
സമരിയാക്കാരി ക്രിസ്ത്യാനികള്‍.
പലതരം ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതെങ്ങിനെ?
ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്‍ നയിച്ച ഒരു കരിസ്മാറ്റിക് ധ്യാനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തതു, 1979ല്‍. അച്ചനെ അറിയുന്നവരും ഓര്‍ക്കുന്നവരും അധികം ഉണ്ടാവില്ല. കേരളത്തിനു വെളിയിലെവിടെയോ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്‍ തനിക്കു കിട്ടിയ കരിസ്മാറ്റിക് അനുഭവം അവധിക്കാലങ്ങളില്‍ കേരളത്തിലെത്തുമ്പോള്‍ തരപ്പെട്ടു കിട്ടുന്ന ഇടവകകളില്‍ ധ്യാനങ്ങള്‍ നടത്തി പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്നല്ലാതെ
സ്വന്തം പേരു നിലനിര്‍ത്താനോ അനുയായികളെ സൃഷ്ടിക്കാനോ ശ്രദ്ധിച്ചിരുന്നേയില്ല.
സുവിശേഷമാണ്, യേശുവാണ് പ്രഘോഷിതമായത്. അതുകൊണ്ടാവണം സുവിശേഷം ശ്രവിച്ച ഞങ്ങളും ഒരു പ്രത്യേക ഗണമായി അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടില്ല. സുവിശേഷം സ്വീകരിച്ച അനേകരുടെ കൂട്ടത്തില്‍ ഞങ്ങളും അലിഞ്ഞു ചേര്‍ന്നു. പ്രഘോഷകന്‍ ചെറുതായിa വിസ്മൃതിയിലാവുകയും പ്രഘോഷിതന്‍ വളര്‍ന്നു വലുതാവുകയും ചെയ്തു. ഇവിടെ പ്രസക്തമായൊരു സംഭവം സുവിശേഷത്തില്‍ നിന്നും എടുത്തു പരിശോധിക്കുന്നതു ഉചിതമാണെന്നു തോന്നുന്നു.

സംഭവം മറ്റൊന്നുമല്ല. നമുക്കൊക്കെ അറിയാവുന്ന നമ്മുടെ സമരിയാക്കാരിയുടെ1 കഥതന്നെ. നട്ടുച്ച നേരത്തു വെള്ളം കോരാനെത്തിയ അവള്‍ക്കു കിണറ്റിന്‍കരയില്‍ വച്ചു യേശുവിനെ കണ്ടുമുട്ടാനുള്ള ഭാഗ്യമുണ്ടായി. ആ രക്ഷകനെ തന്റെ മാത്രം സ്വന്തമായി വയ്ക്കാന്‍ അവള്‍ക്കായില്ല. അവള്‍ തന്റെ ഗ്രാമത്തിലേക്കോടി എത്തി അവിടെ എല്ലാവരെയും സുവിശേഷമറിയിച്ചു. അവളുടെ വാക്കു വിശ്വസിച്ചവര്‍ യേശുവിന്റെ അടുക്കല്‍ ഓടിയെത്തി. യേശുവിനെയും കൂട്ടിയാണ് അവര്‍ ഗ്രാമത്തിലേക്കു മടങ്ങിയത്. രണ്ടു ദിവസം യേശു അവരോടൊപ്പം ചിലവഴിച്ചു. യേശുവിനെ കാണാന്‍ കിണറ്റും കരയില്‍ എത്തിയവരും അല്ലാത്തവരുമായ ഒട്ടേറെ പേര്‍ യേശുവില്‍ വിശ്വസിച്ചു. അവര്‍ ആ സമരിയാക്കാരിയോടു പറഞ്ഞു:
‘ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കു മൂലമല്ല. കാരണം, ഞങ്ങള്‍ തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ത്ഥത്തില്‍ ലോക രക്ഷകന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.’

‘ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കു മൂലമല്ല.’ – അതായതു ഇത്രടം വരെ അവര്‍ അവളുടെ വാക്ക് വിശ്വസിച്ചാണ് എത്തിയതു. പക്ഷെ, ഇപ്പോള്‍ അവരുടെ നിലപാടിന്റെ അടിസ്ഥാനം മാറി. അതിന്റെ കാരണം അവര്‍ പറയുന്നുണ്ട്.
ആ കാരണത്തില്‍ രണ്ടു പടികള്‍ കാണുന്നു. ഒന്ന്. ഞങ്ങള്‍ തന്നെ നേരിട്ടു ശ്രവിച്ചു. നേരിട്ടു ശ്രവിച്ചപ്പോള്‍ കേട്ടുകേള്‍വികളുടെ പ്രാധാന്യം കുറഞ്ഞതു ന്യായം.
സാക്ഷ്യങ്ങളുടെ സാംഗിത്യം നേരിട്ടു കേള്‍ക്കുന്നതുവരെ മാത്രമാണ്. സാക്ഷ്യങ്ങള്‍ നേരിട്ടു കേള്‍ക്കുന്നതിലേക്ക് നമ്മെ നയിക്കണം. സാക്ഷ്യങ്ങളെ വാരിപ്പുണര്‍ന്നു, രോമാഞ്ചമണിഞ്ഞിരിക്കുന്നത് അപകടകരമാണ്.
നമ്മുടെ യാത്ര അവിടം കൊണ്ടവസാനിച്ചു പോകും. അത്രയുമെങ്കിലുമായല്ലൊ എന്നാണു പല പ്രഘോഷകരുടെയും ആശ്വാസം. ആശ്വസിക്കാനൊന്നുമില്ല. അവര്‍ ആദ്യം നിന്നിരുന്ന സ്ഥലത്തെക്കാള്‍ ഒട്ടും കേമമല്ല പുതിയ സ്ഥലം. ഇത് ദൈവ സംബന്ധിയായ കാര്യമാണു. ‘നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്.’2 സാത്താനെ നീ ദൈവമായി കരുതരുതു എന്നല്ല, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്നാണു ഒന്നാമത്തെ കല്പന – അത് വചനമറിയിച്ചയാള്‍ തന്നെ ആയാല്‍ പോലും. സാക്ഷ്യക്കാരനോ പ്രഘോഷകനോ അറിഞ്ഞോ അറിയാതെയോ ആയാലും ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എത്ര അപകടകരമാണ് എന്നു അപ്പസ്തോലന്മാരായ ബര്‍ണബാസും പൌലോസും ചെയ്തതില്‍നിന്നു മനസ്സിലാക്കുക.
തങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ട ജനത്തെ കണ്ട് അവര്‍ ‘വസ്ത്രം കീറി ജനക്കൂട്ടത്തിലേക്കു ഓടിച്ചെന്നു വിളിച്ചുപറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്.’ (അ.പ്ര.14/14, 15) എപ്പോള്‍ വേണമെങ്കിലും ഓടിച്ചെന്നു റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ജൌളിക്കടയില്‍ നിന്നു വാങ്ങി ധരിക്കാവുന്ന ഇന്നു ‘വസ്ത്രം കീറി’ എന്ന പ്രയോഗത്തിന്റെ ഗൌരവം വേണ്ടപോലെ മനസ്സിലാക്കിയേക്കില്ല. തൂക്കിലേറ്റി കൊല്ലപ്പെട്ടവന്‍ അവസാനം ധരിച്ചിരുന്ന വസ്ത്രം പോലും കീറിയോ നറുക്കിട്ടോ3 പങ്കിട്ടിരുന്ന കാലമാണ് അതെന്നോര്‍ക്കുക. അപ്പോള്‍ വസ്ത്രത്തിന്റെ വിലയെന്തെന്ന് നമുക്ക് പിടികിട്ടിയേക്കും. ദൈവദൂഷണം കാണുകയോ കേള്‍ക്കുകയോ4 ചെയ്യുമ്പോള്‍ ഒരു യഹൂദനുണ്ടാകുന്ന കഠിന വ്യഥയെ സൂചിപ്പിക്കുന്ന ഒരാചാരമാണതു. നമ്മുടെ ഹൃദയമാണ് ഇവിടെ കീറേണ്ടത്5.
‘ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കു മൂലമല്ല.’- കാരണത്തിന് രണ്ടാമതൊരു പടികൂടിയുണ്ട്, അതു പ്രധാന പടിയാണു താനും. യഥാര്‍ത്ഥത്തില്‍ ലോക രക്ഷകന്‍ ആരാണ് എന്ന് അവര്‍ മനസ്സിലാക്കി. പുസ്തകത്തിന്റെ ആരംഭത്തില്‍ 6 മുതല്‍ എഴുതിയിരിക്കുന്ന ആ രക്ഷകനെ അവര്‍ തിരിച്ചറിഞ്ഞു. ആകാശത്തിനു കീഴില്‍ മനുഷ്യ രക്ഷയ്ക്കായുള്ള ഏകനാമത്തെ7 അവര്‍ കണ്ടു മുട്ടി.
‘ഒരു ക്രിസ്ത്യാനി ആരായിരുന്നാലും അവന്റെ ജീവിതത്തില്‍ ഒരു വ്യക്തിപരമായ കണ്ടുമുട്ടല്‍ ഉണ്ടായേ പറ്റൂ –
യേശുവിനെ കണ്ടുമുട്ടല്‍.’ എന്നു പോപ് ഫ്രാന്‍സിസ് അടുത്തയിടെ പറഞ്ഞപ്പോള്‍ സൂചിപ്പിച്ചത് ഈ കണ്ടുമുട്ടലിനെയാണ്. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ യേശുവിനെ കണ്ടുമുട്ടേണ്ടിയിരിക്കുന്നു; തുടര്‍ന്നു അവനുമായുള്ള ബന്ധത്തില്‍ വളരേണ്ടിയിരിക്കുന്നു. അതില്ലെങ്കില്‍ പിന്നെ സ്തുതിയും ആരാധനയും അത്ഭുതവും അടയാളവും സത്പ്രവൃത്തികളും ഒന്നുമുണ്ടായിട്ടു കാര്യമില്ല. അവസാനം ‘നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല’8 എന്ന് അവിടുന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ എല്ലാം. അപ്പോള്‍ സുവിശേഷ പ്രസംഗമായാലും സാക്ഷ്യമായാലും അവസാനം ആ സമരിയാക്കാരെപ്പോലെ9 യേശുവിനെയും കൂട്ടിവേണം വീട്ടില്‍പോകാന്‍. എന്നിട്ടു അവനോടൊത്തു സഹവസിക്കണം. അപ്പോള്‍ അവനെ സ്വീകരിക്കുന്നവര്‍ക്കെല്ലാം അവനില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ലഭിക്കുന്ന ദൈവമക്കളാകുവാനുള്ള കഴിവു10 നമുക്കും ലഭിക്കും.
അത് പരിശുദ്ധാത്മാവാണ്. ആ ആത്മാവാണ് നമ്മെ ദൈവപുത്രരായി വീണ്ടും ജനിപ്പിക്കുന്നത്.11 അങ്ങിനെ വീണ്ടും ജനിക്കുന്നവര്‍ ആ ആത്മാവിനാല്‍ നയിക്കപ്പെടാന്‍ 12ആരംഭിക്കും; ദൈവത്തെ ആബാ – പിതാവേ എന്ന് വിളിക്കാന്‍ 13 തുടങ്ങും. യേശുവിലും നമ്മിലും ഒന്നുപോലെ വസിക്കുന്ന ആത്മാവുള്ളപ്പോള്‍14, നമ്മളെ അറിയുകയില്ല എന്ന് അവിടുത്തേക്ക് പറയാനാവില്ല; ആ ആത്മാവിനാല്‍ വീണ്ടും ജനിച്ചവന്‍ ‘എവിടെനിന്ന് വരുന്നു എന്ന് ഞാന്‍ അറിയുന്നില്ല’15 എന്നു പറയാനും അവിടുത്തേക്കാവില്ല. നാം ദൈവത്തിന്റെ മക്കളാണെന്നു നമ്മുടെ ആത്മാവോട് ചേര്‍ന്നു സാക്ഷ്യം വഹിക്കുന്ന16 ഈ ആത്മാവു നമ്മളില്‍ ഉള്ളപ്പോള്‍ മറ്റാരും അക്കാര്യം നമ്മെ പഠിപ്പിക്കേണ്ടതില്ല17. സുവിശേഷമറിയിച്ചവരും സാക്ഷ്യം പറഞ്ഞവരും നമ്മുടെ ജീവിത യാത്രയില്‍ രക്ഷകനിലേക്ക് നയിച്ച കൈചൂണ്ടികള്‍ മാത്രമാകും. യേശുവിലേക്കെത്താത്തവരാകട്ടെ അവരെയൊക്കെ ഹൃദയത്തില്‍ പൂജിക്കുന്നവരായി തുടരും.
എന്തായാലും ആ സമരിയാ ഗ്രാമത്തില്‍ നിന്നുള്ളവര്‍ യേശുവിലെത്തി. അല്ലായിരുന്നെങ്കില്‍ സമരിയാക്കാരി ക്രിസ്ത്യാനികള്‍ എന്നൊരു കൂട്ടര്‍ കൂടി ഉണ്ടായേനേ. കാരണം സമരിയാക്കാരി അറിയിച്ച ക്രിസ്തുവിലായിരിക്കുമല്ലോ അവര്‍ വിശ്വസിക്കുന്നതു – ‘പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍’ ചിലര്‍18 വിശ്വസിച്ചതു പോലെ. അതിനുള്ള സാദ്ധ്യത അന്നും ഇന്നും ഒരുപോലെ നില്‍ക്കുന്നു എന്നതിനു വി. പൌലോസിന്റെ ഈ വാക്കുകള്‍ സാക്ഷി.
ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്‌തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?
നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്‌ഞാനസ്‌നാനം സ്വീകരിച്ചത്? (1കോറിന്തോസ് 1 : 12-13) ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്?
അപ്പോളോസ് ആരാണ്?
പൗലോസ് ആരാണ്?
കര്‍ത്താവു നിശ്‌ചയിച്ചുതന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകര്‍ മാത്രം.(1കോറിന്തോസ് 3 : 4-5)
ലക്ഷ്യത്തിലെത്താത്ത യാത്രക്കാര്‍ കൈചൂണ്ടികളുടെ ചുവട്ടില്‍ തിരിയും കത്തിച്ചു എന്തിനോവേണ്ടി കാത്തിരിക്കുന്നു.

George Gloria
കുറിപ്പുകള്‍: a – (യോഹ.3/30) 1 – (യോഹ.4/1-42) 2 – (നിയമാ.5/6,7) 3 – (മത്താ.27/35, മാര്‍ക്കോ.15/24, ലൂക്കാ.23/34, യോഹ.19/23) 4 – (മത്താ.26/64, 65, മാര്‍ക്കോ.14/62, 63) 5 – (ജോയേല്‍.2/13) 6 – (ഹെബ്രാ.10/7) 7 – (അ.പ്ര. 4/12) 8 – (മത്താ.7/23) 9 – (യോഹ.4/40) 10 – (യോഹ.1/12) 11 – (യോഹ.3/5) 12 – (റോമ.8/14) 13 – (റോമാ..8/15) 14 – (റോമാ.8/11) 15 – (ലൂക്കാ.13/27) 16 – (റോമാ.8/16) 17 – (1യോഹ.2/27) 18 – (അ.പ്ര.19/13-16)