
ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം.
എല്ലാവർക്കും വിജയാശംസകൾ നേരുന്നു. എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിൻ്റെ തീരുമാനത്തിൻ്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് ഈ റിസൾട്ട്. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കോവിഡ്- 19 മഹാമാരി ഉയർത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും നമുക്ക് സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്.
രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാർത്ഥം പ്രയത്നിച്ചു.
എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു. ഏതു മഹാമാരി വന്നാലും, എത്ര വലിയ പ്രളയം ആഞ്ഞടിച്ചാലും, ആരൊക്കെ എതിരു നിന്നാലും, ഒത്തൊരുമിച്ച് നിന്ന് കേരളത്തിന് അതു മറികടക്കാനാകുമെന്നതിൻ്റെ തെളിവാണ് ഇന്നു നമ്മൾ കണ്ടത്. ഈ ഘട്ടത്തിൽ കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജവും ആത്മവിശ്വാസവും ഈ നേട്ടം നമുക്ക് പകരട്ടെ.
മുഖ്യ മന്ത്രി പിണറായി വിജയൻ