വെറുതെയെങ്കിലും പലപ്പോഴും ആശിച്ചിട്ടുണ്ട് അവിടെ അച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ.

Share News

റോയി കൊട്ടാരച്ചിറ

പുറത്തെവിടെയെങ്കിലും പോയിട്ട് തിരികെ വരുമ്പോൾ അറിയാതെ വീടിൻ്റെ സിറ്റൗട്ടിൽ ഞാൻ തേടുന്നൊരു മുഖമുണ്ട്. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സൂര്യകിരണങ്ങൾ കണ്ണിലൊളിപ്പിച്ച്കാത്തിരിക്കുന്നൊരാൾ.

എൻ്റെ അച്ചാച്ചൻ.വെറുതെയെങ്കിലും പലപ്പോഴും ആശിച്ചിട്ടുണ്ട് അവിടെ അച്ചാച്ചൻ ഉണ്ടായിരുന്നെങ്കിൽ.കാലം എത്ര വേഗമാണ് കടന്നു പോകുന്നത്

. അച്ചാച്ചൻ ഞങ്ങളുടെ ഉള്ളിലെ ജ്വലിക്കുന്ന മുഖവും ഓർമയുമായിട്ട് ഇന്ന് അഞ്ചു കൊല്ലം. വർഷങ്ങൾ കടന്നു പോകുമ്പോഴും ഓർമകളുടെ തിളക്കം കുറയുകയല്ല, കൂടുകയാണ്.എനിക്കു മാത്രമല്ല അമ്മച്ചിക്കും എൻ്റെ രണ്ട് സഹോദരങ്ങൾക്കും.പരാതികളില്ലാത്ത ഒരാൾ. ഒറ്റ വാക്കിൽ ഇങ്ങനെ പറയാം അച്ചാച്ചനെക്കുറിച്ച്. ഒന്നിനെക്കുറിച്ചും ഒരാളെക്കുറിച്ചും എന്തെങ്കിലും പരാതിയോ കുറ്റമോ പറയുന്നത് ഒരിക്കലും കേട്ടിട്ടില്ല

. പിതാവിൻ്റെ മരണത്തോടെ ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തി അരി മില്ലിലെ സഹായിയും പിന്നീട് കയർ തൊഴിലാളിയുമായി മാറിയ അച്ചാച്ചൻ മറ്റു പലരുടെയും പഠനം തുടരുന്നതിനും മടങ്ങാതിരിക്കുന്നതിനും സഹായവും പ്രചോദനവുമായെന്ന് പിന്നീടറിഞ്ഞു.പലരും എന്നോട് അച്ചാച്ചൻ്റെ മരണശേഷം പങ്കുവച്ചതാണ് ഇക്കാര്യം.

ഉറച്ച വിശ്വാസിയായിരുന്നു. നന്നായി പ്രാർത്ഥിക്കും .ഞങ്ങളെ പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചു, അതെങ്ങനെയെന്ന് പഠിപ്പിച്ചു. വീട്ടിൽ ഒന്നിച്ചുള്ള പ്രാർത്ഥനയ്ക്കു ശേഷം ഒറ്റയ്ക്കിരുന്നു പ്രാർത്ഥിക്കുന്ന അച്ചാച്ചനെ ഞാൻ കണ്ടിട്ടുണ്ട്. മാനസികമായി വേദനിപ്പിച്ചവർക്കു വേണ്ടിയുള്ള അച്ചാച്ചൻ്റെ പ്രാർത്ഥനയാണ് കൂടുതലും.പ്രായമേറിയപ്പോൾ പ്രാർത്ഥന അൽപം ഉറക്കെയായി.അങ്ങനെയാണ് പ്രാർത്ഥിക്കുന്നത് ആർക്കൊക്കെ വേണ്ടിയാണെന്ന് മനസിലായത്.

വായനയായിരുന്നു അച്ചാച്ചൻ്റെ പ്രിയപ്പെട്ട വിനോദം. ഞാൻ വാങ്ങിക്കൊണ്ടുവരുന്ന മാഗസിനുകൾ ഞാൻ വായിച്ചു തീരുന്നതിനു മുമ്പ് പലപ്പോഴും അച്ചാച്ചൻ വായിച്ചിരിക്കും.പത്രത്തിലെ ഒരു മാതിരി എല്ലാ വാർത്തകളും ദിവസത്തിൽ പല നേരങ്ങളിലായി വായിച്ചു പൂർത്തിയാക്കും.

ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമൊന്നും അച്ചാച്ചന് ഉണ്ടായിരുന്നില്ല.എന്നാൽ PKV യുമായി സൗഹൃദം ഉണ്ടായിരുന്നു. കാണുമ്പോൾ കുര്യനെന്ന അച്ചാച്ചൻ്റെ പേരു പറഞ്ഞ് വിളിച്ച് വിശേഷങ്ങൾ തിരക്കുന്ന അടുപ്പം.ആലപ്പുഴയിൽ PKV മൽസരിക്കുന്ന കാലത്ത് ഉണ്ടായതാണ് ഈ സൗഹൃദം.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ ചടങ്ങുകൾക്കും വിശേഷങ്ങൾക്കും സമയമുണ്ടാക്കി അച്ചാച്ചൻ പോകുന്നതെങ്ങനെയെന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഏതു തിരക്കിനിടയിലും അച്ചാച്ചൻ അതിന് സമയം കണ്ടെത്തും.ജോലിയോടുള്ള ആത്മാർത്ഥത, വിശ്വസ്തത, സത്യസന്ധത, കൃത്യനിഷ്ഠ തുടങ്ങിയവയിൽ വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത അച്ചാച്ചനെയും ഞാൻ അറിഞ്ഞിട്ടുണ്ട്.

2015 മെയ് നാലിനുണ്ടായ അപകടമാണ് അച്ചാച്ചനെ ആശുപത്രിയിലാക്കിയത്.മെയ് 24ന് അച്ചാച്ചൻ്റെ നില നന്നേ ഭേദപ്പെട്ടു. അച്ചാച്ചനെ നോക്കുന്ന ആലപ്പുഴ സഹൃദയ ആശുപത്രിയിലെ സുഹൃത്ത് കൂടിയായ ഡോ. ഹെഗ്‌ഡേ രാവിലെ എന്നോടു പറഞ്ഞു.ICU വിൽ കയറി അച്ചാച്ചനോട് സംസാരിച്ചോ, നാളെ നമുക്ക് മുറിയിലേക്ക് മാറ്റാം. ചെല്ലുമ്പോൾ അച്ചാച്ചൻ്റ കണ്ണുകളിലെ സ്നേഹതിളക്കം ഞാനറിഞ്ഞു. അധികം സംസാരിച്ചില്ല.കുറച്ചു ദിവസമായി ജോലിക്ക് ക്രമമായി പോകാൻ പറ്റാതിരുന്ന എന്നോട് ഇപ്പോൾ കുഴപ്പമില്ല ,നീ Duty യ്ക്കു പൊയ്ക്കോയെന്ന് പറഞ്ഞു. ഡോക്ടറും അതു തന്നെ പറഞ്ഞു.

മെയ് 25 ന് ജോലിക്കു പോകുന്നതിനു മുൻപും ഞാൻ കണ്ടു. തുടർന്ന് എറണാകുളത്തേക്ക് പോയി.ഉച്ചയായപ്പോൾ അനുജനും പെങ്ങളും വിളിച്ചു. അച്ചാച്ചന് ശ്വാസതടസമുണ്ട്. വേഗം വരാമോ എന്നു ചോദിച്ചു. ഓഫീസിൽ നിന്നിറങ്ങി ആലപ്പുഴയ്ക്ക് തിരിക്കവേ അച്ചാച്ചൻ പോയി എന്ന യാഥാർത്ഥ്യം ഞാനറിഞ്ഞു

2005 ൽ മികച്ച കയർ തൊഴിലാളിക്കുള്ള കയർ ബോർഡിൻ്റെ സ്വർണമെഡൽ ഡോ.സെബാസ്റ്റ്യൻ പോൾ എംപിയിൽ നിന്ന് അച്ചാച്ചൻ ഏറ്റു വാങ്ങുന്നു.

.എൻ്റെ മുന്നിൽ എല്ലാ നൻമകൾക്കും മാതൃകയായി ഒരാളെയുള്ളു. ഇന്നലെയും ഇന്നും എന്നും അത് അച്ചാച്ചൻ തന്നെയാണ്. അച്ചാച്ചനെ ഓർക്കാത്ത ഒരു ദിനം പോലും എൻ്റെ ജീവിതത്തിലില്ല. അച്ചാച്ചൻ്റ നന്മകകൾ തന്നെയാണ് എൻ്റെ ശക്തിയും…റോയി കൊട്ടാരച്ചിറ

ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു