![](https://nammudenaadu.com/wp-content/uploads/2020/07/108233254_10213606593238636_4327831361142127626_o.jpg)
വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്
വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു!
ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു.
കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല!
കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, ഉറച്ച കാൽവയ്പുകളോടെ, മലങ്കര സഭാമക്കളെ അദ്ദേഹം കൈപിടിച്ചു കയറ്റിയത് ഓർമ്മകളുടെ ഒരു വിരുന്നുശാലയിലേക്കാണ്. ആ ഒറ്റയാൾ പ്രദക്ഷിണം, ചരിത്രത്തിന്റെ പ്രതീകാത്മകമായ ഒരാവർത്തനമായി തോന്നി.
ഏകദേശം ഒരു നൂറ്റാണ്ടിനും മുമ്പ് എം. എ. അച്ചനെന്ന ഗീവർഗ്ഗീസ് കശ്ശീശാ ക്രിസ്തുവിന്റെ യഥാർത്ഥ സഭയെ തേടി ഒരു യാത്രയ്ക്കാരുങ്ങിയപ്പോൾ, ഒറ്റയ്ക്കു തുഴഞ്ഞു തീർക്കേണ്ട ഒരു കടലിലേക്കാണ് താൻ തോണിയിറക്കുന്നത് എന്ന് അദ്ദേഹം ഒരുപക്ഷേ കരുതിയിട്ടുണ്ടാവില്ല. എന്നാൽ ദൈവം അദ്ദേഹത്തിനായി കാത്തുവച്ചിരുന്നത് അലറിയടുക്കുന്ന തിരകളിൽ പുനരൈക്യ നൗക ഒറ്റയ്ക്കു തുഴയാനുള്ള നിയോഗമായിരുന്നു.
ലഭിച്ച ഉന്നത വിദ്യാഭ്യാസവും രൂപപ്പെടുത്തിയ സഭാത്മക ദർശനങ്ങളും സ്വന്തമാക്കിയ വിശാലമായ കാഴ്ചപ്പാടുകളും നേടിയെടുത്ത അറിവും അനുഭവങ്ങളും ആഴമായ ദൈവ വിശ്വാസവും അദ്ദേഹത്തിന്റെ കാലുകൾക്കു ശരവേഗം നൽകി.
ആ വേഗത്തിനൊപ്പമെത്താൻ സമകാലികരായി ആരുമുണ്ടായിരുന്നില്ല സഭയിൽ; ഒറ്റയ്ക്കു സഞ്ചരിക്കാൻ അദ്ദേഹത്തിനു ഭയവുമുണ്ടായിരുന്നില്ല. ദൈവകൃപയുടെ ആ നിറവിന്റെ സ്വഭാവിക പരിണാമമെന്നവണ്ണം എം. എ. അച്ചൻ ബഥനിയുടെ മാർ ഈവാനിയാസ് എന്ന മേൽപ്പട്ടക്കാരനായി മാറി.
കത്തോലിക്കാ സഭ സത്യസഭയാണെന്നും പുനരൈക്യം ദൈവഹിതമാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ ദർശനങ്ങൾ പലർക്കും അതിന്റെ ശരിയായ അർത്ഥത്തിൽ ഗ്രഹിക്കാൻ പോലും അക്കാലത്തു കഴിഞ്ഞില്ല. ഇനി ഗ്രഹിച്ചവരാകട്ടെ മറ്റു പല താൽപ്പര്യങ്ങളുടേയും പേരിൽ ഒന്നും മനസ്സിലാകാത്തവരെപ്പോലെ നടിച്ചു.
ഉപരിപ്ലവമായ ശബ്ദകോലാഹലങ്ങളുടെ പെരുപ്പത്തിൽ ആ സന്യാസിയുടെ ആഴമുള്ള വാക്കുകൾ ഒറ്റപ്പെട്ടുകിടന്നു. കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം അദ്ദേഹത്തിന് മാനുഷികമായ ഒരു തീരുമാനമായിരുന്നില്ല; ദൈവനിയോഗം തന്നെയായിരുന്നു. ആരെതിർത്താലും ആ വഴിയിൽ മുന്നോട്ടു പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചതോടെ ആൾക്കൂട്ടത്തിൽ അദ്ദേഹം ഒറ്റപ്പെട്ടവനായി. മിത്രങ്ങളകന്നു. ഗുരുക്കൻമാർ ശപിച്ചു. വഞ്ചകനെന്നു മുദ്രകുത്തപ്പെട്ടു. സമൂഹത്തിൽ അനഭിമതനായി. കൊല്ലാൻ വരെ ആളുകൾ തക്കംപാർത്തു.
ഒടുവിൽ 1930 സെപ്റ്റംബർ 20 ന് കൊല്ലം രൂപതയുടെ അരമനച്ചാപ്പലിൽ വന്ദ്യ ബൻസിഗർ തിരുമേനി സാക്ഷിയായി പുനരൈക്യം മാംസം ധരിക്കുമ്പോൾ മാർ ഈവാനിയോസ് തിരുമേനിക്കൊപ്പം മലങ്കര കത്തോലിക്കാ സഭയ്ക്കു പിറന്നത് നാലു മക്കൾ!അന്നുമുതൽ 1953 ജൂലൈ 15 ന് സ്വർഗ്ഗത്തിലേക്കു പോകും വരെ മലങ്കര കത്തോലിക്കാ സഭയെ നെഞ്ചോടിട്ടു വളർത്തിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ഹൃദയ രക്തമായിരുന്നു നമ്മുടെ മുലപ്പാൽ. എല്ലാ ഭാരവും അദ്ദേഹം ഒറ്റയ്ക്കു ചുമന്നു. എല്ലാ ക്ഷതവും ആ ഇടനെഞ്ചിലേറ്റു വാങ്ങി. ത്യാഗവും കണ്ണീരും പ്രാർത്ഥനയും തന്റെ ജീവരക്തവും നേദിച്ച് മലങ്കര കത്തോലിക്കാ സഭയെ ഒരു കാലഘട്ടത്തിൽ അദ്ദേഹം ഒറ്റയ്ക്കു കെട്ടിപ്പടുത്തു. ആ നിയോഗം ദൈവം അദ്ദേഹത്തിനു മാത്രമായി നൽകിയതാണ്. അതു പങ്കുവയ്ക്കാൻ ഭൂമിയിൽ നിന്ന് ഒരു ശിമയോനെയോ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതനേയോ ദൈവം അയച്ചുകൊടുത്തില്ല.
സത്യത്തിൽ തിരുമേനി ഒറ്റയ്ക്കായിരുന്നു എന്ന് പറഞ്ഞത് ഇത്തിരി കളവാണ്. തിരിച്ചറിഞ്ഞ പരമമായ സത്യത്തിന്റെ വെളിച്ചം അദ്ദേഹത്തിന്റെ ഹൃദയത്തിൽ എരിഞ്ഞു കത്തുമ്പോൾ എങ്ങനെയാണ് അദ്ദേഹം ഒറ്റയ്ക്കാവുന്നത്? ആ വെളിച്ചമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. അരണ്ട സന്ധ്യയിൽ ഒരു മെഴുതിരി വെളിച്ചത്തിൽ വന്ദ്യ ബാവാ തിരുമേനി ഒറ്റയ്ക്കു നീങ്ങുന്നതു കാണുമ്പോൾ ഓർമ്മ വരുന്നത് ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയെത്തന്നെയാണ്
. എട്ടൊൻപതു പതിറ്റാണ്ടുകൾക്കു മുമ്പ്, തിരിച്ചറിഞ്ഞ സത്യത്തിന്റെ വെളിച്ചം ഹൃദയത്തിൽ ജ്വലിപ്പിച്ച് ഒരു സഭയെ ഒറ്റയ്ക്കു രൂപപ്പെടുത്തിയ മാർ ഈവാനിയോസെന്ന പുണ്യപുരുഷൻ നാലു തലമുറയ്ക്കിപ്പുറം തന്റെ പിൻഗാമിയിലൂടെ നമ്മെ സന്ദർശിക്കുകയും നമ്മോടു സംസാരിക്കുകയുമാണ്!
ചരിത്രം ചില അടയാളങ്ങളിലൂടെ പുനർജനിക്കുകയാണ്; ചിലതൊക്കെ നമ്മെ ഓർമ്മിപ്പിക്കുകയാണ്. അതാണ് ഈ പെരുനാളിന്റെ ഏറ്റവും വലിയ പുണ്യം!നേരം പുലരാൻ ഇനി രണ്ടു നാഴിക മാത്രം ബാക്കി. ഈ കുറിപ്പെഴുതി പൂർത്തിയാക്കുമ്പോൾ ഹൃദയത്തിൽ ഒരു നനവുണ്ട്.
ഇത്തവണ കബറിങ്കലെത്താൻ കഴിയാത്തതിന്റെ ഒരു വിങ്ങലുണ്ട്. വന്ദ്യനായ ബാവാ തിരുമേനിക്കു നന്ദി!
ദൈവദാസന്റെ അദൃശ്യ സാന്നിദ്ധ്യം എന്നും അങ്ങയോടൊപ്പമുണ്ട്; മലങ്കര സുറിയാനി കത്തോലിക്കാ സഭയെ ധീരമായി നയിക്കാൻ ദൈവദാസന്റെ അനുഗ്രഹാശ്ശിസ്സുകൾ അങ്ങയുടെ മേൽ ചൊരിയപ്പെടട്ടെ!
![](https://nammudenaadu.com/wp-content/uploads/2020/07/16422994_10206339686770516_5275374377572627853_o-1024x1024.jpg)