അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം?ഏഴു കുട്ടികളുടെ അമ്മ: അമി ബാരറ്റിനേ സുപ്രീം കോടതിയിലേക്ക് !

Share News

വാഷിംഗ്‌ടണ്‍ ഡി.സി: ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ ഫെഡറല്‍ ജഡ്ജി അമി കോണി ബാരെറ്റിനെ.

അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം ഉണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഈ നാമനിര്‍ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പത്തിയെട്ടു വയസുള്ള ബാരെറ്റ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് നിലപാടുള്ള കത്തോലിക്ക വിശ്വാസിയാണ്. കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയായിരിന്ന ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഇരിപ്പിടത്തിലേക്കാണ് ജീവന്റെ മഹനീയതയെ ഏറെ ബഹുമാനിക്കുന്ന ബാരെറ്റ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നമ്മുടെ രാഷ്ട്രത്തിലെ ഏറ്റവും മികച്ചതും, പ്രതിഭയുള്ളതുമായ നിയമ മനസ്സുകളില്‍ ഒരാളെന്നാണ് ഇന്നലെ ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ ട്രംപ് ബാരെറ്റിനെ വിശേഷിപ്പിച്ചത്. അമേരിക്കയോടൊപ്പം ഭരണഘടനയേയും താന്‍ ഇഷ്ടപ്പെടുന്നുവെന്നും സുപ്രീം കോടതിയെ സേവിക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ ധന്യയാണെന്നും ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം റോസ് ഗാര്‍ഡനില്‍ കൂടിയിരുന്നവരോടു ബാരെറ്റ് പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് അന്റോണിന് സ്കാലിയയുടെ നീതിന്യായ തത്വശാസ്ത്രം തന്നെയാണ് തന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാരെറ്റിന്റെ ഏഴു കുട്ടികളില്‍ രണ്ടു പേര്‍ ദത്തെടുക്കപ്പെട്ടവരാണ്. കുട്ടികളില്‍ ഒരാള്‍ക്ക് ഭിന്നശേഷിയുമുണ്ട്.

Anti-abortion marchers rally at the Supreme Court during the 46th annual March for Life in Washington, U.S., January 18, 2019. REUTERS/Joshua Roberts

പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയ സമയത്ത് ബാരെറ്റിന്റെ ഭര്‍ത്താവും കുട്ടികളും റോസ് ഗാര്‍ഡനില്‍ സന്നിഹിതരായിരുന്നു. 22 അംഗങ്ങളുള്ള സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടർന്ന് നൂറംഗ സെനറ്റും വോട്ടെടുപ്പിലൂടെ നാമനിർദേശം അംഗീകരിച്ചാൽ സുപ്രീംകോടതിയിൽ ഒൻപതാമത്തെ ജഡ്ജിയായി ജഡ്ജ് അമി കോണി ബാരറ്റ് മാറും. സുപ്രീംകോടതിയിലേക്കുള്ള ട്രംപിന്റെ മൂന്നാമത്തെ നോമിനിയായ ബാരെറ്റ് പദവിയിലെത്തിയാല്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ പ്രോലൈഫ് വനിതയാകുമെന്നതും ശ്രദ്ധേയമാണ്.

സുപ്രീം കോടതി ജസ്റ്റിസുമാരില്‍ കുട്ടികളുള്ള ഒരേ ഒരാളും, സ്കൂള്‍ പ്രായമായ കുട്ടികളുടെ അമ്മയും ഇവര്‍ തന്നെയായിരിക്കും. നോട്രെഡെയിം സര്‍വ്വകലാശാലയില്‍ ബാരെറ്റ് വര്‍ഷങ്ങളോളം നിയമം പഠിപ്പിച്ചിട്ടുണ്ട്. ഉറച്ച കത്തോലിക്കാ വിശ്വാസിയായ ബാരെറ്റ് നോട്രെഡെയിം സര്‍വ്വകലാശാലയിലെ ‘ഫാക്കല്‍ട്ടി ഫോര്‍ ലൈഫ്’ ഗ്രൂപ്പില്‍ അംഗവുമായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ഗര്‍ഭനിരോധന അനുകൂല നിര്‍ദ്ദേശങ്ങളെ അപലപിച്ചുകൊണ്ട് ‘ബെക്കെറ്റ് ലോ’ പ്രസിദ്ധീകരിച്ച കത്തില്‍ ബാരെറ്റും ഒപ്പിട്ടിരിന്നു.

അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ കടുത്ത ആഹ്ലാദത്തിലാണ് ലോകമെമ്പാടുമുള്ള പ്രോലൈഫ് സമൂഹം. നാമനിര്‍ദേശം അംഗീകരിച്ചാല്‍ അമേരിക്കന്‍ സുപ്രീം കോടതിയില്‍ ആകെ ഒൻപതു ജഡ്ജിമാരിൽ ആറു യാഥാസ്ഥിതിക നിലപാടുള്ള മൂന്നു ലിബറലുകളുമാകും. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന വിഷയങ്ങളില്‍ പ്രോലൈഫ് സമീപനം ഉള്‍ക്കൊള്ളുന്ന മേൽക്കൈ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള ഡെമോക്രാറ്റുകള്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്.

WASHINGTON, DC – JANUARY 25: Anti-abortion protesters attend the March for Life on January 25, 2013 in Washington, DC. The pro-life gathering is held each year around the anniversary of the Roe v. Wade Supreme Court decision. (Photo by Brendan Hoffman/Getty Images)
Share News