
ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്
ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്ക് ലഭിച്ച ക്രിസ്തുവിന്റെ സമ്മാനം
– ജീസസ് യൂത്ത് പ്രസ്ഥാനത്തെ പറ്റി എഴുതണമെന്ന ചിന്ത ഒരുപാട് നാളുകളായി മനസ്സിലുള്ളതാണ്. ഞാൻ അംഗമല്ലാത്ത ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ നന്മകളെ അടുത്തറിഞ്ഞിട്ടുള്ളതിനാൽ അത് മറ്റുള്ളവരുമായി പങ്കു വെക്കണമെന്ന് തോന്നി.
1970 കളിൽ കേരളത്തിൽ ആരംഭിച്ച കരിസ്മാറ്റിക് മുന്നേറ്റമാണ് ജീസസ് യൂത്തിന് ഇവിടെ അടിത്തറ പാകുന്നത്. 1985ൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചെറിയ കത്തോലിക്കാ യുവജനസംഘടനകൾ ജീസസ് യൂത്ത് എന്ന ഒറ്റ സംഘടനയുടെ കുടക്കീഴിലേക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
നിരവധി യുവജനങ്ങൾ ഇതിനിടയിൽ സംഘടനയുടെ അംഗങ്ങളായി. മലയാളികളായ കത്തോലിക്കാ വിശ്വാസികൾ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയപ്പോൾ തങ്ങളുടെ വിശ്വാസവും അവർ കൂടെ കൊണ്ടുപോയി. അങ്ങനെ വിവിധ രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു പ്രസ്ഥാനമായി സംഘടന വളർന്നു.
നിരവധി വൈദികരെയും, സന്യസ്തരെയും ജീസസ് യൂത്ത് സഭയ്ക്ക് സംഭാവന ചെയ്തു. സുവിശേഷവത്ക്കരണത്തിനു വേണ്ടി നിരവധി പ്രസ്ഥാനങ്ങൾ തുടങ്ങാൻ ഇതിനിടയിൽ ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായിരുന്ന ഏതാനും ചില യുവജനങ്ങൾക്ക് സാധിച്ചു.
അമേരിക്കയിൽ ജനിച്ചുവളർന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ജീസസ് യൂത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ചത് കഴിഞ്ഞ ആഴ്ച വാർത്തകളിൽ നാം വായിച്ചിരുന്നു. ഇത്രയും സംഭാവനകൾ സഭയ്ക്കു നൽകുന്ന യുവജന പ്രസ്ഥാനങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിരളമാണ്. പാശ്ചാത്യ ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന് അപചയം സംഭവിക്കാൻ കാരണം പ്രധാനമായും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിൽ ഉണ്ടായ കുറവാണ്. എന്നാൽ കേരളത്തിൽ ഇന്നും യുവജനങ്ങളുടെ ഇടയിൽ വിശ്വാസത്തെ ശക്തമായി നിലനിർത്തുന്നതിൽ ജീസസ് യൂത്ത് വലിയ പങ്കുവഹിക്കുന്നു. ഒരു പക്ഷേ ഇതുപോലെ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസം പിറകോട്ട് പോകില്ലായിരുന്നു.
എന്നാൽ വിശ്വാസം നശിച്ച രാജ്യങ്ങളിൽ പോലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ജീസസ് യൂത്ത് അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്. ഒരുപക്ഷേ വലിയൊരു മാറ്റത്തിനുള്ള വിത്തായിരിക്കും പ്രസ്തുത രാജ്യങ്ങളിൽ അവർ പാകുന്നത്.വിശുദ്ധിയിൽ ജീവിക്കാൻ സംഘടന അംഗങ്ങൾക്ക് നൽകുന്ന പരിശീലനം എടുത്തുപറയേണ്ട ഒന്നാണ്.
കത്തോലിക്കാ മാതാപിതാക്കൾ തങ്ങളുടെ മക്കളെ അന്ധമായ സെക്കുലറിസം പഠിപ്പിച്ചു കൊടുക്കുന്ന സംഘടനകളിൽ വിടാതെ ജീസസ് യൂത്ത് പോലുള്ള പ്രസ്ഥാനങ്ങളിൽ അംഗങ്ങളാകാൻ അവർക്ക് മാർഗനിർദേശം നൽകണം. നവ സുവിശേഷവത്കരണത്തിൽ വലിയ പങ്കുവഹിക്കുന്ന ജീസസ് യൂത്തിന്റെ ഭാഗമായി നമ്മുടെ യുവജനങ്ങൾ മാറിയാൽ, സഭയ്ക്കും, കുടുംബങ്ങൾക്കും വിശുദ്ധിയുള്ള, ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി സാക്ഷ്യം വഹിക്കാൻ കഴിവുള്ള യുവജനങ്ങളെ ലഭിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

187Antony Joseph, Sherly Louis and 185 others5 comments37 sharesLikeComment

Share