രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം
കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന റബര്‍ബോര്‍ഡ് വിലയ്ക്ക് യാതൊരു മാനദണ്ഡവും അടിസ്ഥാനവുമില്ലന്നാണ് ഇത് തെളിയിക്കുന്നത്. വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ കര്‍ഷകനെ ദ്രോഹിക്കുന്ന ബോര്‍ഡിന്റെ കാലങ്ങളായുള്ള കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണിത്. രാജ്യാന്തരവില കര്‍ഷകന് ഉറപ്പാക്കി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം റബര്‍ ബോര്‍ഡ് നിര്‍വഹിക്കണം. റബര്‍ബോര്‍ഡ് സംവിധാനങ്ങളിലൂടെയും ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ കമ്പനികളിലൂടെയും ഇന്നത്തെ സാഹചര്യത്തില്‍ രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ ബോര്‍ഡ് തയ്യാറാകണം. വിപണിവിലയ്ക്ക് റബര്‍ സംഭരിച്ച് കയറ്റുമതി ചെയ്താല്‍പോലും ചെലവുകഴിഞ്ഞ് കിലോഗ്രാമിന് 20 രൂപ ലാഭമുണ്ടാകും. ഈ ലാഭം കര്‍ഷകന് ബോണസായി ലഭ്യവുമാകും. ഇത്തരം ക്രിയാത്മക ഇടപെടലുകള്‍ നടത്താതെ ബോര്‍ഡ് നിരന്തരം പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും പ്രഹസനങ്ങളും വന്‍ പരാജയങ്ങളുമാണ്.
കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ ടാപ്പിംഗ് നടത്താത്തതുമൂലമല്ല കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം ഇടിഞ്ഞിരിക്കുന്നതിനാലാണ് വിപണിയില്‍ ഷീറ്റ്‌വരവ് കുറഞ്ഞിരിക്കുന്നത്. എന്നിട്ടും ന്യായവില ലഭ്യമാക്കാതെ വിലയിടിക്കുന്നതിന് റബര്‍ ബോര്‍ഡ് കൂട്ടുനില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാപദ്ധതി തുക 150 രൂപയില്‍ നിന്ന് 200 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.