപയും, ഓണം റേഷന്‍ ഇനത്തിൽ 112 കോടി രൂപയും, കണ്‍സ്യൂമര്‍ഫെഡിന് 35 കോടി രൂപയും, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് 140.63 കോടി രൂപയും, ആശാ വര്‍ക്കര്‍മാര്‍ക്ക് 26.42 കോടി രൂപയും, കൈത്തറി തൊഴിലാളികൾക്കായി 30 കോടി രൂപയും സർക്കാർ ചിലവഴിച്ചു. ഇതു കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായങ്ങളും വിതരണം ചെയ്തു.

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപയും അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്ത് പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്തുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. ഈ മഹാമാരിയുടെ കാലത്തും നമുക്ക് കരുതലോടെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ട്.

മുഖ്യ മന്ത്രി പിണറായി വിജയൻ

Share News