
ഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം – ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ .
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവന്റെയും നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ, നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ എബ്രഹാം കാവിൽ പുരയിടത്തിൽ പറഞ്ഞു.

രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിനു മുൻകൂട്ടി സമയം ചോദിക്കുകയും, സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വന്നു ചർച്ച നടത്തുകയും ചെയ്യാറുണ്ട്.തന്നെ കാണാൻ വരുന്നവരെ മേജർ ആർച്ച് ബിഷപ്പ് സ്വീകരിക്കുകയും, അവരെ ശ്രവിക്കുകയും, സഭയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യാറുണ്ട്.

ഏതെങ്കിലും വിഷയത്തിൽ സഭയുടേയും സഭാ തലവന്റെയും, നിലപാട് വ്യക്തമാക്കേണ്ട ആവശ്യം ഉണ്ടാകുമ്പോൾ, അത് ഉചിതമായ സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെഅറിയിക്കുന്നതായിരിക്കുമെന്ന് പിആർഒ ഫാ.എബ്രഹാം കാവൽ പുരയിടത്തിൽ പ്രസ്താവിച്ചു.

24 -10 -2020