
കരയാന്‍ ഒരിറ്റ് കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍, കരയാന്‍ പറ്റിയ സമയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാന സര്‍ക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ നാലു ജീവനുകളാണ് ഒറ്റദിവസം കൊണ്ട് അപഹരിക്കപ്പെട്ടതെന്നും കരയാന്‍ ഒരിറ്റു കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍ കരയാന്‍ പറ്റിയ സമയമിതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ‘സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
സംസ്ഥാന സര്‍ക്കാര്‍ വളരെ ശ്രമകരമായി നിര്‍മ്മിച്ചെടുത്ത ‘ആപ്പ്’ മുഖേന നല്കിയ മദ്യം കഴിച്ചാണ് മകന്‍ അമ്മയുടെ കഴുത്തു ഞരിച്ചതും മറ്റൊരിടത്ത് പിതാവിനെ തല്ലിക്കൊന്നതും. ഈ സംഭവങ്ങളില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സര്‍ക്കാരാണ് ഈ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചത്. സര്‍ക്കാര്‍ തന്നെയാണ് മുഖ്യപ്രതി.
മദ്യശാലകള്‍ തുറന്നതിന് ശേഷം പകര്‍ച്ചവ്യാധി മൂലമുള്ള മരണങ്ങളേക്കാള്‍ മരണങ്ങള്‍ സംഭവിക്കുന്നു. അക്രമങ്ങളും നിയമലംഘനങ്ങളും വര്‍ദ്ധിച്ചു.
മദ്യപിച്ച നിയമപാലകര്‍ തമ്മില്‍ കൂട്ടയടി നടത്തുന്നു. വീട്ടിലെ പണമെടുത്തു കൊണ്ട് പോയി മദ്യപിച്ച് വീട്ടിലിരിക്കുന്നവരെ തന്നെ കൊലക്കത്തിക്കിരയാക്കുന്നു. മദ്യപാനം നിന്നു പോയതിന് ശേഷം പുനരാരംഭിച്ചാല്‍ ഈ സാഹചര്യം ഉണ്ടാവുമെന്ന് ഞങ്ങള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. ഇനിയുള്ള ഓരോ ദുരന്തങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.
വാര്‍ത്താസമ്മേളനങ്ങളില്‍ മദ്യം മൂലമുള്ള അരുംകൊലകളുടെ എണ്ണം കൂടി മുഖ്യമന്ത്രി ഇനി മുതല്‍ പൊതുസമൂഹത്തെ അറിയിക്കണം. അദ്ദേഹം പറഞ്ഞു