
സാമൂഹിക പ്രതിബദ്ധതയുടെയും കറതീർന്ന നീതിബോധത്തിന്റെയും മനുഷ്യരൂപമായിരുന്നു സ്വാമിജി.
സാഹോദര്യത്തെ പ്രണയിച്ച സ്വാമി അഗ്നിവേശ് അന്തരിച്ചു.
ഒരു നല്ല സുഹൃത്തും ഗുരുവും നഷ്ടമായ ദുഃഖത്തിലാണ് ഞാനിതു കുറിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെയും കറതീർന്ന നീതിബോധത്തിന്റെയും മനുഷ്യരൂപമായിരുന്നു സ്വാമിജി.
വേറിട്ട ജീവിതംകൊണ്ട് വ്യത്യസ്തമായ മേൽവിലാസം സൃഷ്ടിച്ച ലോകപ്രശസ്ത സാമൂഹികപ്രവർത്തകനും ആര്യസമാജത്തിന്റെ ഇന്റർനാഷണൽ പ്രസിഡന്റും ആയിരുന്നു സ്വാമിജി. ആന്ധ്രാപ്രദേശിൽ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കുടുംബം, പേര് , ജാതി, മതം എല്ലാം ഉപേക്ഷിച്ചു സന്യാസിയായി. 1977 ൽ ഹരിയാനയിൽ നിയമസഭയിൽ അംഗമായി, തുടർന്ന് വിദ്യാഭാസമന്ത്രിയുമായി. ആശയപരമായി ഇടഞ്ഞു, രാജിവച്ചു. ലോകത്തു നിലനിന്നിരുന്ന bonded labor ന് എതിരെ സന്ധിയില്ലാ സമരം ചെയ്തു. കാശ്മീർ പോലെയുള്ള സ്ഥലങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെട്ടു. പലപ്പോഴും സർക്കാരിനും തീവ്രവാദികൾക്കും ഇടയിൽ മധ്യസ്ഥത വഹിച്ചു.
ഞാൻ സ്വാമി അഗ്നിവേശിനെ ആദ്യമായി കാണുന്നത് 2002 ൽ ഡൽഹി ഗവൻമെന്റിൽ ഗതാഗത മന്ത്രിയായിരുന്ന ശ്രീ ഹരൂണ് യൂസഫിന്റെ വസതിയിൽ വച്ചാണ്. ഞാൻ ഒരാവശ്യത്തിന്ന് മന്ത്രിയെ കാണാൻ ചെന്നതാണ്. കാത്തിരുപ്പുമുറിയിലായിരുന്ന ഞാൻ മന്ത്രിയുടെ മുറിയിൽ നിന്നും മറ്റൊരാൾ മന്ത്രിയോട് ഉയർന്ന ശബ്ദത്തിൽ ആക്രോശിക്കുന്നത് കേട്ടു. ഗവണ്മെന്റു തൊഴിലാളികളോട് അനീതി കാട്ടുന്നത് ആണ് വിഷയം. അല്പം കഴിഞ്ഞു തീകത്തുന്ന ചുവന്നവേഷവും തലപ്പാവും അണിഞ്ഞ സ്വാമിജി തർക്കിച്ചുകൊണ്ടുതന്നെ രോഷാകുലനായി അതിവേഗത്തിൽ ഇറങ്ങിപ്പോയി. ഞങ്ങൾ പിന്നീട്, ഞാനും സജീവമായിരുന്ന inter religious യോഗങ്ങളിലും സമാധാന സംഘടനകളിലും കണ്ടുമുട്ടി. കാണുമ്പോഴും ഫോൺ ചെയ്യുമ്പോഴും ‘ഹായ്, ബിജു’ എന്നു സ്നേഹാതിരേകത്താൽ വിളിച്ചു എന്നെ ഉൾപുളകിതനാക്കിയിട്ടുണ്ട്. എനിക്കു സ്നേഹിതനായിരുന്ന സെന്റ്. സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ റവ. വത്സൻ തമ്പുവിന്റെ ഏറ്റവും വിശ്വസ്തനായ ആത്മസ്നേഹിതനായിരുന്നു സ്വാമിജി. ഞാൻ നാട്ടിൽ തിരികെ എത്തി തിരുവല്ലയിൽ സംഘടിപ്പിച്ച ‘ഏകം സത്’ എന്ന സത് സംഘിൽ എന്റെ ക്ഷണം സ്വീകരിച്ചു വരികയും ഞങ്ങൾ – റവ. വത്സൻ തമ്പുവും സ്വാമിജിയും പരുമല പള്ളിയിലും കബറിലും സന്ദർശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തത് 2017J ൽ ആണ്. പിന്നെ ഞങ്ങൾ കണ്ടില്ല. പലപ്പോഴും ഫോൺ ചെയ്തു സംസാരിച്ചു. മതതീവ്രവാദികളായ രാഷ്ട്രീയക്കാർ അദ്ദേഹത്തിന്റെ പ്രായവും നിലപാടുകളും ശ്രദ്ധിക്കാതെ ക്രൂരമർദ്ധനത്തിനിടയാക്കിയ വാർത്തകൾ വന്നതും ഞാൻ ഫോണിൽ അദ്ദേഹവുമായി സംസാരിക്കുവാൻ ശ്രമിച്ചു. രണ്ടുദിവസം കഴിഞ്ഞു നേരിൽ സംസാരിച്ചു. ഭാരതത്തിന്റെ പൗരൻമാർക്ക് നിലപാടുകൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നഷ്ടമാകുന്നതിൽ വളരെ ഖിന്നനായിരുന്നു.

ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണത്തിൽ അതിശക്തമായി അദ്ദേഹം പ്രതികരിക്കുകയും ദേശീയമാധ്യമങ്ങളിൽ എഴുതുകയും ചെയ്തിരുന്നു. ഒരു നല്ല ആത്മമിത്രത്തെയാണ് നഷ്ടമായത്. കേരളത്തെ അദ്ദേഹം ആഴമായി സുഹൃത്തുക്കളിലൂടെ സ്നേഹിച്ചിരുന്നു. ഡോ. ജേക്കബ് വടക്കാഞ്ചേരിയുടെ പ്രകൃതി ചികിത്സാരീതിയുമായി സഹകരിച്ചിരുന്നു. ഭാരതത്തിനു വിവേകാനന്ദന് ശേഷം വിശ്വത്തെ ഭവനമായും മനുഷ്യരെ സഹോദരങ്ങളുമായി കണ്ട വിശ്വമാനവനായിരുന്നു സ്വാമിജി. ഗുരുവേ നമഃ. വിട പറയുന്നു. സമാധാനത്താലെ പോകുക.
ഫാ. ബിജു പി. തോമസ്