മദ്യവര്‍ജ്ജനം എന്ന അഴകൊഴമ്പന്‍ നിലപാട് (നയം)

Share News

കേരളം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും കേരളത്തിന്റെ പൊതുജീവിതത്തേയും സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ നിലവാരത്തെയും സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്ന ചോദ്യത്തിന് ഇടതുപക്ഷം പറയുന്നത് മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം എന്നാണ്. മദ്യവര്‍ജ്ജനവും മദ്യനിരോധനവും പ്രക്രിയയാണ്. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി സ്വമേധയാ വ്യക്തിതലത്തില്‍ എടുക്കേണ്ട നിലപാട് മാത്രമാണ്. അത് എങ്ങനെയാണ് ഒരു മുന്നണിയുടെ നിലപാടും മാനിഫെസ്റ്റോയുമായി മാറുന്നതെന്ന് മനസ്സിലാവുന്നില്ല.

ഇനി മദ്യവര്‍ജ്ജനം ഒരു നയമാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെ എങ്ങനെയാണ് അത് നടപ്പാക്കുക. ഇത് സംബന്ധിച്ച നിലപാടും മാര്‍ഗ്ഗനിര്‍ദ്ദേശവും എന്താണ്.? മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിച്ച് കഴിയുമ്പോള്‍ ജനം മദ്യം വര്‍ജ്ജിക്കുകയും മദ്യം വര്‍ജ്ജിക്കപ്പെടുന്നതോടെ മദ്യം ഉപയോഗിക്കുന്നവര്‍ ഇല്ലാതാകുകയും അങ്ങനെ മദ്യം വാങ്ങാനാളില്ലാതെ മദ്യഷാപ്പുകള്‍ പൂട്ടിപ്പോകും. മദ്യഷാപ്പുകള്‍ പൂട്ടിപ്പോകുന്നതോടെ മദ്യനിരോധനം നടപ്പില്‍വരും. ഇതാണ് മദ്യവര്‍ജ്ജനമെന്ന അഴകൊഴമ്പന്‍ നിലപാട്. മദ്യ മുതലാളിമാരും മദ്യവര്‍ജ്ജനവാദികളാണ്. അത് ഏറ്റുപാടുകയാണ് ചില രാഷ്ട്രീയ പ്രസ്ഥാനക്കാര്‍.

ആളുകള്‍ മദ്യം വര്‍ജ്ജിക്കാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രത്യേക മുന്നണിയെ എന്തിന് അധികാരത്തില്‍ എത്തിക്കണം. മദ്യത്തിന്റെ ഉല്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരവും കടമയും ഉത്തരവാദിത്വവും ഉള്ളത് സര്‍ക്കാരിന് മാത്രമാണ്. ഇക്കാര്യത്തില്‍ മുന്നണികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയനിലപാട് എന്താണ് എന്ന് വ്യക്തമാക്കപ്പെടണം. മദ്യലഭ്യത കുറച്ചു കൊണ്ട് വരുന്നതിന് നിലവിലുള്ള മദ്യനിരോധന നയം തുടരുമോ? അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമോ?

ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമോ? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടത്. അത് വ്യക്തമാക്കുന്നതിനു പകരം മദ്യവര്‍ജ്ജനത്തിലൂടെ മദ്യലഭ്യത കുറച്ചു കൊണ്ട് വരും എന്ന അഴകൊഴമ്പന്‍ നയം ആവര്‍ത്തിക്കുന്നത് ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമാണ്. മദ്യത്തിനെതിരെ ശക്തമായ പൊതുജനാഭിപ്രായം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിഷേധാത്മകനിലപാട് സ്വീകരിക്കുന്നത് ജനം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും.

ഈ രാജ്യത്ത് മദ്യം നിയന്ത്രിക്കാനും മദ്യം നിരോധിക്കാനും സര്‍ക്കാരുകള്‍ക്ക് മാത്രമേ സാധിക്കൂ. സര്‍ക്കാരുകളാണ് മദ്യനയം വര്‍ഷാവര്‍ഷം പ്രഖ്യാപിക്കുന്നത്. അങ്ങനെ പ്രഖ്യാപിക്കപ്പെടുന്നിടത്ത് മദ്യനിരോധനാധികാരം ഉപയോഗിക്കുമോ അതോ മദ്യം വര്‍ജ്ജിച്ചാല്‍ മാത്രം മതി എന്നുപറയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇവിടെ പ്രഖ്യാപിക്കപ്പെടുന്ന മദ്യനയം മദ്യനിരോധനത്തിലേക്ക് രാജ്യത്തെ ഘട്ടം ഘട്ടമായി കൊണ്ട് വരുവാന്‍ പര്യാപ്തമാകണം. മദ്യലഭ്യത കുറച്ചു കൊണ്ട് മാത്രമേ മദ്യം ഉപഭോഗം കുറയ്ക്കുവാന്‍ സാധിക്കൂ. ‘കിട്ടാനുള്ള എളുപ്പമാണ് കുടിക്കാനുള്ള പ്രേരണ നല്‍കുന്നതെന്ന്’ രാഷ്ട്രപിതാവയ മഹാത്മാഗാന്ധി പറഞ്ഞുവച്ചിട്ടുണ്ട്. ജനങ്ങള്‍ മദ്യം വര്‍ജ്ജിച്ചാല്‍ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും നിരോധനവും അപ്രായോഗികമാണ് എന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്താളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യരാജാക്കന്മാരുടെ താല്‍പര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ അത് മാനദണ്ഡമാക്കരുത്.

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് കേരളത്തിന് നല്ലത് എന്ന വാദം കാലാഹരണപ്പെട്ട ആശയമാണ്. ലോകത്തിലെ എല്ലാമതങ്ങളും ചരിത്രാതീതകാലം മുതല്‍പറഞ്ഞു പരാജയപ്പെട്ടതാണ്. മദ്യവര്‍ജ്ജനം. മദ്യപാനം ബ്രഹ്മഹത്യക്ക് തുല്യമായ പാപമാണെന്ന് ഹിന്ദുമതവും സകല തിന്മകളുടെയും താക്കോലാണെന്ന് ഇസ്ലാംമതവും മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് ക്രിസ്തുമതവും പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മതങ്ങള്‍ കൂടാതെ പ്രത്യയശാസ്ത്രങ്ങളും മദ്യത്തിനെതിരെ ശക്തമായ പ്രബോധനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ പഠനങ്ങളും പ്രബോധനങ്ങളും കൊണ്ട് മദ്യത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ‘മദ്യവര്‍ജ്ജനസിദ്ധാന്തം’ ജനങ്ങളെ കബളിപ്പിക്കാനുള്ള ചില രാഷ്ട്രീയകക്ഷികളുടെയും മദ്യവ്യവസായികളുടെയും ശുദ്ധതട്ടിപ്പാണ്.

ബീഹാര്‍, ഗുജറാത്ത്, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. മദ്യനിരോധനം അവിടെ പ്രായോഗീകമാണല്ലോ വേണ്ടത്ര രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഏത് തീരുമാനവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമാണ്. കൊലപാതകിക്ക് വധശിക്ഷ നല്കിയിട്ടും കൊലപാതകം കുറയുന്നില്ല. അതുകൊണ്ട് പ്രായോഗീകമല്ലെന്ന് പറഞ്ഞ് ശിക്ഷ ഒഴിവാക്കി ബോധവത്ക്കരണം മതിയെന്നുവച്ചാല്‍ എന്താകും സ്ഥിതി.

വ്യാജകറന്‍സി ഇപ്പോള്‍ 30 ശതമാനത്തിലധികം ഉണ്ടെന്നു കണ്ടെത്തിയതിനാല്‍ കള്ളനോട്ട് നിയമവിധേയമായി പ്രഖ്യാപിക്കാനൊക്കുമോ.? സ്ത്രീ പീഡനങ്ങള്‍ പെരുകുന്നതിനാല്‍ വേശ്യവൃത്തി നിയമവിധേയമാക്കുവാന്‍ കഴിയുമോ.? ഒരു നിരോധനവും പൂര്‍ണ്ണമായി വിജയിക്കണമെന്നില്ല. അതുകൊണ്ട് അപ്രയോഗീകം എന്നവാദം ഉയര്‍ത്തരുത്. ഒരു രാജ്യത്തിന്റെ ധാര്‍മ്മിക നിലവാരം കാത്തുസൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്.

രാഷ്ട്രപിതാവായ ഗാന്ധിജി ‘മദ്യവര്‍ജ്ജനമല്ല, നിരോധനം തന്നെവേണം’ എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഒരു പത്രലേഖകന്‍ ഗാന്ധിജിയോട് ചോദിച്ചു. മദ്യപനെ ഉപദേശിച്ചു പിന്മാറ്റുകല്ലേ നല്ലത്? ഗാന്ധിജിയുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ കുട്ടി തീയില്‍ ചാടുവാന്‍ പോകുകയാണെന്ന് വിചാരിക്കുക നിങ്ങള്‍ എന്തുചെയ്യും. അവനെ ഉപദേശിച്ചു മാറ്റുവാന്‍ ശ്രമിക്കുമോ അതോ ഓടിച്ചെന്ന് ബലം പ്രയോഗിച്ച് പിന്മാറ്റുമോ?” മദ്യവര്‍ജ്ജനമല്ല മറിച്ച് മദ്യനിരോധനം തന്നെ വേണമെന്നാണ് ഗാന്ധിജി പറഞ്ഞുവച്ചത്. ജനങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തേയും ജീവിത നിലവാരത്തെയും കുറിച്ച് ആശങ്കയും ജാഗ്രതയുമുള്ള രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും മദ്യനയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കും.

ഇന്ത്യയുടെ മുഴുവന്‍ ഏകാധിപതിയായി ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ നിയമിക്കപ്പെടുമെങ്കില്‍ ഞാന്‍ ചെയ്യുന്ന ഒന്നാമത്തെകാര്യം പ്രതിഫലം കൊടുക്കാതെ ഇന്ത്യയിലെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടുമെന്നാണ് ഗാന്ധിജി 1931 ഏപ്രില്‍ 25 ന് പ്രസിദ്ധീകരിച്ച ‘യംഗ് ഇന്ത്യ’യില്‍ പറഞ്ഞുവെയ്ക്കുന്നത്. ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പത്തിന്റെ അടിത്തറ മദ്യരഹിതമായ ഭാരതം എന്നതായിരുന്നു. ഗാന്ധിജി മദ്യപാനത്തെ വ്യഭിചാരത്തേക്കാളും മോഷണത്തേക്കാളും മ്ലേച്ഛമായ തിന്മയായി കണ്ടു. ‘ജനങ്ങളുടെയിടയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും ആ പ്രചാരവേലയുടെ ഫലമായി കുടിക്കുന്ന ശീലമുള്ളവര്‍ മദ്യഷാപ്പുകളില്‍ ചെല്ലാതാവുകയും ചെയ്താല്‍ മദ്യഷാപ്പുകള്‍ ഇല്ലാതായിത്തീരുമെന്ന് നിങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്റെ അനുഭവങ്ങള്‍ മറിച്ചാണ്. അതുകൊണ്ട് മദ്യവര്‍ജ്ജന ശ്രമങ്ങള്‍ക്കൊപ്പം മദ്യനിരോധന പ്രവര്‍ത്തനങ്ങളും നടത്തണം (യംഗ് ഇന്ത്യ 18/04/1929).

പിന്നാക്കക്കാരനും അധ്വാനിക്കുന്നവരും എക്കാലവും പാവങ്ങളായി തുടരണം. അതിന് അവരുടെ ആരോഗ്യം ക്ഷയിക്കണം. ബുദ്ധി മരവിച്ച് കിടക്കണം. സുബോധം നശിക്കണം. സമ്പാദ്യം വഴിതിരിച്ചുവിടണം. അത്തരക്കാര്‍ ഒരിക്കലും പൊതുധാരയിലെത്തരുത്. അതിനുള്ള ധനാഢ്യന്മാരുടെയും മാഫിയകളുടെയും ഗൂഢതന്ത്രം മദ്യം, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനമാണ്. മദ്യനിരോധനത്തെ എതിര്‍ക്കുന്നവരും ഇവരോടൊപ്പം ചേരുകയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിലപാട് ഒരിക്കലും സ്വീകരിക്കരുത്. ലോകത്തെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലിക തത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ്. അത് മറക്കരുത്. മദ്യരഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യവര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചു പോകണം.അതാണ് ഫലപ്രദവും പ്രായോഗികവുമായ മദ്യനയം.
………………………………………………….

Adv.Charly-Photo

അഡ്വ. ചാർളി പോൾ MA LLB, DSS

Share News