ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

Share News

ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്.

പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ പെണ്‍കുട്ടികളെ ആദ്യം വീടുകളെത്തിക്കാന്‍ മൂന്നു ജീപ്പുകള്‍ കിട്ടി. തൊഴുപുഴയ്ക്കടുത്തുള്ള ഒരു സഹപാഠിയെ കൂടി ഒടുവില്‍ കിട്ടിയ ജീപ്പില്‍ അവരുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു ഞാന്‍ വീട്ടിലെത്തിയത്. ഭയപ്പെട്ട ദിവസം സഹായിച്ചതിന് ക്ലാസിലെ എല്ലാവരും തന്നെ പിന്നീട് നന്ദി പറയുകയും ചെയ്തതു മറക്കാനാകില്ല.

ദീപിക ബാലസഖ്യത്തില്‍ ലക്ഷം അംഗങ്ങള്‍ തികഞ്ഞ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എന്റെ നാടായ പാലായില്‍ എത്തിയതിനാല്‍ ഇന്ദിരാജിയോട് ഞങ്ങളുടെ നാട്ടുകാര്‍ക്കെല്ലാം രാഷ്ട്രീയഭേദമില്ലാതെ വലിയ സ്‌നേഹവും ആദരവുമുണ്ട്.

ഇന്ദിരയെ പോലുള്ള നേതാക്കളില്‍ നിന്നു ഇപ്പോഴത്തെ രാഷ്ട്രനേതാക്കളും പുതുതലമുറ രാഷ്ട്രീയക്കാര്‍ക്കും പഠിക്കാന്‍ ഏറെയുണ്ട്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുക്കേണ്ടി വന്ന ധീരവനിതയുടെ ഓര്‍മകള്‍ നമുക്ക് പ്രചോദനമാകട്ടെ. ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ൽ

Share News