
കവി ചെമ്മനം ചാക്കോ;രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ!
ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം, ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു.
അദ്ദേഹത്തിൻ്റെ രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ!
14.08.2018 -ന് അർദ്ധരാത്രിയിൽ കാക്കനാട് (എറണാകുളം), പടമുകളിലെ തൻ്റെ വീട്ടിൽ നിര്യാതനായി. 92 വയസ്സ് ആയിരുന്നു. 2016-ൽ ചെമ്മനം ചാക്കോക്ക് ആശാൻ സ്മാരക കവിത പുരസ്‌കാരം ലഭിച്ചപ്പോൾ, അദ്ദഹവും ചടങ്ങിൽ മുഖ്യാതിഥിയായ ഞാനും ഒരുമിച്ചാണ് ചെന്നൈയിൽ പോയതും വന്നതും….അദ്ദേഹത്തെ വാസനം കണ്ടതും ആ വേളയിൽ ആണ്.
🌍
വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന മുളക്കുളം ഗ്രാമത്തിൽ വൈദികനായിരുന്ന യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി ജനനം. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂൾ, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി.
പിറവം സെൻ്റ്. ജോസെഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെൻ്റ്. ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
🌍
1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ ‘പ്രവചനം’ എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ ‘കനകാക്ഷരങ്ങൾ’ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി.
വിളംബരം, കനകാക്ഷരങ്ങൾ, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പും വില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകൾ, ചിന്തേന്തേര്, നർമ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാൾപട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരൽ, അക്ഷരപ്പോരാട്ടം,തലേലെഴുത്ത്, കനൽക്കട്ടകൾ തുടങ്ങിയവയാണ് കവിതാ ഗ്രന്ഥങ്ങൾ. ചക്കരമാമ്പഴം, നെറ്റിപ്പട്ടം എന്നീ ബാലസാഹിത്യ കവിതകളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യൻ കഴുത, വർഗ്ഗീസ് ആന എന്നിവ ബാലസാഹിത്യ കഥകളായി ശ്രദ്ധ നേടി.കിഞ്ചനവർത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം, ചിരിവിരുന്ന് തുടങ്ങിയ ഹാസ്യസാഹിത്യ ഗ്രന്ഥങ്ങളും നിരവധി ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചു.
അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ സ്മാരക കവിത പുരസ്‌കാരം തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
🌍
കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.

ആർ. ഗോപാലകൃഷ്ണൻ | 2020 ഓഗസ്റ്റ് 15