ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക.

Share News

“ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറാൻ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ല. ആത്മ വിശ്വാസത്തോടെ വയ്ക്കുന്ന ആദ്യ പടിയിൽ മാത്രം വെളിച്ചം ഉണ്ടായാൽ മതി. ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞു കൊള്ളും”

വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. ഇതിന്റെ പൊരുൾ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നിങ്ങളുടെ ജീവിതം അനുഗ്രഹീതമാകും.

Two Ways to Help Overcome Your Fear of the Future | Inc.com

ജീവിതത്തിലെ ഏറ്റവും വലിയ ഭയം ഏതാണെന്നറിയാമോ? പരാജയപ്പെടുമോ , തെറ്റിപ്പോകുമോ, മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള ഭയം. നമ്മിൽ പലരും നമുക്കുള്ള പല കഴിവുകളും കണ്ടെത്തുകയോ പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതിന് പ്രധാന കാരണം ഈ ഭയമാണ്. എനിക്ക് ആ ഉത്തരം അറിയാമായിരുന്നു, എനിക്ക് ഇതിലും നന്നായി പ്രസംഗിക്കാനറിയാമായിരുന്നു, ഞാൻ ഇതിലും നന്നായി പാടിയേനെ, എനിക്ക് ഇതിലും നല്ല ഭാഷയിൽ എഴുതാൻ കഴിയുമായിരുന്നു… എന്നൊക്കെ ചിലർ പറഞ്ഞു കേൾക്കാറില്ലേ ?എന്നിട്ടെന്തേ ഉത്തരം പറയാതിരുന്നത് ? എന്തേ പാടാതിരുന്നത് ? പ്രസംഗിക്കാതിരുന്നത് ? എഴുതാതിരുന്നത് ? എഴുതിയതുതന്നെ ആരെയും കാണിക്കാതെ വച്ചത് ! മത്സരത്തിൽ പങ്കെടുക്കാതിരുന്നത് ? ധൈര്യമുണ്ടായില്ല അല്ലെ ? എന്തിനാണ് ധൈര്യം ഇല്ലാതിരുന്നത്? തോറ്റുപോയാൽ അതിനെ നേരിടാൻ …തെറ്റിപ്പോയാൽ ഉണ്ടാകുന്ന ചമ്മൽ അഭിമുഖീകരിക്കാൻ…ആളുകളുടെ പരിഹാസങ്ങളുടെ മുന്നിൽ നിൽക്കാൻ …ധൈര്യമുണ്ടായില്ലതന്നെ. അതുകൊണ്ട് എഴുന്നേറ്റു നിന്നില്ല, ഒഴിഞ്ഞു മാറി, പലതിലും പങ്കെടുത്തില്ല. . അപ്പോൾ എന്ത് സംഭവിച്ചു? നിങ്ങളെ ആരും അറിഞ്ഞില്ല. ദൈവം നൽകിയ കഴിവുകളും സിദ്ധികളും കുഴിച്ചു മൂടപ്പെട്ടു. താലന്തുകൾ വിനിയോഗിക്കാനുള്ള ദൈവിക ദൗത്യം നിങ്ങൾ നിറവേറ്റിയില്ല. നിങ്ങളെക്കാൾ കഴിവ് കുറഞ്ഞ പലരും നിങ്ങളെ മറികടന്നു പടികൾ ചവിട്ടിക്കയറി മുകളിലേക്ക് പോയി. നിങ്ങൾക്ക് നൽകാൻ കരുതി വച്ചിരുന്ന പല അവസരങ്ങളും സാധ്യതകളും ആഗ്രഹവും പരിശ്രമവും ഉള്ള മറ്റൊരാൾക്ക് നൽകപ്പെട്ടു. നിങ്ങൾക്ക് തോന്നിയിട്ടും പറയാതിരുന്ന ഒരാശയം മറ്റാരെങ്കിലും പിന്നീട് പറയുന്നതായോ എഴുതുന്നതായോ നടപ്പിൽ വരുത്തുന്നതായോ കേൾക്കാനോ കാണാനോ ഇടയായെന്നു വന്നാൽ അത്ഭുതപ്പെടേണ്ടതില്ല. “ഇല്ലാത്തവനിൽ നിന്നെടുത്ത് ഉള്ളവന് നല്കിയതാണത്”. ധൈര്യം ഇല്ലാത്തവനിൽ നിന്ന്, പരിശ്രമം ഇല്ലാത്തവനിൽ നിന്ന് അവനു നല്കപ്പെട്ടവ കാലക്രമേണ എടുത്ത് മാറ്റപ്പെടുമത്രേ.

10 best 'Harry Potter' book covers from around the world — Harry ...

എന്നാൽ, ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യം ഏതാണെന്നറിയാമോ? പരാജയപ്പെടാനുള്ള ധൈര്യം..തെറ്റുകൾ വരുത്താനുള്ള ധൈര്യം..മറ്റുള്ളവരുടെ പരിഹാസത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം…ചമ്മാനും നാണം കെടാനുമുള്ള ധൈര്യം. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ച ആരുടേയും വിജയരഹസ്യം അതുതതന്നെയായിരുന്നു. വിമാനം കണ്ടു പിടിച്ച റൈറ്റ് സഹോദരങ്ങളും ബൾബ് കണ്ടു പിടിച്ച എഡിസണും റേഡിയോ കണ്ടു പിടിച്ച മാർക്കോണിയുമൊക്കെ അവരുടെ പരിശ്രമങ്ങൾക്കിടെ നിരവധി തവണ ആളുകളുടെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. KFC ചിക്കൻ കണ്ടു പിടിച്ച കേണൽ സാന്ഡേഴ്സ് തന്റെ മസാലക്കൂട്ട് അംഗീകരിക്കപ്പെടാൻ 1009 റസ്റ്ററന്റുകൾ കയറിയിറങ്ങേണ്ടി വന്നുവത്രേ ! ഇന്ന് ലോക പ്രശസ്തരായ പലരുടെയും ആദ്യ ഗ്രന്ഥങ്ങൾ പ്രസാധകർ പരിഹാസത്തോടെ തിരിച്ചയച്ചിട്ടുണ്ട്. ഉദ്ധാരണത്തിന്, ആദ്യത്തെ ഹാരിപോർട്ടർ പത്തു പ്രസാധകർ നിരസിച്ചതാണ്. പുലിസ്റ്റർ പ്രൈസ് നേടിയ “ഗോൺ വിത്ത് ദി വിൻഡ്”എന്ന പുസ്തകം നിരസിക്കപ്പെട്ടത് നാൽപ്പതു തവണയാണ്. അനേക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ” ദി “വിസാർഡ് ഓഫ് ഓസ്” എന്ന പ്രശസ്ത ഗ്രന്ഥം രചിച്ച ഫ്രാങ്ക് ബോം പ്രസാധകർ ആ പുസ്തകം നിരസിച്ചു കൊണ്ടയച്ച കത്തുകൾ തന്നെ പിന്നീട് ഒരു പുസ്തകമാക്കുകയുണ്ടായി.

എന്നാൽ, അവരൊക്കെ വീണ്ടും വീണ്ടും പരിശ്രമിക്കുകയും കുറവുകൾ പരിഹരിച്ചു മുന്നേറുകയും ചെയ്തു. താങ്കൾ ബൾബ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ 999 തവണ പരാജയപ്പെട്ടു പോയീ അല്ലെ എന്ന് പരിഹസിച്ച വ്യക്തിയോട് എഡിസൺ പറഞ്ഞതിങ്ങനെയാണല്ലോ.” അല്ല സുഹൃത്തെ, അത് പരാജയമായിരുന്നില്ല, എങ്ങനെ ബൾബ് ഉണ്ടാക്കാതിരിക്കാമെന്നു 999 തവണ ഞാൻ കണ്ടു പിടിക്കുകയായിരുന്നു”.കൊച്ചു കുട്ടി നടക്കാൻ പഠിക്കുന്നത് എപ്പോഴാണ്? വീഴാൻ ധൈര്യമുണ്ടാവുമ്പോഴാണ്. ഒരാൾ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതും ഉരുണ്ടു വീഴാൻ ധൈര്യമുണ്ടാകുമ്പോൾ മാത്രമാണ്. വീണെങ്കിലോ എന്ന് ഭയന്ന് ശ്രമിക്കാതിരുന്നെങ്കിൽ ഒരിക്കലും അത് സാധ്യമാകുമായിരുന്നില്ല.

Thomas Alva Edison : Thomas Edison Did Not Take The Resignation Of ...

ബഹിരാകാശത്ത് അഭിമാനപൂർവ്വം ഭൂമിയെ വലം വയ്ക്കുന്ന ഏതൊരു ഉപഗ്രഹത്തിന്റെയും യാത്ര ആരംഭിച്ചത് ഒരു സ്പാർക്കിൽ നിന്നാണ്. ഭൂമിയുടെ ഗുരുത്വകർഷണ ബലത്തെ അതിജീവിച്ച് ആദ്യം ഒന്നുയരുകയായിരുന്നു കോടിക്കണക്കിനു കിലോമീറ്ററുകൾ മുകളിലേക്കുള്ള യാത്രയിൽ ഉപഗ്രഹത്തിന് ഏറ്റം ശ്രമകരമായിരുന്നത്. അതിനു സാധ്യമായപ്പോൾ പിന്നീട് മുകളിലേക്കുള്ള ഓരോ നിമിഷങ്ങളും കൂടുതൽ കൂടുതൽ ആയാസകരമായി. പിറകോട്ടു വലിക്കുന്ന ചില ഭയങ്ങളുടെയും മുൻ വിധികളുടെയും ഗുരുത്വകർഷണങ്ങളെ രണ്ടും കൽപ്പിച്ച് മറികടക്കാൻ തയ്യാറായാൽ പിന്നീട് നിങ്ങൾ ജീവിതത്തിൽ അത്ഭുതങ്ങൾ ദർശിക്കും.

ഇനി ആദ്യം പറഞ്ഞ ഉദാഹരണത്തിലേക്കു വരാം. ഇരുട്ടാണ് എന്ന് സങ്കൽപ്പിക്കുക. നിങ്ങൾ ആയിരം പടികളുള്ള ഒരു ഗോവണിയുടെ അടുത്ത് വന്നു നിൽക്കുകയാണ്. നിങ്ങൾക്കതിന്റെ മുകളിൽ എത്താൻ ആഗ്രഹമുണ്ട്. എന്നാൽ ഇരുട്ടായതുകൊണ്ട് ഗോവണി എവിടെയെന്നു കാണാനാവുന്നില്ല. അപ്പോഴാണ് ഒരു മിന്നാമിനുങ്ങ് അതിന്റെ ആദ്യ പടിയിൽ വന്നിരുന്നു മിന്നിയത് എന്ന് കരുതുക. ആ കൊച്ചു വെളിച്ചത്തിൽ നിങ്ങൾ ആദ്യ പടി മാത്രം കണ്ടു. ധൈര്യമായി നിങ്ങൾ അതിലേക്കു കാലെടുത്തു വയ്ക്കാൻ തയ്യാറായാൽ മതി ബാക്കി പടികൾ നിങ്ങൾക്ക് മനസ്സിൽ കാണാനാകും. ഇപ്പോൾ വെളിച്ചമുള്ളതു നിങ്ങളുടെ ഉള്ളിലാണ്. നിങ്ങൾക്ക് തീർച്ചയായും ആയിരം പടികളും കയറാനാകും.

Firefly Photography – FireflyExperience

ചിലർ പറഞ്ഞേക്കാം, പ്രായമായി, പുതുതായി എന്തെങ്കിലും തുടങ്ങാനോ ചെയ്യാനോ സമയം കഴിഞ്ഞുപോയി എന്നൊക്കെ. എന്നാൽ, അവരറിയണം, കേണൽ സാന്ഡേഴ്സ് അറുപത്തിയഞ്ചാമത്തെ വയസ്സിലാണ് കെന്റക്കി ചിക്കൻ കണ്ടുപിടിച്ച് പ്രശസ്തനായത്. പ്രശസ്ത എഴുത്തുകാരനായ ജോർജ് ബർണാർഡ്ഷാ എഴുപത്തിയഞ്ചു വയസ്സ് പിന്നിട്ട ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകങ്ങൾ രചിച്ചത്. അണയുന്നതിനു മുൻപാണ് മെഴുകുതിരികൾ ഏറ്റവും പ്രകാശത്തോടെ ആളിക്കത്തുന്നന്നത്. മുള പൂത്തുലയുന്നത് അതിന്റെ ജീവിതത്തിന്റെ അവസാന വർഷത്തിലാണ്. എപ്പോൾ വേണമെങ്കിലും ഒരാൾക്ക് തന്നിലെ സിദ്ധികൾ വെളിപ്പെടുത്താനാകും എന്നർത്ഥം.

ഏറ്റവുമധികം സിദ്ധികളും സാധ്യതകളും മറഞ്ഞിരിക്കുന്ന സ്‌ഥലം ഏതെന്നറിയാമോ? സെമിത്തേരികളാണ്. മേൽപ്പറഞ്ഞ ഭയങ്ങൾ നിമിത്തം പുറം ലോകം കാണിക്കാതെ പലരും മരണം വരെ മറച്ചു വച്ച കഴിവുകളും സാദ്ധ്യതകളും കൂടിയാണ് അവരോടു കൂടെ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്.

പറഞ്ഞു വരുന്നതിതാണ്. ധൈര്യത്തോടെ ആദ്യ ചുവടു വയ്ക്കുകയാണ് പ്രധാനം. ചിലപ്പോൾ ഒന്ന് വേച്ച് പോകുമായിരിക്കും, മുട്ട് വിറയ്ക്കുമായിരിക്കും, നെഞ്ചിടിപ്പ് കൂടുമായിരിക്കും..പരിഹാസ ശരങ്ങളേറ്റു മുറിപ്പെടുമായിരിക്കും .സാരമില്ല..തീവ്രമായി ആഗ്രഹിക്കുന്നവർക്കും പരിശ്രമിക്കുന്നവർക്കും മുന്നിൽ പ്രപഞ്ച നിയന്താവ് സാധ്യതകളുടെ വാതിലുകൾ ഒന്നൊന്നായി തുറക്കുകയും ലക്ഷ്യത്തിലെത്താൻ തുണയ്ക്കാൻ അത്ഭുതകരമായ രീതിയിൽ പലരെയും യാത്രയിലുടനീളം ഒരുക്കി നിർത്തുകയും ചെയ്യും. സംശയമില്ല. അല്ലെങ്കിൽ ഇനിയും മടിക്കാതെ ലക്ഷ്യത്തിലേക്ക് ആദ്യ ചുവട് ഒന്ന് വച്ച് നോക്കൂ. യാതൊരു പിഴവും വരുത്താതെ നാളെ എന്തെങ്കിലും ചെയ്യാമെന്ന് കരുതി ഇന്ന് പാഴാക്കുന്നതിലും നല്ലത് അപൂർണ്ണതകളോടെയാണെങ്കിലും ഇന്ന് തന്നെ എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നതാണ്.

ഇതാ, ഇപ്പോൾ ഒരു മിന്നാമിനുങ്ങ് മിന്നുന്നുണ്ട്. ചെറു വെളിച്ചം കിട്ടിക്കഴിഞ്ഞു. ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക. കാരണം, പറഞ്ഞ വാക്കും എറിഞ്ഞ കല്ലും നഷ്ടപ്പെടുത്തിയ അവസരങ്ങളും പിന്നീടൊരിക്കലും തിരികെക്കിട്ടുകയില്ല .

ഫാ. സാബു തോമസ്
(ജോസഫ് കുമ്പുക്കൽ)
SH College Thevara

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു