
കോവിഡ് പ്രതിരോധം: ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഉത്തര്‍ പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യ അടിസ്ഥാനത്തിലാണ് കോവിഡ് മരണത്തെ യൂറോപ്യന്‍ രാജ്യങ്ങളേയും ഉത്തര്‍പ്രദേശിനേയും പ്രധാനമന്ത്രി താരമത്യം ചെയ്തത്.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നി യൂറോപ്യന്‍ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം വരും ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഈ നാലുരാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇത് കേവലം 600 ആണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രാദേശിക സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക സംഘടനകളുമായി സഹകരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതിയായ ‘ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.
ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ രാജ്യങ്ങള്‍ ഒരു കാലത്ത് ലോകത്തെ കീഴടക്കിയവരായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തികളായിരുന്നു. നിങ്ങള്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടുകയാണെങ്കില്‍, അത് 24 കോടി വരും. എന്നാല്‍ ഇന്ത്യയില്‍ ഉത്തര്‍ പ്രദേശില്‍ മാത്രം 24 കോടി ആളുകളുണ്ട്. കോവിഡ്19 മൂലം ഈ നാല് യൂറോപ്യന്‍ രാജ്യങ്ങളിലുമായി 1,30,000 മരണമടഞ്ഞതില്‍ നിന്ന് യുപി എത്രത്തോളം ഫലപ്രദമായിട്ടാണ് കോവിഡിനെ നേരിട്ടതെന്ന് ബോധ്യപ്പെടും. യുപിയില്‍ 600 പേര്‍ മാത്രമാണ് മരിച്ചത്. ഉത്തര്‍പ്രദേശ് ഈ പ്രശ്നത്തെ ഗൗരവത്തോടെയും ഫലപ്രദമായും കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആത്യന്തികമായി മരണമെന്നത് മരണം തന്നെയാണ്. ഓരോ ജീവനും വിലപ്പെട്ടതാണ്. ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ്. അതിപ്പോള്‍ ഇന്ത്യയില്‍ ആയാലും ലോകത്ത് എവിടെയായാലും. സാമൂഹിക അകലം ഉള്‍പ്പെടെയുളള മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളോട് മോദി അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസിന് ഒരു വാക്‌സിന്‍ ലഭിക്കാത്ത കാലംവരെ, ഇത് നമ്മെ ബാധിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള ഒരേയൊരു മാര്‍ഗം നല്ല വ്യക്തിഗത ശുചിത്വം പാലിക്കുക എന്നതാണ്. പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വീടുകളില്‍ നിന്ന് പുറത്തുപോകുമ്ബോള്‍ മാസ്‌ക് ധരിക്കുക. ഏറ്റവും പ്രധാനമായി ആറടി അകലം പാലിക്കുക എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു