ഭിന്നശേഷിക്കാർക്ക് “കരുതലോടെ മുന്നേറാം” പദ്ധതിയുമായി സഹൃദയ
അങ്കമാലി : കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കരുതൽ സഹായവുമായി സഹൃദയ. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “കരുതലോടെ മുന്നേറാം” എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാർക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായി എത്തുന്ന സഹൃദയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. പ്രളയകാലത്തും, അതുപോലെതന്നെ ലോക്ക്ഡൗൺ സാഹചര്യത്തിലും സഹൃദയ മുന്നോട്ടുവച്ച ആശയങ്ങൾ സമൂഹത്തിന്റെ പല മേഖലകളിലുമുള്ളവരിലേക്ക് സഹായം എത്തിക്കാൻ കഴിയും വിധത്തിലുള്ളവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ വിലയിരുത്താൻ രൂപീകരിച്ച കമ്മിറ്റിയിൽ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തണമെന്ന നിർദ്ദേശം കളക്ടറുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അങ്കമാലി സുബോധനയിൽ വച്ച് നടന്ന ചടങ്ങിൽ സഹൃദയ ഡയറക്ടർ ഫാദർ ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാം കോർഡിനേറ്റർ സെലിൻ പോൾ, സഹൃദയസ്പർശൻ ഫെഡറേഷൻ പ്രസിഡന്റ് അനിൽ ഗംഗാധരൻ, പൂജാ മോൾ കെ . കെ എന്നിവർ പങ്കെടുത്തു. കരുതലോടെ മുന്നേറാം പദ്ധതിയിലൂടെ ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് സഹൃദയ ഡയറക്ടർ ഫാദർ ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. മാസ്ക്, സാനിറ്റൈസർ എന്നിവയോടൊപ്പം ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കൊറോണ ബോധവൽക്കരണ നോട്ടീസും നൽകുന്നുണ്ട്. ശാരീരികവും, മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഭിന്നശേഷികാരിലേക്ക് ഈ പദ്ധതിയിലൂടെ കൂടുതൽ സഹായങ്ങൾ സഹൃദയ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.