
“താങ്ക്സ് ഗിവിങ്” ഉൽകൃഷ്ടമായ ഒരു അമേരിക്കൻ ആചാരം.
എല്ലാ വർഷവും നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കൻ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ആചാരമാണ് താങ്ക്സ് ഗിവിങ് . അമേരിക്കയിലെ മാസച്യുസ്സെറ്റ്സിലുള്ള ‘പ്ലിമത്ത് ‘ എന്ന പട്ടണത്തിൽ വന്നുപെട്ട ഒരു പറ്റം ദേശ സഞ്ചാരികളുടെ നന്ദി പ്രകടനത്തോടനുബന്ധിച്ചുള്ള സമൂഹ വിരുന്നായിട്ടാണ് താങ്ക്സ് ഗിവിങ്ങിന്റെ ചരിത്രം തുടങ്ങുന്നത്.

1620 സെപ്റ്റംബർ മാസം ആറാം തിയതി ഇംഗ്ലണ്ടിലെ പ്ലിമത്ത് എന്ന തുറ മുഖത്തുനിന്ന് “മെയ്ഫ്ലവർ” എന്ന് പേരുള്ള ഒരു ചെറിയ പായ്കപ്പൽ നിറയെ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും കപ്പൽ ജീവനക്കാരുമടങ്ങുന്ന കുറെ സഞ്ചാരികൾ പുതിയ പ്രകൃതി സമ്പത്തുകൾ തേടി യാത്ര പുറപ്പെട്ടു. പരസ്പരം ഇഷ്ടപ്പെടാത്ത രണ്ടു വിഭാഗം ആൾക്കാർ ആ കപ്പലിൽ ഉണ്ടായിരുന്നു, ‘വിശുദ്ധന്മാരും’, ‘അപരിചിതരും’. അറുപത്തിയാറു ദിവസത്തെ ക്ലേശപൂർണമായ യാത്രക്കൊടുവിൽ അങ്ങകലെ കരഭൂമി ദൃശ്യമായപ്പോൾ ഇരു കൂട്ടരും ഭിന്നത വെടിഞ്ഞു ഒന്നായി, “ദേശ സഞ്ചാരികൾ” എന്ന പേരും സ്വീകരിച്ചു. മാസച്യുസെറ്റ്സിലെ തന്നെ ‘കേപ്പ്കോഡ് ‘ എന്ന സ്ഥലം ആദ്യം കണ്ടെങ്കിലും അവർ കപ്പൽ അടുപ്പിച്ചതും താമസിച്ചതും പ്ലിമത്തിലാണ് . അവിടത്തെ സ്വദേശികളായ ‘വാമ്പനോഗ്’ വർഗത്തിൽപ്പെട്ട റെഡ് ഇന്ത്യക്കാർ ആ ദേശ സഞ്ചാരികൾക്കു ഭക്ഷണവും മറ്റു എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്തു. ചോളവും മറ്റു പച്ചക്കറികളും കൃഷി ചെയ്യാനും തണുപ്പ് കാലത്തു അവ കേടു കൂടാതെ സൂക്ഷിക്കുവാനുമുള്ള ഉപായങ്ങളും അവർക്കു പറഞ്ഞു കൊടുത്തു. ആദ്യത്തെ രണ്ടു മൂന്നു വര്ഷം പ്രശ്നങ്ങളില്ലാതെ കടന്നുപോയി എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ കൃഷി വളരെ മോശമായിരുന്നു. ദേശ സഞ്ചാരികളുടെ ഗവർണ്ണർ ആയിരുന്ന വില്യം ബ്രാഡ്ഫോർഡ് നല്ല മഴ ലഭിക്കാൻ വേണ്ടി എല്ലാവരോടും പ്രാർത്ഥിക്കാനും ഉപവസിക്കാനും ആഹ്വാനം ചെയ്തു. ആ വർഷം നവംബർ 29 നു എല്ലാവരുമൊരുമിച്ചുകൂടി അവർക്കു പ്രകൃതി നൽകിയ ഔദാര്യത്തിനു നന്ദി പറഞ്ഞുകൊണ്ട് ഒരു സമൂഹ സദ്യ നടത്തി ആഘോഷിച്ചു. ചോളം, ബാർലി , മത്തങ്ങാ, കടല, കുളക്കോഴി, മാനിറച്ചി, മൽസ്യം, ടർക്കി തുടങ്ങിയവയായിരുന്നു അന്നത്തെ വിഭവങ്ങൾ. അന്നവർ അതിനെ താങ്ക്സ് ഗിവിങ് എന്ന് വിളിക്കുകയോ ദൈവത്തിനു നന്ദി പറയുകയോ ചെയ്തില്ല. പ്രകൃതിയുടെ വരദാനത്തിനു അവർ എന്നും നന്ദിയുള്ളവരായിരുന്നു. അമേരിക്കയിൽ പലയിടത്തും പല സമയത്താണ് ഈ ആഘോഷം നടന്നിരുന്നത്. 1863 ൽ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ നവംബർ മാസത്തിലെ അവസാന വ്യാഴാഴ്ച താങ്ക്സ് ഗിവിങ് ദിവസമായി തീരുമാനിച്ചെങ്കിലും, പ്രസിഡണ്ട് ഫ്രാങ്ക്ളിൻ റൂസ്വെൽട് ഇതിനെ നവംബറിലെ മൂന്നാമത്തെ ആഴ്ചയാക്കുകയും, തുടർന്ന് 1941 ൽ ഈ ആഘോഷം നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാക്കി സ്ഥിരപ്പെടുത്തി ഒരു ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
മറ്റു അമേരിക്കൻ ആചാരങ്ങളെപ്പോലെ വളരെയേറെ വാണിജ്യവൽക്കരണം നടന്നിട്ടുണ്ടെങ്കിൽ കൂടി ആത്മബന്ധത്തിന്റെയും സൗഹൃദം പുതുക്കലിന്റെയും ഒരു കൂട്ടായ്മയായി താങ്ക്സ് ഗിവിങ് മാറിക്കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. കോടിക്കണക്കിനാളുകൾ ദീർഘദൂരം യാത്ര ചെയ്തു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്തു ചെലവിടുന്ന അവിസ്മരണീയമായ ഒരു ദേശീയാഘോഷം. അമേരിക്കൻ അഗ്രികൾച്ചറൽ ഡിപ്പാർട്മെൻറിന്റെ കണക്കനുസരിച്ചു ഏതാണ്ട് 46 മില്യൺ ടർക്കി കളാണ് കഴിഞ്ഞ വർഷം താങ്ക്സ് ഗിവിങിന് അമേരിക്കക്കാർ തിന്ന് തീർത്തത്!
മണിക്കൂറുകളോളം റോസ്റ് ചെയ്ത ടർക്കിയുടെ കൂടെ, “ഗ്രേവിയും,” “മാഷ്ഡ് പൊട്ടേറ്റോയും,” “ക്യാരറ്റും ,” “ക്യാൻബറി സോസും,” “പമ്പ്കിൻ പൈ” യുമെല്ലാമായി ജാതി മത വിഭാഗീയ ചിന്തകൾ വെടിഞ്ഞു തീൻ മേശക്കു ചുറ്റും കൈകോർത്തിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങുമ്പോൾ എല്ലാവരുടെയും മനസ്സിൽ പരമകാരുണികനായ ദൈവത്തോട് ഇത്രയെങ്കിലും പറയാനുണ്ടാകും , “ദൈവമേ ഈ വർഷം അങ്ങ് നൽകിയ ഔദാര്യങ്ങൾക്കെല്ലാം ഒരുപാടു, ഒരുപാടു നന്ദി” എന്ന്. എത്ര ഉത്കൃഷ്ടമായ ഒരു ആചാരം! (ഈ വര്ഷം നവംബർ 26 നാണു താങ്ക്സ് ഗിവിങ്}

-ഡോ. ജോർജ് മരങ്ങോലി