ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍

Share News

ഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിന് ശേഷമെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 16 മുതല്‍ അടച്ചിട്ട സ്‌കൂളുകള്‍ ജൂലായ് മുതല്‍ തുറക്കുമെന്നായിരുന്നു മെയ് അവസാനത്തെ റിപ്പോര്‍ട്ടുകള്‍.

ഗ്രീന്‍, ഓറഞ്ച് സോണുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളായിരിക്കും തുടങ്ങുക. മുഖാവരണം ധരിക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ മുതിര്‍ന്ന കുട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്ന അനുമാനത്തിലാണിത്. സ്‌കൂള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതുവരെ ഒന്നുമുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ തുടങ്ങില്ല.

രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കേണ്ടതിനാല്‍ മുഴുവന്‍ കുട്ടികളെയും ഒരേ സമയം ക്ലാസില്‍ ഇരുത്താനാകില്ല. അതിനാല്‍ ഓരോ ക്ലാസിലെയും വിദ്യാര്‍ഥികളെ 1520 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക.

ശേഷിക്കുന്ന സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 13 വരെ നടക്കും. രാവിലെ 10.30 മുതല്‍ 1.30 വരെയാണു പരീക്ഷ. 10ന് ഉത്തരക്കടലാസ് നല്‍കും. വിദ്യാര്‍ഥികള്‍ മാസ്‌കും സുതാര്യമായ കുപ്പിയില്‍ സാനിറ്റൈസറും കൊണ്ടുവരണം.സാമൂഹിക അകലം ഉറപ്പാക്കും. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ തുടര്‍ന്നു വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാറ്റിവച്ച 10, 12 ക്ലാസ് പരീക്ഷകളും ഇതോടൊപ്പം നടക്കും.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു