ഇന്ന് സര്‍വകക്ഷിയോഗം; സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുമോ? നിയന്ത്രണങ്ങള്‍ എവിടെ?

Share News

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ പ്രതിരോഘ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം യോഗത്തിലലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

​ലോക്ക്ഡൗണ്‍ വേണം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ, മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതും ചര്‍ച്ചയാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

​യോഗത്തില്‍ ചര്‍ച്ചയാകുന്ന മറ്റു വിഷയങ്ങള്‍

ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെങ്കിലും വ്യാപകമാകുന്നില്ലെന്ന പരാതികളും യോഗത്തില്‍ ചര്‍ച്ചയാകും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

​തുടര്‍ച്ചയായി രണ്ടാം ദിനവും 1000 കടന്ന് പ്രതിദിന രോഗികള്‍

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 798 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശത്തുനിന്നും വന്നതില്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിരിക്കുന്നതാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.

ലോക്ക്ഡൗണിന് സാധ്യത?​

സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് കേരളം പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സംസ്ഥാനത്ത് ആയിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ കഴിഞ്ഞ ദിവസമായി റിപ്പോര്‍ട്ട് ചെയ്യുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയും ഉയരുകയാണ്. ദിനം പ്രതി കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ പകുതിയിലേറെയും സമ്പര്‍ക്കത്തിലൂടെയുള്ളതാണ്. എല്ലാ ജില്ലകളിലും കൊവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം തുടരുകയാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു