
കൊറോണ ബാധയെക്കാൾ ഭേദമോ പട്ടിണി മരണം?
ഫാ. ജോഷി മയ്യാറ്റിൽ
ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജൂലൈ എട്ടാം തീയതിയാണ്. ഇരുപത്തിമൂന്നാം തീയതിവരെയായിരുന്നു ലോക്ക്ഡൗൺ. ഇനിയെന്ത് എന്ന് ആരും തെളിച്ചുപറയുന്നില്ല. പോലീസാകട്ടെ, ആരെയും പുറത്തേക്കു വിടുന്നുമില്ല!
കടൽക്ഷോഭം വരെ ചെല്ലാനം പഞ്ചായത്തിനകത്ത് പോലീസ് ശക്തമായ രീതിയിൽ സഞ്ചാരം നിയന്ത്രിക്കുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അവരെ പേരിനു പോലും കാണുന്നില്ലെന്നും ഏതു വാർഡുകാർക്കും എങ്ങോട്ടും സഞ്ചരിക്കാൻ കഴിയുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ആഗസ്റ്റ് അവസാനം വരെ ഈ തലതിരിഞ്ഞ ലോക്ക്ഡൗൺ സംവിധാനം നീളുമെന്നാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്.
ചെല്ലാനം പഞ്ചായത്തുകാരെ എന്തു ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല… അവരെയെല്ലാവരെയും അവിടെ നിന്ന് ഓടിക്കാനാണ് ഉദ്ദേശ്യം എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റുപറയാനാവില്ല. ഫിഷറീസ് വകുപ്പു മന്ത്രിയുടെ ഹൃദയശൂന്യമായ വാക്കുകൾ അത്തരം ഒരു വ്യാഖ്യാനത്തിന് അടിസ്ഥാനമായുണ്ടല്ലോ!
7, 8, 15, 16, 17 വാർഡുകളിലാണ് രോഗബാധ ഉണ്ടായിട്ടുള്ളതെന്നറിയുന്നു. ഒന്നു മുതൽ ആറു വരെ വാർഡുകളിൽ ഇതുവരെ ഒരു കോവിഡുബാധ പോലും സ്ഥിരീകരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഒരു മാസത്തോളമായി ഇരുപത്തൊന്നു വാർഡുകളിലെ ജനങ്ങൾ തടങ്കലിലാണ്. കൂടുതൽ പേർക്ക് രോഗബാധ സംശയിക്കുന്നെങ്കിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുകയല്ലേ വേണ്ടത്?
മത്സ്യബന്ധനത്തിനു പോകാൻ ചെല്ലാനം കാർക്ക് അനുമതിയുണ്ട് എന്നു കേൾക്കുന്നു. പക്ഷേ, ചെല്ലാനം പഞ്ചായത്തിൽ താമസിക്കുന്നവർ എല്ലാവരും മത്സ്യ ബന്ധനത്തിനു പോകുന്നവരാണെന്ന് ആരു പറഞ്ഞു? ആ പഞ്ചായത്തിലെ വടക്കൻ ഭാഗത്തെ ഭൂരിഭാഗം മനുഷ്യരും കെട്ടിട നിർമാണത്തൊഴിലാളികളാണെന്നും പട്ടണപ്രദേശങ്ങളാണ് അവരുടെ തൊഴിലിടങ്ങളെന്നും ജില്ലാ ഭരണകൂടത്തിന് അറിയാതെ വരുമോ? ആ പാവപ്പെട്ട മനുഷ്യർ നട്ടംതിരിയുകയാണിപ്പോൾ. സർക്കാർ യുക്തിരഹിതമായി തടവിലാക്കിയിരിക്കുന്ന അവർക്കുവേണ്ടി സർക്കാർ എന്തു ചെയ്യുന്നു?
ചീഫ് സെക്രട്ടറിയെ ഇക്കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചെന്ന് പത്രത്തിൽ വായിച്ചു. മുൻ എംപിയുടെ ഇടപെടലിലൂടെയാണ് അത്തരം ഒരു നടപടി ഉണ്ടായതെന്നും അറിഞ്ഞു. ജനത്തിൻ്റെ അതീവ ഗുരുതരമായ ദാരിദ്ര്യാവസ്ഥയെപ്പറ്റി സ്ഥലം എംഎൽഎയോ പഞ്ചായത്തു പ്രസിഡൻ്റോ അവബോധമുള്ളവരാണോ? അതോ, സർക്കാരിൻ്റെ ഗൂഢലക്ഷ്യങ്ങൾ നടത്തിയെടുക്കാൻ സ്വന്തം ജനത്തെ ഒറ്റുകൊടുക്കാനായി അവശ്യം വേണ്ട പശ്ചാത്തലമൊരുക്കുകയാണോ അവർ? അല്ലെങ്കിൽ, അനാവശ്യമായ ഈ നാട്ടുതടങ്കൽ അവസാനിപ്പിക്കാൻ എന്തുകൊണ്ട് അവർ മുൻകൈയെടുക്കുന്നില്ല? ഇക്കാര്യത്തിനായി ജനങ്ങൾ ഒന്നിച്ചു മുന്നിട്ടിറങ്ങേണ്ടി വരുമോ?

ഫാ. ജോഷി മയ്യാറ്റിൽ