കോവിഡിനെതിരെ ലോകത്ത് ആദ്യ വാക്സിന് വികസിപ്പിച്ചതായി റഷ്യ
മോസ്കോ: കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി നല്കുന്ന ലോകത്തെ ആദ്യത്തെ വാക്സിന് വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്.
ചൊവ്വാഴ്ച രാവിലെ, ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്സിന് റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന് പ്രഖ്യാപിച്ചു.
തന്റെ പെണ്മക്കളില് ഒരാള്‍ക്ക് ഇതിനകം കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കോവിഡ് പ്രതിരോധവാക്സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സിന് വികസിപ്പിച്ചെടുത്തത്.
വാണിജ്യാടിസ്ഥാനത്തിലുള്ള വാക്സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു.
അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്സിന് ലഭ്യമാക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന് തയ്യാറാക്കിയിട്ടുള്ളത്. വാക്സിന് ഉപയോഗിച്ച് രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്‍്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും.
പിന്നീട് രാജ്യവ്യാപക വാക്സിനേഷന് ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന് ലഭ്യമാക്കാനാണ് പദ്ധതി.