
ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചതാണ് ഇക്കാര്യം. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. എന്നാല്‍ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാര്‍ത്ത പുറത്തു വന്നു. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്നും അന്ന് മകന്‍ രാം ചരണ്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.