പൊതുജനങ്ങളുടെ പരാതികള്‍ 45 ദിവസത്തിനകം തീർപ്പാക്കണം: ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

Share News

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

2020ല്‍ 22 ലക്ഷം പരാതികളാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. ഇതിന് പ്രത്യേകം പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരാതി ലഭിച്ച്‌ ഉടന്‍ തന്നെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. കോവിഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മുന്‍ഗണന നല്‍കി മൂന്നു ദിവസത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം അതിവേഗത്തിലാണ് പരാതികള്‍ തീര്‍പ്പാക്കുന്നത്. 87 ശതമാനം മന്ത്രാലയങ്ങളും വകുപ്പുകളും 45 ദിവസത്തിനകം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Share News