
സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്‍റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.-മുഖ്യമന്ത്രി
എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലത്തെ സാഹചര്യത്തിൽ വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു.
മുഖ്യമന്ത്രിയുടെ ഓണാശംസ
അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം.
പഞ്ഞക്കര്‍ക്കിടകത്തെ കടന്നാണല്ലൊ നാം പൊന്‍ചിങ്ങത്തിരുവോണത്തിലെത്തുന്നത്. അപ്പോള്‍ ഓണം വലിയ ഒരു പ്രതീക്ഷയാണ്; പ്രത്യാശയാണ്. ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികള്‍ മനസ്സില്‍ വെളിച്ചം പടര്‍ത്തട്ടെ. ഇക്കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യമുണ്ട്.
ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കല്‍പമാണ്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു എന്ന് ആ സങ്കല്‍പം പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊര്‍ജത്തിന്‍റെ കേന്ദ്രമാണ് ആ സങ്കല്‍പം. എല്ലാ മനുഷ്യരും ഒരുമയില്‍, സമത്വത്തില്‍, സ്നേഹത്തില്‍, സമൃദ്ധിയില്‍ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്നാഗ്രഹിച്ച് അതിനായി യത്നിക്കുന്ന ആര്‍ക്കും അളവില്‍ കവിഞ്ഞ പ്രചോദനം പകര്‍ന്നുതരും ആ സങ്കല്‍പം. ആ യത്നങ്ങള്‍ സഫലമാവട്ടെ.
എല്ലാവിധ വേര്‍തിരിവുകള്‍ക്കുമതീതമായി എല്ലാവിധ ഭേദചിന്തകള്‍ക്കുമതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്‍റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം. കോവിഡ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വമായ ഓണാശംസകള്‍.