മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: വി സി സെബാസ്റ്റ്യൻ
മാർ ആനിക്കുഴിക്കാട്ടിൽ: ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യൻ: സിബിസിഐ ലെയ്ററി കൗൺസിൽ കോട്ടയം: സമർപ്പണ ജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മീയ ആചാര്യനായിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വേർപാട് വേദനാജനകവും ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്ററി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെയും, കേരള കത്തോലിക്കാ സഭയുടെയും അല്മായ കമ്മീഷൻ ചെയർമാനായി അദ്ദേഹം നടത്തിയ വിശിഷ്ടമായ സേവനങ്ങൾ വിശ്വാസി സമൂഹത്തിന് പുത്തനുണർവേകി. കർഷക മക്കളുടെ നിർഭയനായ ഉറങ്ങാത്ത കാവൽക്കാരൻ,മലയോര ജനതയുടെ കഷ്ടപ്പാടും നഷ്ടപ്പെടലും സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആത്മീയ ആചാര്യൻ, ഹൈറേഞ്ചിലെ ജനസമൂഹത്തിനായി ജീവിതവും ജീവനുമേകിയ മണ്ണിന്റെ മകൻ, ഉറച്ച സമുദായ നിലപാടുകൾ, ജീവന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള നിരന്തര പോരാട്ടം, കുടുംബങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനായി വിശ്വാസി സമൂഹത്തെ അണിനിരത്തിയ മഹത് വ്യക്തി. അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവുമായി നാളുകളായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ അനുഭവസമ്പത്ത് ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രവർത്തനങ്ങൾക്ക് എനിക്ക് ഇന്നും കരുത്തേകുന്നു. അഗാധമായ പാണ്ഡിത്യത്തിലും സൗമ്യനായി മണ്ണിന്റെ മക്കളുടെ വിയർപ്പിന്റെ വിലയറിഞ്ഞ് വിട്ടുവീഴ്ചയില്ലാതെ പോരാടിയ കർമമധീരൻ, കത്തോലിക്ക സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് അൽമായ സമൂഹത്തെ കൈപിടിച്ചുയർത്തുവാൻ ആനിക്കുഴിക്കാട്ടിൽ പിതാവ് നടത്തിയ വിശിഷ്ട സേവനങ്ങൾ വാക്കുകളിൽ ഒതുങ്ങുന്നതല്ല.ജനകീയ വിഷയങ്ങളിൽ പ്രവാചക ധീരതയോടെ നടത്തിയ ശക്തമായ ഇടപെടലുകൾ വിമർശിക്കപ്പെട്ടപ്പോഴും കുലുങ്ങാതെ നിന്ന കർഷകന്റെ കരുത്താണ് പിതാവിലൂടെ പൊതുസമൂഹം കണ്ടെത്തിയത്.ഭാരത കത്തോലിക്കാസഭയിൽ ഇടുക്കി എന്ന മലയോര രൂപതയെ ഉയർത്തിക്കാട്ടി ഒരു ജനതയുടെ സുസ്ഥിര വികസനത്തിനുള്ള കർമപദ്ധതികൾ അദ്ദേഹം നടപ്പിലാക്കി.കുടിയേറ്റ കർഷകരുടെ ജീവിത പ്രതിസന്ധികളിൽ കൈപിടിച്ചു നടത്തിയ തളരാത്ത നേതൃത്വം. ലക്ഷക്കണക്കായ മലയോരജനതയുടെ വേരുകൾ കണ്ടറിഞ്ഞ് അവരിൽ ഒരുവനായി ജീവിതം സമർപ്പിച്ചുളള സമരങ്ങൾ, മുല്ലപ്പെരിയാർ പ്രക്ഷോഭം, ഗാഡ്ഗിൽ, കസ്തൂരി രംഗൻ സമരങ്ങൾ, പിറന്നുവീണ മണ്ണിൽ നിന്നുള്ള കുടിയൊഴുപ്പിക്ക ലിനെതിരെ നടത്തിയ ജനകീയ മുന്നേറ്റം, മിശ്രവിവാഹം കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം എന്നിങ്ങനെ സാമുദായിക, ജനകീയ വിഷയങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് പോരാടി ജീവിതം സമർപ്പിച്ച വലിയ വ്യക്തിത്വത്തെയാണ് നമുക്കിപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും വിശ്വാസ ജീവിതത്തിന്റെയും പാത ആധുനികതയുടെ കാലഘട്ടത്തിലും വിട്ടുവീഴ്ചകളില്ലാതെ തുടരുവാൻ അദ്ദേഹത്തിന് സാധിച്ചു. ക്രൈസ്തവ സമൂഹത്തിനും, കർഷക മക്കൾക്കും ആത്മാഭിമാനം പകർന്നേകിയ ജനകീയ ഇടയന്റെ നികത്താനാവാത്ത വേർപാടിൽ ഭാരത കത്തോലിക്കാസഭയിലെ വിശ്വാസ സമൂഹം ഒന്നാകെ വേദനയോടെ പങ്കുചേരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ വി സി സെബാസ്റ്റ്യൻ പറഞ്ഞു.