
രാജ്യദ്രോഹക്കുറ്റം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: രാജ്യദ്രോഹം ചെയ്തവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. അതിന്റെ തെളിവുകളും പുറത്തുവന്നതെന്നും ചെന്നിത്തല പറഞ്ഞു.
നാലുവര്‍ഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ശിവശങ്കര്‍ കളളക്കടത്തുകാരെ സഹായിച്ചു. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ ശിവശങ്കറെ മാറ്റിനിറുത്തുകയാണെന്നും തെളിവുകിട്ടിയാല്‍ സസ്പെന്‍ഡുചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
ശിവശങ്കറിനെ സസ്പെന്‍ഡുചെയ്യാന്‍ ഇപ്പോള്‍ ലഭിച്ചതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. എം ശിവശങ്കര്‍ പ്രതികളുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി എന്ന പദവി ഉപയോഗപ്പെടുത്തി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിന് ഒത്താശ ചെയ്തെന്ന് ചെന്നിത്തല ആരോപിച്ചു.
പ്രതികള്‍ക്കുവേണ്ടി ഫ്ളാറ്റ് ബുക്കുചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഐ ടി ഫെലോയാണ്. മന്ത്രി കെ.ടി ജലീലിന്റെ ജോലി കിറ്റുവാങ്ങലാണോ. കിറ്റുവാങ്ങാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമുണ്ടോ?.
കേരളത്തിലെ സ്വര്‍ണക്കടത്ത് ദേശീയ ചാനലുകള്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. കേസിന്റെ ദുരുഹത ഒരോദിവസം കഴിയുന്തോറും കൂടുകയാണ് . പത്രസമ്മേളനങ്ങളിലൂടെ മുഖ്യമന്ത്രി ജനങ്ങളെ മണ്ടന്മാരാക്കുകയാണ്.സ്പീക്കര്‍ക്കെതിരെ പ്രമേയം കെണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നാണ് മുഖ്യമന്ത്രി കളിയാക്കിയത്.എന്നാല്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ വിഷയ ബാഹുല്യമാണ്.സ്വര്‍ണക്കടത്തുകാരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തതിലൂടെ സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് തകര്‍ക്കുകയാണ് ചെയ്തത് എന്നും ചെന്നിത്തല പറഞ്ഞു.